തിരുവനന്തപുരം: കോൽക്കത്തയിലെ ആർജികാർ മെഡിക്കൽ കോളജിൽ ഡ്യൂട്ടിയിലിരിക്കെ യുവഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്നു രാവിലെ ആറു മുതൽ നാളെ രാവിലെ ആറുവരെ ഇരുപത്തിനാലു മണിക്കൂർ മോഡേണ്‍ മെഡിസിൻ ഡോക്ടർമാരുടെ സേവനങ്ങൾ രാജ്യവ്യാപകമായി പിൻവലിക്കും.
സംഭവത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും എല്ലാ ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും പ്രത്യേക സുരക്ഷിത മേഖല ആക്കാനുള്ള തീരുമാനം ദേശീയ തലത്തിൽ ഉണ്ടാകണമെന്നും ഐഎംഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.
സമരം ആശുപത്രികളിൽ കിടപ്പു രോഗികൾക്കുള്ള ചികിത്സയെ ബാധിക്കില്ല. അത്യാഹിത വിഭാഗങ്ങൾ സാധാരണപോലെ പ്രവർത്തിക്കും. വയനാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലയെ സമരത്തിൽനിന്ന് ഒഴിവാക്കി.
ജില്ലയിലെ ഡോക്ടർമാർ പ്രതിഷേധ സൂചകമായി കറുത്ത ബാഡ്ജ് ധരിച്ചു സേവനം നടത്തും. സമരത്തിനു കെജിഎംഒഎയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.