തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി കോണ്‍ഗ്രസിന്റെ മൊബൈൽ ആപ്പ് വഴിയുള്ള ധനസമാഹരണ യജ്ഞം നാളെ മുതൽ ആരംഭിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അറിയിച്ചു.
പൂർണമായി ഓണ്‍ലൈനിലൂടെയാണ് കെപിസിസിയുടെ നേതൃത്വത്തിലുള്ള വയനാട് പുനരധിവാസ ധനസമാഹരണയജ്ഞം നടത്തുക. ഇതിനായി കെപിസിസി മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കി. സ്റ്റാൻഡ് വിത്ത് വയനാട്-ഐഎൻസി എന്നാണ് മൊബൈൽ ആപ്പിന്റെ പേര്. ലോഞ്ചിംഗ് നാളെ കളമശേരി ചാക്കോളാസ് പവിലിയൻ കണ്വൻഷൻ സെന്ററിൽ നടക്കും.
പ്ലേ സ്റ്റോർ,ആപ്പ് സ്റ്റോർ എന്നിവ വഴി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫണ്ട് സമാഹരണത്തിനായി ധനലക്ഷി ബാങ്കിന്റെയും ഫെഡറൽ ബാങ്കിന്റെയും രണ്ട് അക്കൗണ്ട് തുറന്നു.
സംഭാവന ബാങ്ക് അക്കൗണ്ടിൽ സ്വീകരിച്ചു കഴിഞ്ഞാൽ നൽകിയ വ്യക്തിക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും ഒപ്പോടുകൂടിയ ഡിജിറ്റൽ രസീതും എസ്എംഎസ് വഴി സന്ദേശവും ലഭിക്കും.
കോണ്‍ഗ്രസ് പ്രവർത്തകരും അനുഭാവികളും വിവിധ ഘടകങ്ങളും പോഷകസംഘടനകളും സെല്ലുകളും ഉൾപ്പെടെയുള്ളവയുടെ ഭാരവാഹികളും വയനാട് പുനരധിവാസ ഫണ്ട് നൽകേണ്ടത് ആപ്പ് ഉപയോഗിച്ചാകണം.
മറ്റുതരത്തിലുള്ള ഫണ്ട് ശേഖരണം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സുധാകരൻ അറിയിച്ചു.