വകതിരിവ് വട്ടപ്പൂജ്യം!

2025 ഏപ്രിൽ 22 നു പഹൽഗാമിൽ ഭീകരർ നടത്തിയ നരഹത്യക്കെതിരെ ഇന്ത്യ നടത്തിയ “ഓപ്പറേഷൻ സിന്ദൂർ” സൈനിക നടപടിയിലൂടെ
ഇന്ത്യ എന്തു നേടി എന്നതിനേക്കാൾ, ആക്രമണത്തിൽ “ഇന്ത്യയുടെ എത്ര വിമാനം വീണു” എന്നതാണ് ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളും കുറെയധികം മാധ്യമങ്ങളും
2025 മെയ്‌ 7 മുതൽ ചർച്ച ചെയ്യുന്നത്!
ഇപ്പോഴും വിമാനം വീണോ ഇല്ലയോ എന്നതാണ് പലരുടേയും ഉറക്കം കെടുത്തുന്നത്!

ഇന്ത്യ നാണംകെട്ടു, ഇന്ത്യക്കു വൻ നഷ്ടമുണ്ടായി, അര ഡസനിലേറെ ഇന്ത്യയുടെ ഏറ്റവും മുന്തിയ യുദ്ധ വിമാനങ്ങൾ പാകിസ്ഥാൻ വെടിവച്ചിട്ടു….
ഇങ്ങനെ, പാകിസ്ഥാനെയും ചൈനയെയും ഉയർത്തിക്കാണിക്കാനും ഇന്ത്യ യെന്നാൽ “സ്ലം ഡോഗ് മില്യണർ” ആണെന്നു സ്ഥാപിക്കാനും, പാകിസ്ഥാനിൽനിന്നും
പല പടിഞ്ഞാറാൻ മാധ്യമങ്ങളിൽനിന്നും അതിനുള്ള “തെളിവുകൾ” ശേഖരിച്ച്
ഇന്ത്യൻ സാമൂഹ്യ മാധ്യമങ്ങളിലും,
ടെലിവിഷൻ, പ്രിന്റ് മാധ്യമങ്ങളിലും അടക്കം വിളമ്പാനും ചിലർ വളരെ ബോധപൂർവമുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു!
എന്താണ് ഇവർ ലക്ഷ്യം വയ്ക്കുന്നത് എന്നു മനസ്സിലാകുന്നില്ല!

മലയാളത്തിൽ “വകതിരിവ്” എന്നൊരു വാക്കുണ്ട്. ‘വിവേച്ചിച്ചറിയാനുള്ള ശേഷി’ എന്നാണതിന്റെ ഏകദേശ അർത്ഥം. ‘വിവേകം’ എന്നും പറയാം.
തീരെ വകതിരിവില്ലാത്തവർ
മാധ്യമ പ്രവർത്തനം നടത്തുന്നതു മനസ്സിലാക്കാം. വിവാദങ്ങൾ സൃഷ്ടിക്കുക എന്നതു മാത്രമാകാം അവരുടെ ലക്ഷ്യം. അതുവഴി അല്പസ്വല്പം കാശുണ്ടാക്കാൻ കഴിയും എന്നതിലായിരിക്കാം അവർ കണ്ണു വയ്ക്കുന്നത്.
എന്നാൽ, വകതിരിവും വെളിവും തീരെയില്ലാത്തവർ രാഷ്ട്രീയ നേതാക്കളുടെ വേഷം കെട്ടുന്നത് പരിഹാസ്യം മാത്രമല്ല, രാജ്യത്തിനുതന്നെ അപമാനകരമാണ്!

ജീവൻ ത്യജിച്ചും രാജ്യത്തിന്റെ സുരക്ഷിതത്വവും ആത്മാഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ യുദ്ധമുന്നണിയിലേക്കു പോകുന്ന സൈന്യം എത്ര വിമാനങ്ങൾ നഷ്ടപ്പെടുത്തി,
എത്ര രൂപ രാജ്യത്തിനു നഷ്ടം വരുത്തി എന്നൊക്കെ ചോദിക്കുന്ന ഏഭ്യത്തരത്തിനു വകതിരിവില്ലായ്മ യെന്നോ വെളിവില്ലായ്മയെന്നോ രാഷ്ട്രീയ പാപ്പരത്തമെന്നോ ആണ് പറയേണ്ടത്! ഇന്ത്യ ലക്ഷ്യം വച്ചതു നേടിയോ എന്നതാണ് പ്രധാനം! അതിനു വിലകൊടുക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിനെ മാന്യമായി ഉൾക്കൊള്ളാന്നുള്ള “വിവേകം”
എല്ലാ ഇന്ത്യക്കാർക്കും ഉണ്ടാകണം.

ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ കടന്ന് 26 ഇന്ത്യക്കാരുടെ ജീവൻ കവർന്ന ഏറ്റവും നീചവും ഭീകരവുമായ അതിക്രമത്തിനെതിരെ,
“രാജ്യം ഒറ്റക്കെട്ടായി” നടപ്പാക്കിയ സൈനിക നടപടി പോലുളള വിഷയങ്ങളിൽ “മറു പക്ഷത്തു” നിൽക്കുകയാണ് പ്രതിപക്ഷത്തിന്റെ ധർമ്മം എന്നു ചിന്തിക്കുന്നതു തീർത്തും വകതിരിവില്ലായ്മയാണ്!

ഫാ. വർഗീസ് വള്ളിക്കാട്ട്