മതേതരത്വം ഉപേക്ഷിച്ചു നശിച്ചുപോയ പാക്കിസ്ഥാൻ നമുക്കു മാതൃകയല്ല; മുന്നറിയിപ്പാണ്.
ഭരണഘടനയുടെ ആമുഖത്തിൽ എഴുതിയിരിക്കുന്ന മതേതരത്വമെന്ന വാക്ക് രാജ്യത്തിന്റെ ഐശ്വര്യമാണെന്നു കരുതുന്നവരാണ് ഇന്ത്യക്കാരിലേറെയും. പക്ഷേ, ഭരണവ്യവസ്ഥയ്ക്കുള്ള അടിസ്ഥാനതത്വങ്ങളുടെ പൂമുഖപ്പടിയിൽ ആ വാക്കു കാണുന്പോൾതന്നെ അസ്വസ്ഥരാകുന്നവർ അതെടുത്തു മാറ്റാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നത് ഭയപ്പെടുത്തുന്നതാണെങ്കിലും യാഥാർഥ്യമാണ്.
അവർ കോടതിയിലുമെത്തി പലതവണ. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്നു പലവട്ടം പറഞ്ഞിട്ടുള്ളതല്ലേയെന്ന് ഇത്തവണയും സുപ്രീംകോടതി ഓർമിപ്പിച്ചു. നവംബർ 18ന് കേസ് വീണ്ടും പരിഗണിക്കും. അപ്പോഴും അതിനുശേഷവും ഭരണഘടനയുടെ ആമുഖത്തിൽതന്നെ ആ വാക്ക് ഉണ്ടായിരിക്കുമെന്നു കോടതി ഉറപ്പാക്കുമെന്നു വിശ്വസിക്കുകയോ പ്രാർഥിക്കുകയോ ചെയ്യുന്നവർ മതത്തിന്റെ പേരിൽ വിഭജിക്കപ്പെട്ട ഒരു രാജ്യത്തെ സാഹോദര്യത്തിൽ ഒന്നിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.
ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേയെന്ന കോടതിയുടെ ചോദ്യം ഹർജിക്കാരെ കടന്ന് അവരുടെ പിന്നിലുള്ളവരുടെയും സമാന മനസ്കരുടെയും താത്പര്യങ്ങളെ തുറന്നുകാട്ടുന്നതാണ്. ഭരണഘടനയുടെ ആമുഖത്തിൽ ഇന്ത്യയെ വിവരിക്കാൻ സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ പദങ്ങൾ ചേർത്ത ഭരണഘടനയുടെ 42-ാം ഭേദഗതി ചോദ്യം ചെയ്തു ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉൾപ്പെടെ സമർപ്പിച്ച ഒരുകൂട്ടം പൊതുതാത്പര്യ ഹർജികൾ പരിഗണിക്കവേയാണു ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് നിലപാട് ആവർത്തിച്ചത്.
മതേതരത്വവും സോഷ്യലിസവും ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി പറഞ്ഞു. “ഭരണഘടന സ്ഥാപിച്ചപ്പോൾ ഇന്ത്യയെ ഒരു മതേതര രാജ്യമായാണു വിഭാവനം ചെയ്തത്. പൗരന്റെ മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന ഭരണഘടനയുടെ ആർട്ടിക്കിളുകളിൽനിന്ന് ഇതു വ്യക്തമാണ്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്നു ഞങ്ങൾ പറഞ്ഞിട്ടുള്ള നിരവധി വിധിന്യായങ്ങളുണ്ട്.
ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശവും ഭരണഘടനയിലെ മൂന്നാം ഭാഗത്തിനു കീഴിലുള്ള മൗലികാവകാശങ്ങളും പരിശോധിച്ചാൽ മതനിരപേക്ഷത എന്നതു ഭരണഘടനയുടെ പ്രധാന സവിശേഷതയായി കാണാം. മതേതരത്വം ഭരണഘടനയുടെ കാതലായ സവിശേഷതയായി കണക്കാക്കുന്നു എന്നതിന്റെ സൂചനയാണിത്”-സുപ്രീംകോടതി ഓർമിപ്പിച്ചു.
അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1976ൽ 42-ാം ഭേദഗതിയിലൂടെ പരമാധികാരം, ജനാധിപത്യം എന്നീ വാക്കുകളോടൊപ്പം സോഷ്യലിസ്റ്റ്, മതേതര എന്നീ വാക്കുകള്‍ ഭരണഘടനയിൽ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ബിജെപിക്ക് അതിനോടുള്ള വിയോജിപ്പ് അധികാരത്തിലെത്തിയതോടെ കൂടുതൽ പ്രകടമായി.
2015ല്‍ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഈ വാക്കുകളില്ലാത്ത ഭരണഘടനയുടെ ആമുഖം റിപ്പബ്ലിക് ദിന പരസ്യത്തിൽ ഉപയോഗിച്ചു. ഭരണഘടനയുടെ പഴയ പതിപ്പിലെ ആമുഖമാണ് പങ്കുവച്ചതെന്നായിരുന്നു ന്യായീകരണം. 2020ല്‍ ബിജെപി എംപി രാകേഷ് സിന്‍ഹ ‘സോഷ്യലിസ്റ്റ്’ എന്ന വാക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു.
2022 മാർച്ചിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി ‘മതേതരത്വം’ എന്ന വാക്ക് ഭരണഘടനയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു. 2023 സെപ്റ്റംബറിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ എംപിമാർക്കു വിതരണം ചെയ്ത ഭരണഘടനയുടെ ഇംഗ്ലീഷ് പകർപ്പിലും ‘മതേതരത്വം’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ ഒഴിവാക്കി. 2023 ജൂണിൽ തെലുങ്കാനയിലെ പത്താം ക്ലാസ് വിദ്യാർഥികൾക്കുള്ള പാഠപുസ്തകത്തിൽനിന്ന് ‘സെക്കുലർ’, ‘സോഷ്യലിസ്റ്റ്’ എന്നീ വാക്കുകൾ ഒഴിവാക്കി. അച്ചടിപ്പിഴവാണെന്നായിരുന്നു വിശദീകരണം.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നും തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി കന്യാകുമാരിയിൽ പ്രസംഗിച്ചത്. ഹർജിക്കാർ തനിച്ചല്ലെന്നു ചുരുക്കം.
“ഇന്ത്യ മതേതരമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ” എന്ന കോടതിയുടെ ചോദ്യം ഉപചോദ്യങ്ങളിലൂടെ കൂടുതൽ പ്രസക്തമാകുകയാണ്.
എന്തുകൊണ്ട് നിങ്ങളത് ആഗ്രഹിക്കുന്നില്ല? മതേതരമല്ലെങ്കിൽ മതരാഷ്ട്രമാണോ ഉദ്ദേശിക്കുന്നത്? മറുപടി എന്തുമാകട്ടെ, വ്യത്യസ്ത ജാതികളിലുള്ളതും വ്യത്യസ്ത മതങ്ങളിൽ വിശ്വസിക്കുന്നതുമായ കോടിക്കണക്കിന് ഇന്ത്യക്കാർ, മതേതര-സോഷ്യലിസ്റ്റ് വിരുദ്ധ ഹർജിക്കാരുടെയും അവരുടെ പിന്നിലുള്ളവരുടെയും നിഗൂഢ താത്പര്യങ്ങളല്ല അറിയാനാഗ്രഹിക്കുന്നത്; നിയമനിർമാണസഭകളും നീതിന്യായ സംവിധാനവും, ഭരണഘടനയ്ക്ക് എക്കാലവും കാവലുണ്ടെന്ന് ഉറപ്പാക്കാനാണ്. മതേതരത്വം ഉപേക്ഷിച്ചു നശിച്ചുപോയ പാക്കിസ്ഥാൻ നമുക്കു മാതൃകയല്ല; മുന്നറിയിപ്പാണ്.
ആമുഖത്തിലെ മതേതരത്വ തടസം ഒഴിവാക്കിയാൽ ഭരണഘടനയുടെ ഉള്ളിലേക്കു വലതുകാൽ വച്ചു കയറാമെന്നു കരുതുന്നവരുടെ ഉദ്ദേശ്യം നടക്കാതെപോകട്ടെ. അതിനല്ലല്ലോ എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണെന്ന് നാം ഇക്കാലമത്രയും പ്രതിജ്ഞയെടുത്തുകൊണ്ടിരുന്നത്. നമ്മെ ഒന്നിപ്പിച്ച മതമാണ് മതേതരത്വം. അതു പാലിക്കാൻ ഇനി പോരാട്ടവും വേണം.