ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) ആദ്യ യോഗം ഈ മാസം 22ന് നടക്കും. ബിജെപി എംപി ജഗദാംബിക പാലാണു സമിതിയുടെ അധ്യക്ഷൻ. ലോക്സഭയിൽനിന്ന് 21ഉം രാജ്യസഭയിൽനിന്ന് പത്തും അംഗങ്ങളാണ് സമിതിയിലുള്ളത്.
ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ ബില്ലിനെക്കുറിച്ചും നിർദേശിച്ചിരിക്കുന്ന ഭേദഗതികളെക്കുറിച്ചും ജെപിസി അംഗങ്ങളുമായി ചർച്ച നടത്തും. നിയമമന്ത്രാലയത്തിന്റെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
ഈ മാസം ആദ്യം അവസാനിച്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്രസർക്കാർ ബിൽ അവതരിപ്പിക്കുകയും നിയമനിർമാണം പ്രതിപക്ഷം എതിർത്തതിനെത്തുടർന്ന് കൂടുതൽ സൂക്ഷ്മപരിശോധനയ്ക്കായി ജെപിസിക്ക് അയയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു.