തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പുറത്തു വിട്ട ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കമ്മിറ്റിയിൽ മൊഴി നൽകിയ ഏതെങ്കിലും വനിത പരാതി നൽകാൻ തയാറായി മുന്നോട്ടു വന്നാൽ സിനിമയിലെ എത്ര ഉന്നതനായാലും നിയമത്തിനു മുന്നിലെത്തിക്കുമെന്നും സർക്കാരിൽനിന്ന് ഉചിതമായ ഇടപെടലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഒരു തരത്തിലുള്ള സംശയവും ആർക്കും വേണ്ടതില്ലെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോർട്ടിലെ ഉള്ളടക്കം രഹസ്യമായി സൂക്ഷിക്കണമെന്ന് ജസ്റ്റീസ് ഹേമ കത്തിലൂടെ സർക്കാരിനെ അറിയിച്ചിരുന്നു. മൊഴി നൽകിയവരുടെ സ്വകാര്യത സംരക്ഷിക്കണമെന്ന ആവശ്യവുമുണ്ട്. ഇതിലെ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണമെന്ന ശിപാർശ ഹേമ കമ്മിറ്റി മുന്നോട്ടു വച്ചിട്ടില്ല. ഈ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കേണ്ടതില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന വിൻസൻ എം. പോളിന്റെ ഉത്തരവുമുണ്ട്.
ഈ റിപ്പോർട്ടിലെ ഉള്ളടക്കം രഹസ്യാത്മകമായി സൂക്ഷിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ഈ ഉത്തരവിനെ മറികടന്നാണ് വിവരാവകാശ കമ്മീഷണർ ഇപ്പോൾ ഉത്തരവ് നൽകിയത്. മുൻപു സാംസ്കാരിക വകുപ്പിനോട് അഭ്യർഥിച്ചിരുന്നപ്പോഴും രഹസ്യമായി സൂക്ഷിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരു രേഖയാണ് പോലീസിന് ലഭിച്ചത്.
കംപ്യൂട്ടർ പരിജ്ഞാനമുള്ള ഒരു സ്റ്റെനോഗ്രാഫറുടെ സഹായം പോലുമില്ലാതെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയാറാക്കിയത്. സാക്ഷികൾ കമ്മിറ്റിക്കു മുന്നിൽ പറഞ്ഞ പല കാര്യങ്ങളും രഹസ്യ സ്വഭാവമുള്ളവയാണ്. ഇതു കമ്മിറ്റിയുമായി പങ്കുവച്ചത് സാക്ഷികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസംകൊണ്ടാണ്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് പ്രഫഷണൽ ടൈപ്പിംഗ് അറിയാഞ്ഞിട്ടും കമ്മിറ്റി അംഗങ്ങൾ സ്വന്തമായി ടൈപ്പ് ചെയ്തത്.
വ്യക്തികൾ കമ്മിറ്റിക്കു മുന്നിൽ വെളിപ്പെടുത്തിയ ഏതെങ്കിലും വിവരങ്ങൾ ചോർന്ന് വിവാദമാകുന്നത് തടയേണ്ടതിന്റെ അനിവാര്യത റിപ്പോർട്ടിൽതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ നടി ആക്രമിക്കപ്പെട്ട സംഭവം ഉൾപ്പെടെ ചലച്ചിത്രരംഗത്ത് ഉയർന്ന ഒരു വിഷയവും നിയമനടപടി ഇല്ലാതെ പോയിട്ടില്ല. പീഡനപരാതികളിൽ, നടിമാർ നൽകുന്ന പരാതികളിൽ കേസെടുത്ത് അന്വേഷണം നടത്താൻ പോലീസ് ഒരു ഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ല.
സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സംവിധായകൻ പീഡിപ്പിച്ചുവെന്ന് പരാതിയിൽ ഉടനടി കേസെടുത്ത് അന്വേഷിച്ചു. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനം നടത്തിയ പ്രമുഖ നടനെതിരേ കേസെടുത്തു. നടിയോട് ലൈംഗികതാത്പര്യത്തോടെ സമ്മർദം ചെലുത്തിയ മറ്റൊരു നടനെതിരേയും കേസെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.