പാലക്കാട്: പാർട്ടിയിൽനിന്ന് തരംതാഴ്ത്തൽ നടപടി നേരിട്ട സിപിഎം നേതാവ് പി.കെ.ശശി കെടിഡിസി അധ്യക്ഷപദവി രാജിവയ്ക്കും. ഇന്നോ ചൊവ്വാഴ്ചയോ തിരുവനന്തപുരത്ത് എത്തി രാജി നല്കും. അധ്യക്ഷസ്ഥാനത്ത് തുടരാനാകില്ലെന്ന് സൂചന ലഭിച്ച സാഹചര്യത്തിലാണ് രാജി.
പാർട്ടി ഫണ്ട് തിരിമറി കേസിലാണ് പി.കെ.ശശിക്കെതിരെ സിപിഎം നടപടിയെടുത്തിരുന്നു. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി പിരിച്ചു വിട്ടതിനു പിന്നാലെ പി.കെ.ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കുകയായിരുന്നു.
ഇതോടെ പി.കെ.ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. മണ്ണാർക്കാട് ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം അന്വേഷിച്ചത്.