ഭരണഘടനയുടെ ആമുഖം പൂമുഖത്ത് എഴുതിവച്ചിരിക്കുന്ന മൂവാറ്റുപുഴ നിർമല കോളജ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്താൻ നൽകിയ സംഭാവന ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
ഒരു മതേതര-ജനാധിപത്യ രാജ്യത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് മൂവാറ്റുപുഴ നിർമല കോളജിൽ വെള്ളിയാഴ്ച നടന്നത്. കത്തോലിക്കാ മാനേജ്മെന്റിന്റെ കോളജിൽ മുസ്ലിം പെൺകുട്ടികൾക്കു നിസ്കരിക്കാൻ മുറി അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ച് പെട്ടെന്നൊരു സമരം. സമരത്തെയോ അതിനു പിന്നിലുള്ളവരെയോ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ തള്ളിപ്പറഞ്ഞില്ലെങ്കിലും ഏറ്റെടുത്തില്ല.
കോളജ് മാനേജ്മെന്റിന്റെയും മുസ്ലിം നേതൃത്വത്തിന്റെയും പക്വവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടിനെ മതേതര കേരളം ഇടം വലം നോക്കാതെ സ്വീകരിച്ചു. വലിയ മാറ്റമാണിത്. തൊടുപുഴ ന്യൂമാൻ കോളജിൽ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അധ്യാപകന്റെ കൈ വെട്ടിയ 2010 ജൂലൈയിൽനിന്ന്, നിർമലയിലെ നിസ്കാരമുറി സമരത്തിന്റെ 2024 ജൂലൈയിലേക്കുള്ള പ്രതീക്ഷയുണർത്തുന്ന മാറ്റം.
അതുകൊണ്ടാവാം, നിസ്കാരസമരത്തിൽ പങ്കില്ലെന്നു പറഞ്ഞ്, എംഎസ്എഫും (മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ) എസ്എഫ്ഐയും കൈ കഴുകിയത്. നിർമലയിൽ നിസ്കാരത്തിനു മുറി കൊടുക്കരുതെന്ന് അസന്നിഗ്ധമായി പറയാൻ മുസ്ലിം സമുദായത്തിൽനിന്നുള്ളവരും മുന്നിലുണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് 14 വർഷം മുന്പ്, തീവ്രവാദം ആയുധപരീക്ഷണത്തിനിറങ്ങിയ മണ്ണിൽ മറ്റൊരു മുറിവാകുമായിരുന്ന വിഷയം നിർമലമായി പരിഹരിക്കപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്ജിദുകളുടെ വിളിപ്പാടകലെയുള്ള നിർമല കോളജിൽ നിസ്കരിക്കാൻ മുറി വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട് മൂന്നോ നാലോ വിദ്യാർഥിനികളെ മുൻനിർത്തി സമരം പൊട്ടിപ്പുറപ്പെട്ടത്. വിദ്യാർഥിനികളുടെ ആവശ്യം നിരസിക്കപ്പെട്ടതോടെ ആൺകുട്ടികളുടെ സഹായത്തോടെ പ്രിൻസിപ്പലിനെ ബന്ധിയാക്കി സമരം നടത്തുകയായിരുന്നു. സമരത്തിനു പിന്നിൽ എംഎസ്എഫും എസ്എഫ്ഐയുമാണെന്നു റിപ്പോർട്ടുകൾ ഉണ്ടായെങ്കിലും ജനരോഷം ഉയർന്നതോടെ ഇരുകൂട്ടരും സമരക്കാരെ തള്ളിപ്പറഞ്ഞു.
കോളജിനടുത്ത് ഒന്നിലധികം മസ്ജിദുകൾ ഉണ്ടായിട്ടും അവിടെ പോകാതെ സഭയുടെ കോളജിൽ തന്നെ നിസ്കരിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സമരത്തോട് കേരളം മതഭേദമില്ലാതെ, യുക്തിസഹമായ പ്രതികരണമാണു നടത്തിയത്. മസ്ജിദിൽ പെൺകുട്ടികളെ പ്രാർഥനയ്ക്കായി പ്രവേശിപ്പിക്കില്ലെങ്കിൽ മസ്ജിദിനു മുന്നിലല്ലേ സമരം നടത്തേണ്ടത് എന്നതായിരുന്നു പ്രധാന ചോദ്യം.
മറ്റൊന്ന്, മുസ്ലിം മാനേജ്മെന്റിനു കീഴിലുള്ള കോളജുകളിൽ മറ്റു മതത്തിലെ വിദ്യാർഥികൾക്കു പ്രാർഥിക്കാൻ മുറികൾ അനുവദിച്ചിട്ടുണ്ടോ എന്നതായിരുന്നു. അത്തരം ചോദ്യങ്ങൾക്കുപോലും പ്രകോപനമില്ലാതെ സാമൂഹ മാധ്യമങ്ങളിലുണ്ടായ മറുപടികൾ കേരളത്തിന്റെ സാമുദായിക ഐക്യത്തെ പരിക്കേൽപ്പിക്കാതിരിക്കാനുള്ള ശ്രമമായി കാണണം; ചെറിയ കാര്യമല്ല.
നിർമല ഒറ്റപ്പെട്ട സംഭവമല്ലെന്നുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിസ്കാരമുറി ആവശ്യപ്പെടുന്നതും യൂണിഫോമിനു പകരം ഹിജാബിനുവേണ്ടി ശഠിക്കുന്നതുമൊക്കെ കേരളത്തിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുംബൈയിലെ രണ്ടു കോളജുകളിൽ ഹിജാബ് വിലക്കിയതിനെതിരേ വിദ്യാർഥിനികൾ നൽകിയ ഹർജി മുംബൈ ഹൈക്കോടതി തള്ളിയത് കഴിഞ്ഞ മാസമാണ്.
കോളജിൽ ഹിജാബ്, നിഖാബ്, ബുർഖ എന്നിവ നിരോധിച്ചത് യൂണിഫോം ഡ്രസ് കോഡ് നടപ്പാക്കാൻ മാത്രമാണെന്നും മുസ്ലിം സമുദായത്തെ ലക്ഷ്യം വയ്ക്കാൻ ശ്രമിച്ചിട്ടില്ലെന്നുമുള്ള കോളജിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കോഴിക്കോട് ജില്ലയിലെ ഒരു കോളജിൽ നിസ്കരിക്കാൻ സൗകര്യം കിട്ടുന്നില്ലെന്നു പറഞ്ഞ മൂന്നു പെൺകുട്ടികൾക്ക് തന്ത്രങ്ങൾ പറഞ്ഞുകൊടുത്തെന്ന് അവകാശപ്പെടുന്ന നേതാവിന്റേത് എന്ന മട്ടിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
പെൺകുട്ടികൾ അതനുസരിച്ചു പ്രവർത്തിച്ചു വിജയിച്ചതിന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചു. ആധികാരികമാണെങ്കിലും കെട്ടിച്ചമച്ചതാണെങ്കിലും അത്തരം വീഡിയോകൾ മൂവാറ്റുപുഴയിലെ പെൺകുട്ടികളെയും ആൺകുട്ടികളെയും സ്വാധീനിച്ചിട്ടുണ്ടെങ്കിൽ, പുറമേ ദൃശ്യമല്ലാത്ത അടിയൊഴുക്കുകളിൽ പെടാതിരിക്കാൻ അവരെ ബോധവത്കരിക്കേണ്ടത് മുസ്ലിം സമുദായം തന്നെയാണ്.
നിർമലയിലെ വിദ്യാർഥികൾക്ക് ഒരു മുസ്ലിം സംഘടനയുടെയും പിൻബലമില്ലെന്നാണെങ്കിൽ ഇത് കൂടുതൽ ആപത്കരമാണെന്നുകൂടി ഓർമിപ്പിച്ചുകൊള്ളട്ടെ. കാരണം, ആരുടെയും പിന്തുണയില്ലാതെ ഒരുപറ്റം വിദ്യാർഥികൾ ഇത്തരത്തിൽ പെരുമാറുന്നുണ്ടെങ്കിൽ ഈ രാജ്യത്തിന്റെ ജനാധിപത്യ-മതേതര ഭരണഘടനയെക്കുറിച്ചും വ്യത്യസ്ത മതങ്ങളിൽ പെട്ടവർ ഒന്നിച്ചുകഴിയുന്ന സമൂഹത്തിൽ പെരുമാറേണ്ടതിനെക്കുറിച്ചും അവരെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവർ ഒട്ടും വൈകിക്കൂടാ.
നിർമലയിൽ പരിഹരിക്കപ്പെട്ട വിഷയം ഇനിയാവർത്തിക്കരുതെന്നു താത്പര്യപ്പെടുന്നതുകൊണ്ടാണ് ഈ മുഖപ്രസംഗം. അത് ഒരു സമുദായത്തെയും ഒറ്റപ്പെടുത്തുന്നതിനല്ല, എല്ലാവരെയും ഒന്നിച്ചുനിർത്തുന്നതിനാണ്. വർഗീയതയും തീവ്രവാദവുമൊക്കെ ഭ്രൂണാവസ്ഥ പിന്നിട്ടിരിക്കുന്ന കാലത്ത് ഒരു ആധുനിക മതേതര രാഷ്ട്രത്തിന്റെ ചുവരെഴുത്ത് വായിച്ചു മനസിലാക്കാത്തവരെ ഒറ്റക്കെട്ടായി തള്ളിപ്പറയേണ്ട കാലമാണിത്.
സമാധാനജീവിതം ഏതെങ്കിലും മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ മാത്രം ഉത്തരവാദിത്വമല്ല. ഓരോ മതവും അതിനുള്ളിലെ വർഗീയമുളകളെ നുള്ളിക്കളയേണ്ടതുണ്ട്. നിസ്കാരമുറി അനുവദിക്കില്ലെന്നും വിദ്യാർഥികളുമായി ചർച്ച നടത്തേണ്ടതില്ലെന്നുമാണ് കോളജിന്റെ തീരുമാനം.
കോളജിന്റെ വിട്ടുവീഴ്ചയില്ലാത്ത തീരുമാനം അറിയിച്ചതിനൊപ്പം നിർമല കോളജിന്റെ പ്രിൻസിപ്പൽ റവ. ഡോ. ഫ്രാന്സിസ് കണ്ണാടന്, ആ കുട്ടികൾ നിർമല കോളജിന്റേതാണെന്നു പറഞ്ഞ് ചേർത്തുപിടിക്കുകയായിരുന്നു. മൂവാറ്റുപുഴയിലെ രണ്ടു മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജിലെത്തി മാനേജ്മെന്റുമായി ചർച്ച നടത്തുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
അവരുടെ സമീപനം മൂവാറ്റുപുഴയുടെ മാത്രമല്ല, കേരളത്തിന്റെതന്നെ മതേതരഗാത്രത്തെ ബലപ്പെടുത്തുന്നതാണ്. കോളജ് മാനേജ്മെന്റിന്റെയും മഹല്ല് കമ്മിറ്റികളുടെയും ശക്തമായ നിലപാട്, സംഭവത്തിൽനിന്നു മുതലെടുപ്പ് നടത്താൻ കാത്തിരുന്നവരെ അങ്ങേയറ്റം നിരാശപ്പെടുത്തിയിട്ടുണ്ട്. അത്തരക്കാരെ മൂലയ്ക്കിരുത്താൻ മൂന്നുദിവസംപോലും മൂവാറ്റുപുഴയ്ക്കു വേണ്ടിവന്നില്ല.
എടുത്തുചാടിയുള്ള ഏതൊരു അഭിപ്രായപ്രകടനവും സ്ഥാപിത താത്പര്യക്കാർക്കേ പ്രയോജനപ്പെടൂ എന്ന തീരുമാനത്തിലായിരുന്നു ദീപിക. ആ നിലപാടിനെ അങ്ങേയറ്റം ശ്ലാഘിച്ച് പിന്തുണയറിയിച്ച വായനക്കാരെയും സ്മരിക്കുന്നു.
ചെറിയ വിയോജിപ്പുകളെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ബഹിർസ്ഫുരണങ്ങളായി മാത്രം കാണുന്നു. ഭരണഘടനയുടെ ആമുഖം എഴുതിവച്ചിരിക്കുന്ന നിർമല കോളജ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടായി നിലനിർത്താൻ നൽകിയ സംഭാവന ചരിത്രത്തിൽ എഴുതപ്പെട്ടിരിക്കുന്നു.