കോൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.
വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ നഗരങ്ങളിലും മെഡിക്കൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജുകളിലും പ്രകടനങ്ങൾ നടന്നു. കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്നലെ രാജ്യവ്യാപകമായി 24 മണിക്കൂർ പണിമുടക്കി.
ഇന്നലെ രാവിലെ ആറുമുതൽ ഇന്നു രാവിലെ ആറുവരെയായിരുന്നു സമരം. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനിലെ ഇന്ത്യൻ ഡോക്ടർമാർ കേന്ദ്രസർക്കാരിനു കത്തെഴുതി.
സമരം അവസാനിപ്പിച്ച് ജോലിക്കു ഹാജരാകാൻ മധ്യപ്രദേശ് ഹൈക്കോടതി ഇന്നലെ സമരക്കാരോടു നിർദേശിച്ചു. സമരം ചെയ്യുന്നതിനു പകരം ആശങ്കകൾ കോടതിയെ ധരിപ്പിക്കാനാണു നിർദേശം.
പഞ്ചാബിലും ഹരിയാനയിലും ബിഹാറിലും അത്യാഹിത വിഭാഗമൊഴികെ ഇന്നലെ മുടക്കി. ഐഎംഎയും ഗുജറാത്ത് ജൂണിയർ ഡോക്ടേഴ്സ് അസോസിയേഷനും സംയുക്തമായി ആഹ്വാനം ചെയ്ത സമരം സംസ്ഥാനത്തെ ആരോഗ്യമേഖലയെ നിശ്ചലമാക്കി. വടക്കു-കിഴക്കൻ സംസ്ഥാനങ്ങളായ നാഗാലാൻഡ്, മിസോറം എന്നിവിടങ്ങളിലും പ്രതിഷേധം ശക്തമാണ്.