വഖഫ് നിയമത്തിന്റെ നാലാം വകുപ്പു പ്രകാരം ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കുന്നതിനു മുമ്പ് സർവേ കമ്മീഷണർ സർവേ നടത്തേണ്ടതുണ്ട്. അതു നടത്താതിരുന്നാൽ വഖഫ് പ്രഖ്യാപനം അസാധുവായിരിക്കും. ഇത്തരമൊരു വിധി സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് (cf. 2023 KHC OnLine 6590). 2009ലെ വഖഫ് പ്രഖ്യാപനത്തിനു മുമ്പോ പിമ്പോ മുനമ്പം ഭൂമി സർവേയ്ക്കു വിധേയമായിട്ടില്ല എന്നതിന് മുനമ്പത്തെ നാട്ടുകാർ തന്നെ സാക്ഷി!
ജസ്റ്റീസ് മുഷ്താഖിന്റെ വിധിന്യായത്തിൽ ഒരു വഖഫ് ആകാനുള്ള മൂന്നു മാനദണ്ഡങ്ങളെക്കുറിച്ചു പരാമർശമുണ്ട്: ശാശ്വതമായ സമർപ്പണം, സമർപ്പിത വസ്തു, സമർപ്പണ നിയോഗം എന്നിവയാണ് അവ (2017 KHC 31, para 11.1(d); 11.11(b)). മുനമ്പം ഭൂമി വഖഫല്ല എന്നതിന്റെ ഒന്നാമത്തെ തെളിവ് ആ ദാനാധാരത്തിൽ തെളിയുന്ന, സിദ്ദിഖ് സേട്ടുവിന്റെ സമർപ്പണ നിയോഗം തന്നെയാണ്. എന്നാൽ, അതിനും മുൻപേ വഖഫ് ബോർഡ് പരിഗണിക്കേണ്ടിയിരുന്ന ഒരു കാര്യമുണ്ട് – വസ്തുവിന്റെ വഖഫ് സമർപ്പണ യോഗ്യത.
വഖഫ് ചെയ്യാവുന്നതോ മുനമ്പം ഭൂമി?
മുനമ്പത്തെ ഭൂമിക്ക് പട്ടയം ലഭിച്ചത് എപ്പോഴാണ് എന്നന്വേഷിച്ചാൽ പല കാര്യങ്ങൾക്കും വ്യക്തതയുണ്ടാകും. 1951 മാർച്ച് 28ന് ഫാറൂഖ് കോളജാണ് പറവൂർ തഹസിൽദാരിൽനിന്ന് ആദ്യമായി ഈ ഭൂമിക്ക് പട്ടയം സ്വന്തമാക്കുന്നത് (നമ്പർ 609). അതിന്റെയർഥം, സിദ്ദിഖ് സേട്ടുവിന് അതിനു മേൽ ഉടമസ്ഥാവകാശം ഉണ്ടായിരുന്നില്ല എന്നല്ലേ? 1950ലെ ഡീഡിൽ ക്രയവിക്രയ സർവസ്വാതന്ത്ര്യത്തോടു കൂടിയ തീറാധാരത്തിന്റെ പരാമർശമുണ്ടെങ്കിലും അതിന് വ്യക്തത തീരെയില്ല. 1902ൽ പാട്ടത്തിനു കൊടുത്ത ഭൂമി എങ്ങനെയാണ് സിദ്ദിഖ് സേട്ടുവിന്റെ കൈയിൽ വന്നുപെട്ടത്? സത്താർ സേട്ടുവും സിദ്ദിഖ് സേട്ടുവും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് സത്താർ സേട്ടുവിന്റെ കൊച്ചുമകളായ ഷംഷ്ദ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞിട്ടുണ്ട്. നൂറ്റമ്പതു വർഷമായി അവിടെ മത്സ്യബന്ധനം നടത്തി ജീവിക്കുന്ന മനുഷ്യരുള്ള ഭൂമി – അതും പാട്ടഭൂമി – എങ്ങനെയാണ് അവിടെ ഒരിക്കലും താമസിച്ചിട്ടില്ലാത്ത ഒരാൾക്ക് വഖഫ് ചെയ്യാനാകുന്നത്?
വഖഫാണെന്ന് നിയമസഭയും ഹൈക്കോടതിയും പറഞ്ഞില്ല
ഫാറൂഖ് കോളജും നാട്ടുകാരും തമ്മിൽ 1961ൽ പ്രശ്നമുണ്ടായപ്പോൾ മുനമ്പംകാരെ പോലീസ് അറസ്റ്റു ചെയ്തതു സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സി.ജി. ജനാർദനൻ എംഎൽഎയോട് ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ പറഞ്ഞത് ആ ഭൂമി ഫാറൂഖ് കോളജിന്റെ വകയാണ് എന്നാണ്, വഖഫ് ഭൂമിയാണ് എന്നല്ല.
ഇരുകൂട്ടരും തമ്മിലുള്ള വിവിധ വ്യവഹാരങ്ങൾക്കൊടുവിൽ 1975ൽ ഹൈക്കോടതി വിധിയുണ്ടായപ്പോഴും അങ്ങനെതന്നെയായിരുന്നു പരാമർശം. ഫാറൂഖ് കോളജിന്റെ പക്കൽ രജിസ്റ്റേർഡ് ഗിഫ്റ്റ് ഡീഡ് ഉണ്ട് എന്നാണ്, രജിസ്റ്റേർഡ് വഖഫ് ഡീഡ് ഉണ്ട് എന്നല്ല ഡിവിഷൻ ബഞ്ച് പ്രസ്താവിച്ചത്. (വഖഫും ഗിഫ്റ്റും തമ്മിലുള്ള അന്തരം വ്യക്തമാകാൻ വായിക്കുക: P.S. Munawar Hussain, Muslim Endowments, Waqf Law and Judicial Response in India, Routledge, Taylor & Francis, London & New York, 2021, p. 10.).
സിദ്ദിഖ് സേട്ടുവിന്റേത് വഖഫ് ഡീഡോ?
“സർവശക്തനായ ദൈവത്തിന്റെ ഉടമസ്ഥതയിൽ ഒരു വസ്തു ബന്ധിക്കുകയും അതിന്റെ വരവുകൾ മനുഷ്യർക്കുവേണ്ടി സമർപ്പിക്കുകയും ചെയ്യുക എന്നതാണ് വഖഫ് എന്നും വഖഫ് ചെയ്യുന്നതിലൂടെ വാഖിഫിന്റെ അവകാശം കെട്ടുപോവുകയും വസ്തുവിന്റെ ഉടമസ്ഥാവകാശം സർവശക്തന് കൈമാറുകയും ചെയ്യുന്നു” എന്നും വ്യക്തമാക്കുന്ന Mariyumma Vs Andunhi 1979 KHC 104 കേസിലെ വിധി (para 4) മുനമ്പം ഭൂമിയുടെ കാര്യത്തിൽ പ്രസക്തമാണ്.
“വഖഫ്’ എന്ന വാക്കുതന്നെ അർഥമാക്കുന്നത് കൈമാറ്റം പാടില്ലാത്തത് എന്നാണ്. ആ വാക്ക് രണ്ടു പ്രാവശ്യം സിദ്ദിഖ് സേട്ടു ഫാറൂഖ് കോളജിനു നല്കിയ ഡീഡിൽ കാണുന്നുണ്ട്. ശീർഷകം തന്നെ “വഖഫാധാരം’ എന്നാണ്. എന്നാൽ, രേഖയുടെ ഉള്ളടക്കത്തിൽ വഖഫ് എന്ന ആശയത്തിനു ചേരാത്ത രണ്ടു കാര്യങ്ങൾ അദ്ദേഹം ചേർത്തിരിക്കുന്നതു കാണാം. കോളജിന് ഭൂമിയെ സംബന്ധിച്ച് ക്രയവിക്രയ സർവസ്വാതന്ത്ര്യം ഉണ്ടെന്നതാണ് ആദ്യത്തേത്. മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസോന്നമനത്തിനുവേണ്ടി വിനിയോഗിച്ചില്ലെങ്കിൽ അത് തന്റെ പിൻഗാമികളിലേക്ക് തിരികെയെത്തണമെന്ന വ്യവസ്ഥയാണ് രണ്ടാമത്തേത്. വഖഫ് എന്ന ആശയത്തിനുതന്നെ കടകവിരുദ്ധമാണ് ഈ രണ്ടു വ്യവസ്ഥകളും എന്നതിനാൽ ഈ ഡീഡ് വഖഫ് ഡീഡല്ല എന്നു വ്യക്തമാണ്. “വഖഫ് വ്യവസ്ഥകളില്ലാത്തതായിരിക്കണം. എന്തെങ്കിലും വ്യവസ്ഥയ്ക്കോ ആകസ്മികതകൾക്കോ അതിനെ വിഷയീഭവിപ്പിച്ചാൽ വഖഫ് റദ്ദായിപ്പോകും” (cf. B.R. Verma, Islamic Law in India and Pakistan, 6th edn, Alahabad Law Book Co. 1986, pp. 625-626). വഖഫിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഏക വ്യവസ്ഥ, കടം തീർത്തു മാത്രമേ പ്രോപ്പർട്ടി വഖഫ് ചെയ്യാവൂ എന്നതാണ് (Alahabad High court, Khalil Uddin vs Sir Ram & ots, 6th Oct 1933).
വഖഫ് എന്ന് എഴുതിയതുകൊണ്ടു മാത്രം ഒരു ആധാരം വഖഫാധാരമാകില്ല എന്നു വ്യക്തമാക്കുന്ന ഒരു വിധി കേരള ഹൈക്കോടതിയിൽ ഉണ്ടായിട്ടുണ്ട്. ജസ്റ്റീസ് സുബ്രഹ്മണ്യം പോറ്റിയും പിന്നീട് സുപ്രീംകോടതി ജഡ്ജിയായിത്തീർന്ന ജസ്റ്റീസ് ഖാലിദും 1980ൽ ഹൈദ്രോസ് vs ആയിഷുമ്മ കേസിൽ നടത്തിയ വിധിന്യായത്തിലെ ഏഴു മുതൽ പത്തു വരെയുള്ള ഖണ്ഡികകൾ ശ്രദ്ധിച്ചു വായിച്ചാൽ, ആധാരത്തിൽ വഖഫെന്നെഴുതിയാൽ വസ്തു എന്നേക്കും വഖഫു തന്നെ എന്ന വാദഗതികൾ വെറും പൊള്ളയാണെന്നു മനസിലാകും.
2017ൽ ഈ വിധിന്യായത്തെ ജസ്റ്റീസ് മുഷ്താഖ് പരാമർശിച്ചിട്ടുമുണ്ട് (2017 KHC 31, para 12). 2005 KHC 1228, 2018 (5) KHC 548 എന്നീ വിധികളിലും വഖഫ് ബോർഡിന്റെ അവകാശവാദങ്ങളെ ഹൈക്കോടതി തള്ളിയത് ഡീഡിൽ ശാശ്വതമായ സമർപ്പണം കാണുന്നില്ല എന്നു വ്യക്തമാക്കിക്കൊണ്ടാണ്. മുനമ്പത്ത് ഇതെല്ലാം സൂക്ഷ്മമായി പരിശോധിച്ചു തീരുമാനമെടുക്കുന്നതിൽ വഖഫ് ബോർഡ് പരാജയപ്പെട്ടിരിക്കുന്നു.
സിദ്ദിഖ് സേട്ടുവിന്റേത് ഒരു ട്രസ്റ്റ് ഡീഡ് ആകാം
സിദ്ദിഖ് സേട്ടുവിന്റേത് ഒരു കാരണവശാലും ഒരു വഖഫ് ആധാരമായി കണക്കാക്കാനാവില്ല. വേണമെങ്കിൽ, അതൊരു ട്രസ്റ്റ് ആധാരമായി പരിഗണിക്കപ്പെടാം. മുസ്ലിം മതമണ്ഡലത്തിലെ വഖഫ് മതേതര സമൂഹത്തിലെ ട്രസ്റ്റിനു സമാന്തരമാണെന്ന ജസ്റ്റീസ് മുഷ്താഖിന്റെ പരാമർശം ഇവിടെ സ്മരണീയമാണ് (2017 KHC 31, para 11.i(d)). മുനമ്പം ഭൂമിയുടെ കാര്യത്തിൽ അതു, പക്ഷേ, ജസ്റ്റീസ് കമാൽ പാഷ ഏതാനും ദിവസങ്ങൾക്കു മുമ്പ് അവ്യക്തമായി പറയാൻ ശ്രമിച്ച തരം പ്രൈവറ്റ് ട്രസ്റ്റ് ആകില്ല; മറിച്ച്, പബ്ലിക് ട്രസ്റ്റ് തന്നെയാണ്. കാരണം, ട്രസ്റ്റ് പ്രവർത്തനരഹിതമാവുകയോ വസ്തു ട്രസ്റ്റിനു കീഴിലാക്കിയ ആളുടെ നിയോഗം പൂർത്തിയാക്കാതിരിക്കുകയോ ചെയ്താലല്ലേ, 1950 രേഖപ്രകാരം, വസ്തു ട്രസ്റ്റ് സ്ഥാപിച്ചയാളിലേക്കോ അയാളുടെ കുടുംബാംഗങ്ങളിലേക്കോ തിരികെയെത്തുകയുള്ളൂ! ഡീഡിലൂടെ വ്യക്തമാകുന്ന, സ്ഥാപകന്റെ നിയോഗം ട്രസ്റ്റിയുടെ സ്ഥാനത്തുള്ള ഫാറൂഖ് കോളജ് പൂർത്തിയാക്കിയിട്ടുള്ളതിനാൽ വസ്തു സേട്ടുവിന്റെ പിൻഗാമികളിലേക്ക് തിരികെയെത്തില്ല.
ഫാറൂഖ് കോളജ് ചെയ്തതു ശരിയോ?
ഫാറൂഖ് കോളജിന്റെ നിലപാട് 1950ലെ രേഖ വിശ്വസ്തതാപൂർവം പിന്തുടർന്നുള്ളതായിരുന്നെന്ന് ആ രേഖ വായിക്കുന്ന ആർക്കും ബോധ്യമാകും. സിദ്ദിഖ് സേട്ടു എന്തുദ്ദേശ്യത്തോടെ ഭൂമി 1950ൽ ഫാറൂഖ് കോളജിനു നല്കിയോ ആ ഉദ്ദേശ്യം ഫാറൂഖ് കോളജ് ഭംഗിയായി പൂർത്തിയാക്കി. ക്രയവിക്രയം ചെയ്യാൻ തങ്ങൾക്കുണ്ടായിരുന്ന രേഖാമൂലമായ അനുവാദം ഉപയോഗിച്ച് ഭൂമി വിറ്റ്, ആ പണം കൊണ്ട് (ഏതാണ്ട് 33 ലക്ഷം രൂപ) മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസോന്നമനത്തിനായി അവർ ‘മുനമ്പം എസ്റ്റേറ്റ്’ സൃഷ്ടിച്ചു; ടിടിസി കോളജ് പണിയുകയും ചെയ്തു.
തങ്ങൾക്കു കിട്ടിയ ഡീഡ് ഒരു പെർമനന്റ് വഖഫ് ഡീഡല്ല എന്ന ഉത്തമബോധ്യം അവർക്ക് ഉണ്ടായിരുന്നു. ഡീഡിൽ ക്രയവിക്രയത്തിനുള്ള സർവസ്വാതന്ത്ര്യം സിദ്ദീഖ് സേട്ടു അവർക്കു നല്കിയിരുന്നല്ലോ. അതുകൊണ്ടല്ലേ, ഭൂമി മുനമ്പത്തെ നിവാസികൾക്കു വില്ക്കാൻ 1988ൽ കോളജിന്റെ മാനേജിംഗ് കമ്മിറ്റി ഔദ്യോഗികമായി തീരുമാനമെടുത്തത്? 1986ലെ തീരപരിപാലന നിയമത്തിന്റെ ഫലമായി നിയന്ത്രണങ്ങൾ നിലവിൽ വന്നതും തീരദേശഭൂമിയുടെ വില കുത്തനെ ഇടിഞ്ഞതും ടിടിസി കോളജ് സ്ഥാപിക്കാൻ പണം ആവശ്യമായിരുന്നതും അവരെ ആ തീരുമാനത്തിലേക്ക് എത്തിക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം. തങ്ങളുടെ പക്കലുള്ളത് വഖഫ് ഭൂമിയല്ല എന്നും തങ്ങൾക്കു ലഭിച്ച ആധാരം വഖഫാധാരമല്ല, ദാനാധാരമാണെന്നും നിസാർ കമ്മീഷനു മുന്നിലും വഖഫ് ട്രൈബ്യൂണലിനു മുന്നിലും ഫാറൂഖ് കോളജ് വ്യക്തമാക്കിയതും മേൽപ്പറഞ്ഞ വസ്തുതകളുമായി ചേർന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അവർ ആ ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാതിരുന്നതും.
മുനമ്പം ഭൂമി പെർമനന്റ് വഖഫാണെന്ന് ആദ്യം പറഞ്ഞതാര്; എപ്പോൾ?
മുനമ്പം വഖഫ് ഭൂമിയാണ് എന്ന ചിന്തപോലും വഖഫ് ബോർഡിനുണ്ടായത് 2008ൽ മാത്രമാണ്, അതും പോപ്പുലർ ഫ്രണ്ടുകാരുടെ മുഖപത്രമായ തേജസിലൂടെ! 2009ൽ മാത്രമാണ് വഖഫ് ബോർഡ് അതു പ്രഖ്യാപിച്ചതും (24.06.2009) നിസാർ കമ്മീഷൻ അതു സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ചേർത്തതും (26.06.2009). തികച്ചും ഏകപക്ഷീയമായ ഒരു തീരുമാനമായിരുന്നു അത്. 1954ലെ വഖഫ് നിയമംപോലും നിലവിലില്ലാത്ത കാലത്താണ്, 1950ൽ സിദ്ദിഖ് സേട്ടു ഫാറൂഖ് കോളജിന് ആ ഭൂമി നല്കിയത് എന്നു മറക്കരുത്. അത്തരമൊരു ഡീഡിനെ 1995ലെ വഖഫ് നിയമത്തിന്റെ വെളിച്ചത്തിൽ പെർമനന്റ് വഖഫായി വ്യാഖ്യാനിക്കുന്നതിലെ അയുക്തി എത്ര വിചിത്രമാണ്!
വാസ്തവത്തിൽ, 2009ൽ മുനമ്പം വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടതും 2019ൽ വഖഫ് രജിസ്റ്ററിൽ എഴുതിച്ചേർക്കപ്പെട്ടതും 2022ൽ താലൂക്ക് -വില്ലേജ് ഓഫീസുകളിൽ ഉടമസ്ഥരുടെ റവന്യു അവകാശങ്ങൾ തടഞ്ഞുവയ്ക്കപ്പെട്ടതും തികച്ചും അന്യായമായാണ്. സിദ്ദിഖ് സേട്ടുവിന്റെ ദാനാധാര പ്രകാരം മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസോന്നതിക്കുവേണ്ടി ഫാറൂഖ് കോളജ് വിറ്റ ഭൂമി പണം കൊടുത്തു വാങ്ങുകയും ആവശ്യകമായ നികുതിപ്പണം സർക്കാരിനു നല്കി കൃത്യമായ ആധാരം കരസ്ഥമാക്കുകയും വർഷാവർഷം കരമടയ്ക്കുകയും ചെയ്ത് ജീവിച്ചു വന്നിരുന്ന ഒരു ജനതതിയാണ് കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി റവന്യു അവകാശങ്ങളെല്ലാം നിഷേധിക്കപ്പെട്ട് ആശങ്കയുടെ നടുക്കടലിൽ കഴിയുന്നത്.
ഫാ. ജോഷി മയ്യാറ്റിൽ