ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട കേന്ദ്ര ആഭ്യന്തര സെക്രട്ടറി തലവനായ ഉന്നതതല സമിതി ആദ്യ യോഗം ചേർന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഉന്നത പ്രതിനിധികളും പോലീസ്, വ്യോമയാന മേഖലയിലെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുമടങ്ങുന്നതാണ് ഉന്നതതല സമിതി.
അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനായി സമിതി വിശദമായ അന്വേഷണം നടത്തുന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ചയായി.
സാങ്കേതിക തകരാറുകൾ, മാനുഷിക പിഴവ്, കാലാവസ്ഥാ സാഹചര്യങ്ങൾ, സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിലെ വീഴ്ച എന്നിവയിലെല്ലാം സമിതി അന്വേഷണം നടത്തും. അടിസ്ഥാനതല വിലയിരുത്തൽ നടത്തുന്നതിനായി സമിതി അപകടസ്ഥലം നേരിട്ടു സന്ദർശിക്കുമെന്നും സൂചനകളുണ്ട്.