തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ട്(45) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ച മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടമുണ്ടായത്. ശക്തമായ തിരമാലയിൽ വള്ളം തലകീഴായി മറിയുകയായിരുന്നു. നാലു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.
രണ്ടുപേരെ മറൈൻ ഇൻഫോഴ്സ്മെന്റാണ് രക്ഷപ്പെടുത്തിയത്. ഒരാളെ മറ്റൊരു വള്ളത്തിൽ കയറ്റി രക്ഷപ്പെടുത്തി. കാണാതായ ബെനഡിക്ടിനായി രണ്ട് ദിവസമായി തിരച്ചിൽ നടത്തി വരുന്നതിനിടെ ഇന്ന് രാവിലെ പുതുക്കുറിച്ചി തീരത്താണ് മൃതദേഹം കണ്ടെത്തിയത്.