ന്യൂഡൽഹി: കോൽക്കത്തയിൽ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കത്തെഴുതി. വിഷയത്തിൽ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും നിയമ പരിരക്ഷയടക്കം അഞ്ചു കാര്യങ്ങളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഐഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്.
വിമാനത്താവളങ്ങളിലേതിനു സമാനമായ സുരക്ഷാ സംവിധാനം, നിശ്ചിതമായ ജോലിസമയം, സുരക്ഷ ഉറപ്പുനൽകുന്ന വിശ്രമമുറികൾ എന്നിവ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഉറപ്പുനൽകുക, കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, സമയബന്ധിത നീതി ഉറപ്പാക്കുന്ന തരത്തിലുള്ള അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് കത്തിൽ ഐഎംഎ ഉന്നയിച്ചിരിക്കുന്നത്.