വിഴിഞ്ഞം: നിയമലംഘനം നടത്തി മീൻ പിടിച്ച ട്രോളർ ബോട്ടിനു രണ്ടരലക്ഷം രൂപ പിഴയിട്ടു. ബോട്ടിൽനിന്നു കണ്ടുകെട്ടിയ മീൻ ലേലത്തിൽപോയ ഇനത്തിൽ ലഭിച്ചത് 1.10 ലക്ഷം. ഒരു ബോട്ടിൽനിന്നു സർക്കാരിനു ലഭിച്ചത് മൂന്നരലക്ഷത്തിൽപ്പരം രൂപ..!
ഞായറാഴ്ച മറൈൻ എൻഫോഴ്സ് മെന്റ് പിടികൂടിയ കൊല്ലം നീണ്ടകര സ്വദേശിയുടെ വേളാങ്കണ്ണിമാതാ എന്ന ബോട്ടിനാണ് ഇന്നലെ അധികൃതർ പിഴയിട്ടത്. നിയമലംഘനം തുടർക്കഥയെന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വ്യാപക ആരോപണങ്ങൾക്കിടെയാണ് ബോട്ട് പിടിച്ചെടുത്തത്.
കൊല്ലം, നീണ്ടകര എന്നിവിടങ്ങളിൽനിന്നു നിരവധി ട്രോളർ ബോട്ടുകൾ കരയിൽനിന്ന് മീൻ പിടിക്കുന്നതായി അധികൃതർ തന്നെ പറയുന്നു. എന്നാൽ ഇവയെ പിടികൂടുന്നതിനുള്ള അടിസ്ഥാന സംവിധാനങ്ങൾ ഇല്ലാത്തതാണ് പ്രശ്നം . തീരത്തുനിന്ന് 25 മീറ്റർ ആഴത്തിനപ്പുറമാണ് ട്രോളർ ബോട്ടുകൾക്കു മത്സ്യബന്ധനത്തിന് അധികാരം. നിയമം ലംഘിച്ചുള്ള ഇവരുടെ മീൻപിടിത്തം മത്സ്യനാശത്തിനു വഴി തെളിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മീനുകളുടെ മുട്ടയും കുഞ്ഞുങ്ങളും ഉൾപ്പെടെ അരിച്ചുവാരുന്ന സംഘം വില്പനക്ക് കൊള്ളാത്തവയെ വളം നിർമാണ കേന്ദ്രങ്ങൾക്കു നൽകി ലക്ഷങ്ങൾ സമ്പാദിക്കുന്നതായും പറയപ്പെട്ടുന്നുണ്ട്. ഇതിനുപരി നിയമം ലംഘിച്ചുള്ളലൈറ്റ് ഫിഷിംഗും തകൃതിയായി നടക്കുന്നുണ്ട്. ഇവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപികരിക്കാനുള്ള ശ്രമം അധികൃതർ ആരംഭിച്ചു.
എന്നാൽ നിയമലംഘകരെ പിടികൂടാൻ അധികാരപ്പെട്ട മറൈൻ എൻ ഫോഴ്സ്മെന്റിന് വൻകിട ബോട്ടുകളെ വെല്ലാൻ പ്രാപ്തമായ പട്രോൾ ബോട്ടോ, ആവശ്യത്തിനു ജീവനക്കാരോ, എതിർപ്പുമായി വരുന്നവരെ തടയാനുള്ള സംവിധാനമോ ഇല്ല. ഇതു മുതലെടുത്താണു നിയമലംഘകരുടെ വിലസൽ. ഇവരെ തടയണമെന്ന പരമ്പരാഗത മത്സ്യ ത്തൊഴിലാളികളുടെ നിരന്തര ആവശ്യങ്ങൾ ഫലം കാണാത്തതും അധികൃതർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെന്നും വിലയിരുത്തൽ.