ന്യൂഡൽഹി: രാജ്യത്തു വിറ്റിരുന്ന 156 മരുന്നുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. പനി, ജലദോഷം, അലർജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റിബാക്ടീരിയൽ മരുന്നുകൾ ഉൾപ്പെടെ ഫിക്സഡ് ഡോസ് കോന്പിനേഷൻ (എഫ്ഡിസി) മരുന്നുകൾക്കാണു നിരോധനം.
മുടിവളർച്ചയ്ക്കും ചർമസംരക്ഷണത്തിനും ഉപയോഗിക്കുന്ന മരുന്നുകളും ഇക്കൂട്ടത്തിലുണ്ട്. മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കായി കേന്ദ്രസർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ നിർദേശപ്രകാരമാണു വിലക്ക്.
ഇത്തരം മരുന്നുകൾ അപകടസാധ്യത ഉള്ളതാണെന്നും ഇവയ്ക്കു പകരം സുരക്ഷിതമായ ബദൽ മരുന്നുകൾ വിപണിയിൽ ലഭ്യമാണെന്നും സമിതി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
വേദനസംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക് 50 എംജി, പാരസെറ്റാമോൾ 124 എംജി എന്നീ കോന്പിനേഷൻ മരുന്നുകളും നിരോധിച്ചവയിൽ ഉൾപ്പെടും. മെഫെനാമിക് ആസിഡ് പാരസെറ്റാമോൾ ഇൻജക്ഷൻ, സെറ്റിറൈസിൻ എച്ച്സിഎൽ പാരസെറ്റാമോൾ ഫെനൈലെഫ്രിൻ എച്ച്സിഎൽ, ലെവോസെറ്റിറൈസിൻ ഫെനൈലെഫ്രിൻ എച്ച്സിഎൽ പാരസെറ്റാമോൾ, പാരസെറ്റാമോൾ ക്ലോർഫെനിറാമൈൻ മലേറ്റ് ഫിനൈൽ പ്രൊപനോലമൈൻ, കാമിലോഫിൻ ഡൈഹൈഡ്രോക്ലോറൈഡ് 25 മില്ലിഗ്രാം, പാരസെറ്റാമോൾ 30 തുടങ്ങിയവ നിരോധിച്ച പട്ടികയിലുണ്ട്.