ഒല്ലൂർ: വിശുദ്ധ എവുപ്രാസ്യമ്മയുടെ അതിരൂപത തീര്‍ഥകേന്ദ്രത്തിൽ തിരുനാൾ 29ന് ആഘോഷിക്കും. ഇന്ന് വൈകുന്നേരം 6.30ന് തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. റാഫേല്‍ വടക്കന്‍ തിരുനാൾ കൊടിയേറ്റം നിർവഹിക്കും. തിരുനാള്‍ദിനം വരെയുള്ള എല്ലാദിവസവും രാവിലെ 11നും വൈകുന്നേരം അഞ്ചിനും കുര്‍ബാന, ലദീഞ്ഞ്, തിരുശേഷിപ്പ് വണക്കം എന്നിവ നടക്കും.
27ന് രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശുദ്ധ എവുപ്രാസ്യമ്മയുടെ കബറിടം സന്ദര്‍ശിക്കും. വൈകുന്നേരം അഞ്ചിനുള്ള ദിവ്യബലിക്കു ശേഷം ദീപാലങ്കാര സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി കെ. രാജന് നിര്‍വഹിക്കും. 28ന് വൈകുന്നേരം അഞ്ചിന് ദിവ്യബലി, കൂടുതുറക്കൽ ശുശ്രൂഷ എന്നിവ നടക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ മുഖ്യകാർമികത്വം വഹിക്കും.
29ന് തിരുനാള്‍ ദിനത്തില്‍ രാവിലെ 7.15 ന് ദിവ്യബലിക്കു ശേഷം നേര്‍ച്ചഭക്ഷണം ആശീര്‍വാദം നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് വല്ലൂരാന് മുഖ്യകാര്‍മികത്വം വഹിക്കും. തുടർന്ന് മേരിമാത പള്ളിയിലേക്കു തിരുനാൾ ജപമാലപ്രദക്ഷിണം നടക്കും. ഉച്ചകഴിഞ്ഞ്മൂന്നിനും അഞ്ചിനും ദിവ്യബലി ഉണ്ടാകും. വൈകുന്നേരം ആറുവരെ ഊട്ടുനേര്‍ച്ച വിതരണം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഫാ.റാഫേല്‍ വടക്കന്‍, തീർഥകേന്ദ്രം സെക്രട്ടറി സിസ്റ്റർ ലിസി ജോൺ, സുപ്പീരിയർ സിസ്റ്റര്‍ ലിസ്ജോ, ഫിനാൻസ് ഓഫീസർ സിസ്റ്റർ ശുഭ ചാക്കോ, ജനറൽ കൺവീനർ താജ് ആന്റണി, പബ്ലിസിറ്റി കൺവീനർ ഡേവിസ് കൊള്ളന്നൂര്‍, ജോസഫ് കാരക്കട, കൗൺസിലർമാരായ സി.പി. പോളി, കരോളിൻ ജെറീഷ് എന്നിവര്‍ പങ്കെടുത്തു.
പതാക കൈമാറി
തിരുനാളിനു മുന്നോടിയായുള്ള പതാക പ്രയാണം നടന്നു. വിശുദ്ധ എവുപ്രാസ്യ മാമോദീസ മുങ്ങിയ ഇരിങ്ങാലക്കുട രൂപതയിലെ എടത്തിരുത്തി പരിശുദ്ധ കർമലമാതാവിന്റെ ഫൊറോന ദേവാലയത്തിൽ രാവിലെ ഫൊറോന വികാരി ഫാ. പോളി പടയാട്ടിൽ തിരുനാൾ കമ്മിറ്റിക്ക് പതാക കൈമാറി. വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർഥകേന്ദ്രത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പതാക ഏറ്റുവാങ്ങി ദിവ്യബലി അർപ്പിച്ചു. റെക്ടർ ഫാ. റാഫേൽ വടക്കൻ, മന്ത്രി കെ. രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.