വൈപ്പിൻ: കടലിൽ കേരള തീരമായ 12 നോട്ടിക്കൽ മൈലിനകത്ത് പെലാജിക് വലകൾ ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് ഫിഷറീസ് ഡയറക്ടർ ബി. അബ്ദുൾ നാസർ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
ഈ വിഷയത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് നിർദേശം. ചർച്ചയിൽ ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി നടപടികൾ സ്വീകരിക്കാമെന്ന് ഡയറക്ടർ ഉറപ്പുനൽകി.
നിരോധിത വലകൾ പിടിച്ചെടുത്ത് കണ്ടുകെട്ടുന്നതിനൊപ്പം ബോട്ടും കണ്ടുകെട്ടി ഉടമയ്ക്കെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്നതായിരുന്നു മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ച പ്രധാന ആവശ്യം.
ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഹാർബറുകളിലും ബോട്ടുകളിലും പരിശോധന നടത്തുക, ചെറുമീൻ കയറ്റിപ്പോകുന്ന വാഹനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുക, ചെറുവഞ്ചികളെ ഒഴിവാക്കി മറ്റെല്ലാ യാനങ്ങളുടെയും രാത്രികാല ട്രോളിംഗ് തടയുക, ട്രോളിംഗ് നിരോധനം 90 ദിവസമാക്കി വർധിപ്പിക്കുക, കടലാമകൾക്കു രക്ഷപ്പെടാൻ ട്രോൾ നെറ്റിൽ ടിഇഡി ഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു .
ചർച്ചയിൽ ജോയിന്റ് ഡയറക്ടർ എസ്. മഹേഷ്, ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൺ, അസി. ഡയറക്ടർ പി. അനീഷ്, എസിപി ജയകുമാർ, മുളവുകാട് എസ്ഐ വി.എസ്. ശ്യാംകുമാർ, മത്സ്യത്തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് പി.വി. ജയൻ, ടി.കെ. മുരളീധരൻ, ജാക്സൺ പൊള്ളയിൽ, ആന്റണി കുരിശിങ്കൽ, ആശ്രയം രാജു എന്നിവരും പങ്കെടുത്തു.