ന്യൂഡൽഹി: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾകൂടി രൂപീകരിക്കാൻ കേന്ദ്രസർക്കാർ. സണ്സ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണു പുതിയ ജില്ലകളെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു.
നിലവിൽ ലെ, കാർഗിൽ എന്നീ രണ്ടു ജില്ലകളാണ് ലഡാക്കിലുള്ളത്. പുതിയ ജില്ലകൾകൂടി വന്നതോടെ മേഖലയിലെ ജില്ലകളുടെ എണ്ണം ഏഴായി ഉയരും. വികസിത ലഡാക്ക് എന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിന്റെ ഭാഗമായാണു പുതിയ ജില്ലകൾ രൂപീകരിച്ചതെന്ന് അമിത് ഷാ സമൂഹമാധ്യമത്തിൽ കുറിച്ചു.
പുതിയ ജില്ലകളിൽ ഭരണം ശക്തിപ്പെടുത്തി ലഡാക്കിലെ ജനതയ്ക്ക് തങ്ങളുടെ ആനുകൂല്യങ്ങൾ വീട്ടുപടിക്കൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഡാക്കിൽ ഭരണം കൂടുതൽ സുഗമമാക്കുന്നതിനും ആനുകൂല്യങ്ങൾ എളുപ്പത്തിലാക്കുന്നതിനും മെച്ചപ്പെട്ട ഭരണത്തിനുമായുള്ള ചുവടുവയ്പാണു പുതിയ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചു.
ലഡാക്കിനെ പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യവുമായി ലെ അപെക്സ് ബോഡി, കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് നേതാക്കൾ ഡൽഹിയിലേക്കു കാൽനടയാത്ര നടത്താനിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. സെപ്റ്റംബർ ഒന്നിനാണ് ഈ ആവശ്യം ഉന്നയിച്ചു നേതാക്കളുടെ മാർച്ച് ആരംഭിക്കുന്നത്.
ജമ്മു-കാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണു പുതിയ ജില്ലകൾ രൂപീകരിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
2019 ലാണ് ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി കേന്ദ്രസർക്കാർ റദ്ദാക്കിയത്. തുടർന്ന് ജമ്മു-കാഷ്മീർ, ലഡാക്ക് എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയായിരുന്നു.