തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എൽഡിഎഫിലെ പ്രധാന കക്ഷികൾ അടക്കം പ്രതിഷേധം ശക്തമാക്കുന്ന സാഹചര്യത്തിൽ രഞ്ജിത്തിന്റെ രാജി സാധ്യത വർധിക്കുകയാണ്.
പ്രിഷേധം ശക്തമാകുന്നതിനിടെ രഞ്ജിത്തിനെ ചലചിത്ര അക്കാദമി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇക്കാര്യം എൽഡിഎഫ് നേതൃത്വത്തെ സിപിഐ അറിയിച്ചിട്ടുണ്ട്.
ആരോപണവിധേയനായ രഞ്ജിത്തിനെ സംരക്ഷിക്കരുത്. അദ്ദേഹത്തെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്നും സിപിഐ വ്യക്തമാക്കി.
അതേസമയം രഞ്ജിത്ത് രാജിവച്ചില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്ന് എഐവൈഎഫ് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി എഐവൈഎഫ് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.
സിപിഐ നേതാവ് ആനി രാജയും രഞ്ജിത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. സിപിഐ അടക്കമുള്ള എൽഡിഎഫിലെ പ്രധാനപ്പെട്ട കക്ഷികൾ നിലപാട് കടുപ്പിച്ചതോടെ രഞ്ജിത്തിനും സിപിഎമ്മിനും മേൽ സമ്മർദം കനക്കുകയാണ്.
രഞ്ജിത്ത് സ്ഥാനത്ത് തുടരുന്നതിൽ എൽഡിഎഫിൽ പ്രതിഷേധം ശക്തമാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനിടെ രഞ്ജിത്തിന്റെ രാജി സംബന്ധിച്ച് ഭരണതലത്തിൽ തിരക്കിട്ട ചർച്ചകഴൾ നടക്കുന്നതായി വിവരമുണ്ട്.