അഹമ്മദാബാദ്: അഹമ്മദാബാദിൽ വിമാനാപകടം നടന്നസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തം നേരിട്ട് വിലയിരുത്തി. ഉന്നത ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
തൊട്ടടുത്ത സിവില്‍ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെ ആശ്വസിപ്പിച്ചു. അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ രമേശിനെയും പ്രധാനമന്ത്രി കണ്ടു.
ഗാന്ധിനഗറില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി അടക്കം പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരുകയാണ്. രാജ്ഭവനില്‍ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുമെന്നാണ് വിവരം.
അപകടത്തില്‍ മരിച്ച മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വസതിയിലും അദ്ദേഹം എത്തുമെന്നാണ് വിവരം. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ ആഭ്യന്തരമന്ത്രി അമിത് ഷായോടും വ്യോമയാനമന്ത്രിയോടും പ്രധാനമന്ത്രി വിവരങ്ങൾ തേടിയിരുന്നു. സന്ദർശനത്തിന് മുന്നോടിയായി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനുമായി പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു.