ന്യൂഡൽഹി: പത്തുവയസുകാരന്റെ സ്കൂൾ ബാഗിൽനിന്നു തോക്ക് കണ്ടെത്തിയതായി ഡൽഹി പോലീസ്. കഴിഞ്ഞദിവസം സ്കൂൾ അധികൃതരാണു തോക്ക് കണ്ടെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. കുറച്ചു നാളുകൾക്കുമുന്പ് കുട്ടിയുടെ മരിച്ചുപോയ പിതാവിന്റെ തോക്കാണ് സ്കൂളിൽ കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. തോക്കിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടി ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ കൈവശം എങ്ങനെയാണ് തോക്ക് എത്തിയതെന്നതടക്കമുള്ള വിഷയങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ മേയ് മാസം ഉത്തർപ്രദേശിലെ ഉന്നാവോയിൽ സമാനമായി പത്തുവയസുകാരന്റെ കൈവശം തോക്ക് കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ച കുട്ടി തന്റെ 16 വയസുള്ള സഹോദരിയെ അബദ്ധത്തിൽ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ബിഹാറിൽ അഞ്ചുവയസുകാരൻ സ്കൂളിൽ കൊണ്ടുവന്ന തോക്ക് ഉപയോഗിച്ച് സഹപാഠികൾക്കുനേരേ വെടിയുതിർത്തിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി കുട്ടികളുടെ ഭാഗത്തുനിന്ന് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.