വേട്ടക്കാരന്റെ വക്രബുദ്ധികൊണ്ടല്ല, ഇരയുടെ മുറിവേറ്റ മനസുകൊണ്ടാണ് സർക്കാർ ചിന്തിക്കേണ്ടത്.
സിപിഎം സെക്രട്ടറിയും വഖഫ് മന്ത്രിയും പറഞ്ഞ വർഗീയ ധ്രുവീകരണമല്ല മുനന്പത്തു നടക്കുന്നത്; ഇടതു-വലതു പാർട്ടികളുടെ മതപ്രീണന മുഖംമൂടി കീറാനുള്ള മതേതര ധ്രുവീകരണമാണ്. അതു മുനന്പത്തു മാത്രമല്ല, കേരളത്തിലാകമാനം നടക്കുന്നുണ്ട്.
മുനന്പത്തെ വഖഫ് ഇരകളെ കണ്ടില്ലെന്നു നടിക്കുകയും വേട്ടക്കാരായ വഖഫ് ബോർഡിനെ സംരക്ഷിക്കുകയും പരിഹാരം നീട്ടിക്കൊണ്ടുപോയി രാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന, സിപിഎമ്മിന്റെയും സർക്കാരിന്റെയും മതപ്രീണന രാഷ്ട്രീയം തുറന്നുകാട്ടേണ്ടത് കേരളത്തിന്റെ മതേതര ഉത്തരവാദിത്വമാണ്.
അതിന്റെ തുടക്കമാണ് മുനന്പത്തു കുറിച്ചിരിക്കുന്നത്. അതിനെ കരിവാരിത്തേക്കാൻ വർഗീയത ആരോപിക്കുന്നതാണ് സൗകര്യമെന്നു കരുതിയാൽ തെറ്റി. കത്തോലിക്കാ സഭ ഒരു വർഗീയതയ്ക്കും കുടപിടിക്കില്ല; നിങ്ങളുടെ ഖിലാഫത്ത് നിർമാണത്തിൽ പങ്കെടുക്കുകയുമില്ല.
‘വഖഫ് കൊയ്ത്തിനു മുനന്പത്തു കൂലി’ എന്ന ശീർഷകത്തിൽ കഴിഞ്ഞ അഞ്ചിന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ, വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ നടത്തിയ സമരം രാജ്യവിരുദ്ധമാണെന്നു പറഞ്ഞ മന്ത്രി വി. അബ്ദുറഹ്മാന്റെ നാവ് കടമെടുത്തവർ മുനന്പത്തെ മത്സ്യത്തൊഴിലാളികളെ വർഗീയവാദികളാക്കി ചിത്രീകരിച്ചാലും അദ്ഭുതപ്പെടാനില്ലെന്നു പറഞ്ഞിരുന്നു.
പക്ഷേ, ആരും കടമെടുക്കാഞ്ഞതിനാൽ അദ്ദേഹംതന്നെ നാവുയർത്തി: “മുനമ്പം സമരത്തിൽ ക്രൈസ്തവ സഭ വർഗീയത കലർത്തുകയാണ്”. അല്ല മന്ത്രീ, നിങ്ങൾ കലർത്തുമെന്ന് ഉറപ്പുണ്ടായിരുന്ന ആ വർഗീയവിഷം കേരളം കുടിക്കില്ല. 1995ൽ പരിഷ്കരിച്ച വഖഫ് നിയമത്തിലൂടെ ദരിദ്രന്റെയും വിധവയുടെയും രാജ്യത്തിന്റെയും ഭൂമി കവരാനുള്ള വളഞ്ഞ വഴിയാണ് യഥാർഥ വർഗീയതയെന്ന് രാജ്യംതന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.
ആ കിരാത നിയമത്തെയും വഖഫ് ബോർഡിനെയും വെള്ളപൂശാനുള്ള നിങ്ങളുടെ ശ്രമത്തെ, പൗരന്മാരെ മത തുരുത്തുകളായി കാണുന്ന സർക്കാർ പിന്തുണയ്ക്കുന്നുണ്ട്. അതു മതേതര കേരളത്തിനു വിഷയമാണ്. അതുകൊണ്ടാണ് മുനന്പത്തേക്ക് ആളെത്തുന്നത്. മുനമ്പത്ത് ബിജെപി വര്ഗീയധ്രുവീകരണത്തിനു ശ്രമിക്കുകയാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചത്.
വർഗീയലക്ഷ്യത്തോടെ അവിടെ ആരെങ്കിലും എത്തുന്നുണ്ടോയെന്ന് പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട ചുമതല ‘താലിബാൻനീതി’ക്കെതിരേ പൊരുതുന്ന വീടും കുടിയും നഷ്ടപ്പെട്ട മുനന്പംകാരുടേതല്ല, വോട്ടിനുവേണ്ടി മുനന്പം പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന സർക്കാരിന്റേതാണ്.
രണ്ടര വർഷം നിങ്ങൾ എവിടെയായിരുന്നു? മുനന്പത്തെ ജനങ്ങൾ നിയമപ്രകാരം വാങ്ങി കരമടയ്ക്കുന്ന സ്ഥലത്തിന്റെ അവകാശം തങ്ങൾക്കാണെന്നു കാണിച്ച് വഖഫ് ബോർഡ് 2022 ജനുവരി 13ന് റവന്യുവകുപ്പിനു നോട്ടീസ് കൊടുത്തത് അറിഞ്ഞില്ലായിരുന്നോ? പിന്നീടും വഖഫ് ബോർഡും അവരുടെ ബിനാമികളായ വഖഫ് സംരക്ഷണവേദിയും 600ലേറെ കുടുംബങ്ങൾക്കെതിരേ നടത്തിയ നാടകങ്ങളും നിങ്ങളുടെ കൺമുന്നിലായിരുന്നു.
കോൺഗ്രസ് കൊണ്ടുവരികയും പരിഷ്കരിക്കുകയും ചെയ്ത വഖഫ് നിയമംകൊണ്ട് ജനാധിപത്യത്തിനുമേൽ നടത്തപ്പെട്ട ആ ഖിലാഫത്ത് അധിനിവേശം കണ്ടില്ലെന്നു നടിച്ചതല്ല, ഗതികെട്ട ഇരകളുടെ അതിജീവനസമരമാണത്രേ വർഗീയത! പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും വീടിനു കൃത്യമായി കരമടയ്ക്കുന്നുണ്ടാകുമല്ലോ, നാളെ അതു വഖഫ് ബോർഡിന്റെ രജിസ്റ്ററിൽ ചേർക്കുകയും റവന്യു അവകാശങ്ങൾ റദ്ദു ചെയ്യുകയും ചെയ്തിട്ട്, പെട്ടെന്നൊന്നും കുടിയൊഴിപ്പിക്കില്ല, പേടിക്കാനില്ലെന്നു പറഞ്ഞാൽ നിങ്ങൾക്കു തോന്നുന്നതെന്തോ അതുമാത്രമേ മുനന്പത്തെ ജനങ്ങൾക്കും തോന്നിയിട്ടുള്ളൂ.
കുടിയൊഴിപ്പിക്കലല്ല, വഖഫ് ബോർഡിന്റെ കൈയേറ്റമാണ് വിഷയം. ജനാധിപത്യത്തിനുമേൽ ഖിലാഫത്തിന്റെ നുഴഞ്ഞുകയറ്റം. വേട്ടക്കാരന്റെ വക്രബുദ്ധികൊണ്ടല്ല, ഇരയുടെ മുറിവേറ്റ മനസുകൊണ്ടാണ് സർക്കാർ ചിന്തിക്കേണ്ടത്. മുനമ്പത്തുനിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്നും വിഷയത്തില് കോടതി തീരുമാനിക്കട്ടെ എന്നുമാണ് വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീര് പറഞ്ഞത്. അതെ, 95ലെ വഖഫ് നിയമത്തിന്റെ 40-ാം വകുപ്പിലൂടെ തങ്ങൾക്കു ലഭിച്ച കൈയേറ്റ അവകാശം കോടതിയിൽ തുണയായേക്കാമെന്ന് അറിയാവുന്നതുകൊണ്ടാണ് അദ്ദേഹത്തിന്റെ നിയമത്തോടുള്ള ബഹുമാനം.
അതറിയാവുന്നതുകൊണ്ടാണ് മുനന്പം പ്രശ്നവുമായി വഖഫ് നിയമത്തിനു ബന്ധമില്ലെന്നും നിയമം ഭേദഗതി ചെയ്യരുതെന്നും മതമൗലികവാദികളും പ്രീണനരാഷ്ട്രീയക്കാരും നിലവിളിക്കുന്നത്. അതറിയാവുന്നതുകൊണ്ടുതന്നെയാണു സാറേ, ആ നിയമം ഭേദഗതി ചെയ്യണമെന്ന് മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പറയുന്നത്. ഒരു മതേതര രാജ്യത്തും വച്ചുപൊറുപ്പിക്കാനാവാത്ത ആ നിയമം വൈകിയ വേളയിലെങ്കിലും തിരുത്തപ്പെടണം.
ഹമാസ് ഉൾപ്പെടെയുള്ള ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങളെ സ്വാതന്ത്ര്യസമര സേനാനികളാക്കിയതും കേരളത്തിലെ തീവ്രവാദ സംഘടനകളെ ആവശ്യാനുസൃതം ഉപയോഗിച്ചിട്ട് ആവശ്യംകഴിഞ്ഞ് തള്ളിപ്പറഞ്ഞതും വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ കാഫിർ പരാമർശം നടത്തി വർഗീയധ്രുവീകരണത്തിനു ശ്രമിച്ചതുമൊക്കെ ആരാണെങ്കിലും അവരിൽനിന്നു വർഗീയവിരുദ്ധതയും മതേതരത്വവുമൊന്നും പഠിക്കേണ്ട ഗതികേട് ക്രൈസ്തവർക്കെന്നല്ല ഒരു മലയാളിക്കുമില്ല. ഖലീഫാ ഭരണമല്ല, രാജ്യത്ത് ജനാധിപത്യഭരണം തന്നെയാണ് വേണ്ടതെന്നു പറഞ്ഞ മുഖ്യമന്ത്രി മുനന്പത്തും അതുറപ്പാക്കണം.
കേരളം മതേതരമായി നിലനിൽക്കണം. രാഷ്ട്രീയ പാർട്ടികളുടെ സ്വാതന്ത്ര്യാനന്തര വകഭേദങ്ങളോ വഖഫ് ഭേദങ്ങളോ അല്ല, അവർക്കും മാർഗനിർദേശം കൊടുത്ത ഈ രാജ്യത്തിന്റെ ഭരണഘടനയാണ് ഇവിടത്തെ ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ നമ്മെ ചേർത്തുനിർത്തിയത്.
മതപ്രീണനത്തിന്റെ നിയമനിർമാണങ്ങളും ഭേദഗതികളും പാസാക്കി വോട്ടുരാഷ്ട്രീയക്കാർ അതിനെ ദുർബലപ്പെടുത്തിയതിന്റെ ഫലമാണ് മുനന്പത്ത് ഉൾപ്പെടെ കണ്ടുതുടങ്ങിയത്. രാഷ്ട്രീയ പാർട്ടികൾ നല്ലതൊന്നും ചെയ്തിട്ടില്ലെന്നല്ല, അതിനൊപ്പം യഥേഷ്ടം വോട്ടു നേടാന് നിങ്ങൾ മത ബാങ്കുകളുണ്ടാക്കി.
അതിലേക്ക് നിങ്ങൾ ഏറ്റവുമൊടുവിൽ നടത്തിയ നിക്ഷേപമാണ് വഖഫ് ഭേദഗതിക്കെതിരേ നിയമസഭയിൽ പാസാക്കിയ പ്രമേയം. അത്തരം അക്കൗണ്ടുകൾ കാലിയാകാതെ ഈ രാജ്യം മതേതരമാകില്ല.