വന്യജീവികള്‍ നാട്ടിലിറങ്ങി ജനങ്ങളുടെ സ്വത്തിനും ജീവനും ഭീക്ഷണി സൃഷ്ടിക്കുന്നു എന്നതാണല്ലോ ഇന്നു നമ്മുടെ നാട് നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. ചില വ്യക്തികളും സംഘടനകളും എല്ലാം ഈ വിഷയം പലപ്പോഴും താത്കാലിക നേട്ടങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനെതിരായി ഉപയോഗിക്കാറുണ്ട്. കാടിറങ്ങി വരുന്ന വന്യജീവികളെ നിര്‍ദാക്ഷിണ്യം കൊല്ലണമെന്ന വാദവും പലരും ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ടു നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യവും ഉയരുന്നു. ഇതിന്റെ യാഥാര്‍ഥ്യവും വസ്തുതകളും ജനങ്ങള്‍ക്കു ബോധ്യപ്പെടേണ്ടതായതിനാലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
മാനവരാശിയുടെ ആരംഭകാലം മുതല്‍തന്നെ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ടുണ്ട്. കാട് കൈയേറി മൃഗങ്ങളെ വേട്ടയാടി ഭക്ഷണമാക്കിയിരുന്ന കാലത്തുനിന്നു നമ്മള് ബഹുദൂരം മുന്നേറിക്കഴിഞ്ഞു. കാടും പ്രകൃതിയും അതിന്റേതായ ആവാസ വ്യവസ്ഥകളും നിലനിന്നെങ്കില്‍ മാത്രമേ മനുഷ്യനും നിലനില്‍പ്പുള്ളൂ എന്ന വസ്തുത നമ്മള് മനസിലാക്കി. ഉരുള്‍പൊട്ടലും ഭൂചലനങ്ങളും എല്ലാം ആവര്‍ത്തിച്ച് അതിന്റെ ദുരന്തഫലം അനുഭവിക്കുമ്പോള്‍ പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകത നമുക്ക് കൃത്യമായി ബോധ്യപ്പെട്ടിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും വന്യജീവി ആക്രമണം ഒഴിവാക്കുന്നതിനും മനുഷ്യനും വന്യജീവികളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഇല്ലാതാക്കുന്നതിനും നിയമത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നു സര്‍ക്കാര്‍ കഴിയാവുന്നതെല്ലാം ചെയ്തിട്ടുണ്ട്; ചെയ്യുന്നുമുണ്ട്. അതില്‍ പ്രധാനമാണ് കാട്ടുപന്നികളെ നശിപ്പിക്കാനുള്ള അനുമതി നല്‍കാനുള്ള തീരുമാനം.
തദ്ദേശസ്ഥാപന അധ്യക്ഷന്മാര്ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന്മാരുടെ അധികാരം നല്കി. ഇതു നടപ്പാക്കിയശേഷം ഇതുവരെ 5,091 കാട്ടുപന്നികളുടെ ശല്യം അവസാനിപ്പിക്കാന്‍ സാധിച്ചു. ജനവാസമേഖലകളില്‍ ഭീഷണി സൃഷ്ടിച്ച കാട്ടാനകളെ മയക്കുവെടി വച്ച് പിടികൂടി. മൂന്നാര്‍ ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പനെ പിടികൂടി ഉള്‍വനത്തില്‍ കൊണ്ടുവിട്ടു. മാനന്തവാടിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. മൂന്നു കടുവകളെ പിടികൂടി തൃശൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്കും ഒന്നിനെ തൃശൂര്‍ മൃഗശാലയിലേക്കും ഏഴ് കടുവകളെ വയനാട്ടിലെ ആനിമല്‍ ഹോസ്പൈസ് സെന്ററിലേക്കും മാറ്റി. വയനാട്ടിലെ നരഭോജിക്കടുവയെ വെടിവച്ചു കൊല്ലാന്‍ ഉത്തരവ് നല്‍കിയിരുന്നെങ്കിലും കടുവ ചത്തുപോയതിനാല്‍ അതു നടപ്പാക്കേണ്ടിവന്നില്ല.
വന്യമൃഗങ്ങള്‍ക്കു പുറമേ മറ്റൊരു ഭീഷണി പാമ്പുകളാണ്. പാമ്പുകടിയേറ്റുള്ള മരണനിരക്ക് അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ‘പാമ്പ് വിഷബാധ ജീവഹാനിരഹിത കേരളം’ എന്ന പദ്ധതിയാണ് ഇതിനായി ആവിഷ്കരിച്ചത്. ഇതിനു പുറമെ ‘മിഷന് സര്‍പ്പ’ എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട് . ആന്റിവെനം ഉത്പാദനവും വിതരണവും ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 2024ല്‍ മാത്രം 16,453 പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
കാലതാമസമില്ലാതെ അര്‍ഹമായ നഷ്ടപരിഹാരം
വന്യമൃഗ ആക്രമണംമൂലം ജീവന് നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സ്വത്ത്-കൃഷി നാശം സംഭവിച്ചവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം കാലതാമസമില്ലാതെതന്നെ കൊടുക്കുന്നു എന്നത് ഉറപ്പുവരുത്തി. 2020-21 മുതല്‍ 2023-24 വരെ ലഭിച്ച 33,784 അപേക്ഷകളില്‍ 5,584.35 ലക്ഷം രൂപ അനുവദിച്ചു. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതു തടയുന്ന പ്രവര്‍ത്തനമാണ് മറ്റൊരു പ്രധാന കാര്യം. 2021-22 മുതല്‍ 2023-24 വരെ 1,444.20 ലക്ഷം രൂപ ഇതിനായി മാത്രം വിനിയോഗിച്ചു. സോളാര്‍ വേലി നിര്‍മാണം, ആനക്കിടങ്ങ്, ആനപ്രതിരോധ മതില്, സോളാര്‍ തൂക്കുവേലി, ചുറ്റുമതില്‍, ഇരുമ്പുവേലി തുടങ്ങിയവയുടെ നിര്‍മാണമാണ് അതില്‍ പ്രധാനം. പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന മിഷന് ഫെന്‍സിംഗ് പദ്ധതി പ്രകാരം 848 കിലോമീറ്ററില്‍ സൗരോര്‍ജവേലി സ്ഥാപിച്ചു.
നൂതന സാങ്കേതികവിദ്യ
നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്യമൃഗഭീഷണി തടയാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. നിലവിലുള്ള ദ്രുതകര്‍മ സേനകള്‍ക്കു പുറമെ ഒന്‍പത് ഫോറസ്റ്റ് ഡിവിഷനുകളില്കൂടി ദ്രുതകര്‍മ സേനകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതോടെ വനംവകുപ്പിനു കീഴിലുള്ള ദ്രുതകര്‍മ സേനകളുടെ എണ്ണം 28 ആയി. വന്യമൃഗങ്ങളുടെ സാമീപ്യത്തെക്കുറിച്ച് ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കാനും വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏര്‍ളി വാണിംഗ് സിസ്റ്റം, എസ്എംഎസ് അലര്‍ട്ട് സിസ്റ്റം തുടങ്ങിയവയെല്ലാം അതില്‍ ചിലതാണ്.
മനുഷ്യനും വന്യജീവികളും തമ്മില്‍ നേര്‍ക്കുനേര്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പരമാവധി ഒഴിവാക്കാനും ഇല്ലാതാക്കാനും വനംവകുപ്പും സര്‍ക്കാരും സ്വീകരിച്ച നടപടികളില്‍ ചിലതാണ് മുകളില്‍ സൂചിപ്പിച്ചത്.
window.bsrvtag=window.bsrvtag || {cmd: []};
window.bsrvtag.cmd.push(function(adObj) {
adObj.AdSlot(‘bsrv-7536’);
adObj.Meta(‘/bsrvptr476/bsrvplr555/bsrvadu7536/BSRV-AD-deepika.com-Direct-FOC-STDB-1×1’);
adObj.CacheBuster(‘%%CACHEBUSTER%%’);
adObj.UserConsent(‘0’);
adObj.Domain(‘Deepika.com’);
adObj.ClickUrl(‘%%CLICK_URL_UNESC%%’);
adObj.ViewURL(‘%%VIEW_URL_UNESC%%’);
adObj.Execute();
});
ഇനി ചില സംഘടനകളും വ്യക്തികളും ഉയര്‍ത്തുന്ന ആരോപണങ്ങളെക്കുറിച്ചാണ്. നാട്ടിലിറങ്ങുന്ന വന്യജീവികളെ എല്ലാം വെടിവച്ച് കൊല്ലാന്‍ ഉത്തരവിറക്കണമെന്നാണ് വൈകാരികമായി പലരും പ്രതികരിക്കുന്നത്. ജനങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കുന്ന വന്യജീവികളെ നശിപ്പിക്കണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍, ഈ വിഷയത്തില്‍ കേന്ദ്രനിയമം മാറാതെ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന കാര്യം ആരോപണമുന്നയിക്കുന്നവര്‍ മനഃപൂര്‍വം മറക്കുന്നു. വന്യജീവികളുടെ സംരക്ഷണവും അവയെ വേട്ടയാടുന്നത് സംബന്ധിച്ചും വ്യക്തമായ കേന്ദ്രനിയമങ്ങള്‍ നിലനില്‍ക്കുകയാണ്.
കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍
വനത്തിന് പുറത്തിറങ്ങുന്ന വന്യജീവികളെ കൊല്ലാന്‍ അധികാരം നല്‍കണമെന്നാണ് മറ്റൊരു വാദം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 2 (36) പ്രകാരം വന്യമൃഗം എന്നാല്‍ നിയമത്തിന്റെ പട്ടിക ഒന്ന്, പട്ടിക രണ്ട് എന്നിവയില്‍ ഉള്‍പ്പെട്ട എല്ലാ മൃഗങ്ങളും എന്നാണ് നിര്‍വചനം. അപ്രകാരം ഈ പട്ടികയില്‍ ഉള്‍പ്പെട്ട ഏത് മൃഗവും വനത്തിനകത്തായാലും പുറത്തായാലും വന്യമൃഗം തന്നെയാണ്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീഡിയര്‍ (എസ് ഒപി) പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്.
കടുവയോ പുലിയോ നാട്ടിലിറങ്ങിയാല്‍ ആറംഗ സമിതി രൂപീകരിക്കണം. ഇതില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയുടെ പ്രതിനിധി, മൃഗഡോക്ടര്‍, തദേശ സ്ഥാപന പ്രതിനിധി, പ്രദേശത്തെ എന്‍ജിഒ പ്രതിനിധി, ഡിഎഫ്ഒ തുടങ്ങിയവര്‍ ഉണ്ടായിരിക്കണം. കാമറയുടെ സഹായത്താല്‍ ആക്രമണം നടത്തിയ വന്യമൃഗത്തെ തിരിച്ചറിയണം. അതിനുശേഷം ഓട്ടോമാറ്റിക് വാതിലുള്ള കെണി (കൂട്) വയ്ക്കാന്‍ നടപടി സ്വീകരിക്കണം. സ്ഥലത്ത് 144 പ്രഖ്യാപിച്ച് ജനങ്ങളെ നിയന്ത്രിക്കണം. കൂട് അഥവാ കെണി വച്ചിട്ടും ഫലമില്ലെങ്കില്‍ മാത്രം മയക്കുവെടി വയ്ക്കാന്‍ നിര്‍ദേശിക്കാം. മയക്കുവെടി വയ്ക്കപ്പെട്ട കടുവ അല്ലെങ്കില്‍ പുലി ആരോഗ്യമുള്ളതാണോ എന്ന് മേല്‍പ്പറഞ്ഞ സമിതി പരിശോധിച്ച് ഉറപ്പു വരുത്തണം. ആരോഗ്യമുള്ളതാണെങ്കില്‍ അതിന് റേഡിയോ കോളര്‍ ഘടിപ്പിച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റിയെ അറിയിച്ച് വനത്തിലേക്കു തുറന്നുവിടണം. പരിക്കുള്ളതാണെങ്കില് മൃഗശാലയിലേക്കു മാറ്റണം.
കാലോചിതമായ മാറ്റം അനിവാര്യം
സ്ഥിരമായി മനുഷ്യരെ കൊല്ലുന്ന കടുവ അല്ലെങ്കില്‍ അതിനെ ഒരു കാരണവശാലും 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൊല്ലാന്‍ പാടില്ല. കാട്ടാനകളെ നേരിടുന്നതിനും ഇതുപോലെ കേന്ദ്രനിയമത്തില്‍ ഒരുപാട് വ്യവസ്ഥകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുകൊണ്ടാണ് മയക്കുവെടി വയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്പോലും കാലതാമസം ഉണ്ടാവുന്നത്. കേന്ദ്രനിയമത്തിലെ വ്യവസ്ഥകളില്‍ കാലോചിതമായ മാറ്റം കൊണ്ടുവരാതെ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോ വനംവകുപ്പിനോ ഒന്നും ചെയ്യാന്‍ സാധിക്കില്ല.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇക്കാര്യത്തില്‍ 2024 ഫെബ്രുവരി 14ന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല.
കേരളത്തിലെ മാത്രം പ്രശ്നമല്ലിത്
ഇത് കേരളം മാത്രം നേരിടുന്ന ഒരു പ്രശ്നമല്ല. 2021-24 കാലഘട്ടത്തില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ണാടകയില്‍ 104 പേരും തമിഴ്നാട്ടില്‍ 141 പേരും ഒഡീഷയില്‍ 414 പേരും ജാര്‍ഖണ്ഡില്‍ 316 പേരും ബംഗാളില്‍ 273 പേരും ആസാമില്‍ 217 പേരും മരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണത്തിലും ഇതുപോലെ മിക്ക സംസ്ഥാനങ്ങളിലും നിരവധിപ്പേര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര വനനിയമത്തില്‍ അടിയന്തരമായി ഭേദഗതി വരുത്തി ജനങ്ങളുടെ ജീവനും കൃഷിക്കും ഭീഷണിയാവുന്ന വന്യമൃഗങ്ങളെ ഇല്ലാതാക്കാന്‍ അനുമതി നല്‍കണമെന്നാണ് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം.
വസ്തുതകള്‍ ഇതായിരിക്കെ കാര്യങ്ങള്‍ കൃത്യമായി ഉള്‍കൊള്ളാനോ മനസിലാക്കാനോ തയാറാവാതെ പലരും സംസ്ഥാന സര്‍ക്കാരിനെയും വനംവകുപ്പിനെയും കുറ്റപ്പെടുത്തുകയാണ്. അവര്‍ വസ്തുതകള്‍ മനസിലാക്കണം. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമാണ്. അവരെ ദ്രോഹിക്കുന്ന വന്യമൃഗങ്ങളെ ഇല്ലാതാക്കണം എന്ന കാര്യത്തില്‍ സര്‍ക്കാരിന് വ്യത്യസ്തമായ അഭിപ്രായം ഇല്ല.
എ.കെ. ശശീന്ദ്രന് (വനം-വന്യജീവി മന്ത്രി)