ശ്രീനഗർ: ജമ്മു കാഷ്മീരിൽ പത്തു വർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷയോടെ ബിജെപിയും പ്രതിപക്ഷ പാർട്ടികളും. 2014ലാണ് ഇതിനു മുന്പ് കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.
അന്ന് ബിജെപി-പിഡിപി സഖ്യം അധികാരത്തിലെത്തി. 87ൽ 25 സീറ്റാണു ബിജെപി നേടിയത്; പിഡിപിക്ക് 28ഉം. 2015 ജനുവരിയിൽ പിഡിപിയിലെ മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായി. 2016ൽ മുഫ്തിയുടെ നിര്യാണത്തെത്തുടർന്ന് മെഹ്ബൂബ മുഫ്തി മുഖ്യമന്ത്രിയായി.
മണ്ഡല പുനർനിർണയത്തിനുശേഷം സംസ്ഥാനത്ത് 90 സീറ്റുകളാണുള്ളത്. 2019ൽ കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കപ്പെട്ടശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിതെന്ന സവിശേഷതയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉയർന്ന പോളിംഗാണു ജമ്മു കാഷ്മീരിൽ രേഖപ്പെടുത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിലും അത് ആവർത്തിക്കുമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രതീക്ഷ. 2014 നവംബർ-ഡിസംബർ മാസങ്ങളിൽ അഞ്ചു ഘട്ടമായാണു പോളിംഗ് നടന്നതെങ്കിൽ ഇത്തവണ മൂന്നു ഘട്ടമാണ്.
ജമ്മു മേഖല ബിജെപിയുടെയും കാഷ്മീർ താഴ്വര നാഷണൽ കോൺഫറൻസ്, പിഡിപി കക്ഷികളുടെയും ശക്തികേന്ദ്രമാണ്. ജമ്മുവിൽ കോൺഗ്രസാണ് രണ്ടാമത്തെ വലിയ പാർട്ടി. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണെങ്കിലും കാഷ്മീർ താഴ്വരയിൽ നാഷണൽ കോൺഫറൻസും പിഡിപിയും പരസ്പരം മത്സരിക്കുന്നു.
കോൺഗ്രസും ഒറ്റയ്ക്കാണു പോരാടുന്നത്. ജമ്മുവിൽ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ കോൺഗ്രസിനു ലഭിച്ചേക്കും. ഒന്നാം ഘട്ടത്തിൽ 24 സീറ്റുകളിൽ വിധിയെഴുത്ത് നടക്കും. രണ്ടാം ഘട്ടത്തിൽ 26ഉം മൂന്നാം ഘട്ടത്തിൽ 40ഉം സീറ്റുകളിൽ വോട്ടെടുപ്പ് നടക്കും.
മണ്ഡല പുനർനിർണയത്തിനുശേഷം ജമ്മു മേഖലയിൽ സീറ്റുകൾ കൂടിയത് ബിജെപിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ജമ്മു മേഖല തൂത്തുവാരി ഒറ്റയ്ക്കു ഭൂരിപക്ഷം നേടുകയെന്നതാണു ബിജെപി ലക്ഷ്യമിടുന്നത്.