തിരുവനന്തപുരം: കെട്ടിട നിർമാണ ചട്ടങ്ങളിൽ വലിയ ഇളവുകളുമായി തദ്ദേശവകുപ്പ്. പെർമിറ്റ് കാലാവധി 15 വർഷത്തേക്കു ദീർഘിപ്പിച്ചു നൽകുന്നതടക്കമുള്ള ഭേദഗതികളോടെയാണ് കെട്ടിടനിർമാണ ചട്ടങ്ങളിൽ തദ്ദേശവകുപ്പ് ഇളവുകൾ പ്രഖ്യാപിച്ചത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടു മാത്രം 106 ചട്ടങ്ങളിലായി സർക്കാരിനു മുന്നിൽവന്ന 351 ഭേദഗതി നിർദേശങ്ങളിൽനിന്നാണ് ഈ ഇളവുകൾ പ്രഖ്യാപിക്കുന്നതെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ് അറിയിച്ചു.
നിർമാണ പ്ലോട്ടിൽ പാർക്കിംഗ് വേണമെന്ന നിബന്ധനയിലും ഉപാധികളോടെ ഇളവ് അനുവദിക്കുന്നതിനാണു തീരുമാനം. ഉടമസ്ഥന്റെ തൊട്ടടുത്തുള്ള പ്ലോട്ടിൽകൂടി പാർക്കിംഗ് സംവിധാനം അനുവദിക്കും. 25 ശതമാനം എങ്കിലും നിർമാണം നടക്കുന്ന പ്ലോട്ടിലും ബാക്കി 75 ശതമാനം വരെ സമീപ പ്ലോട്ടിലും പാർക്കിംഗ് ആകാം. അതേ ഉടമസ്ഥന്റെ പേരിലായിരിക്കണം ഭൂമി.
നിലവിൽ അഞ്ചു വർഷമാണു കെട്ടിട നിർമാണ പെർമിറ്റ് കാലാവധി. അടുത്ത അഞ്ചു വർഷത്തേക്കുകൂടി നീട്ടുന്നതിനു നിലവിൽ വ്യവസ്ഥയുണ്ട്. പിന്നീടും പെർമിറ്റ് കാലാവധി നീട്ടേണ്ടി വരികയാണെങ്കിൽ അത് സങ്കീർണമാണ്. അതിനാൽ പ്രവൃത്തിയുടെ ആവശ്യമനുസരിച്ച് പരമാവധി അഞ്ചു വർഷത്തേക്കുകൂടി (മൊത്തം 15 വർഷം) ലളിതമായ നടപടികളിലൂടെ പെർമിറ്റ് കാലാവധി നീട്ടുന്നതിനാണ് അനുമതി.
റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ വിൽക്കുന്ന ചെറുപ്ലോട്ടുകൾക്കു കെട്ടിട നിർമാണപെർമിറ്റ് നിഷേധിക്കുന്ന സാഹചര്യമുണ്ട്. അത് ഒഴിവാക്കാൻ ചട്ടങ്ങൾ ഭേദഗതി ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിൽനിന്നു ഡെവലപ്മെന്റ് പെർമിറ്റ് എടുക്കാതെ സ്ഥലം ചെറിയ പ്ലോട്ടുകളായി വിൽക്കുന്നതു വഴിയാണ് ഇത് സംഭവിക്കുന്നത്. പ്ലോട്ട് ഉടമസ്ഥർക്കു ലഭിക്കേണ്ട പൊതുസൗകര്യങ്ങൾ ഇതുവഴി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു.
ഈ പശ്ചാത്തലത്തിൽ ചെറുപ്ലോട്ടുകളുടെ ഉടമകൾക്കു പെർമിറ്റ് നിഷേധിക്കപ്പെടുന്നു. റിയൽ എസ്റ്റേറ്റ് ഡവലപ്പറുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മൂലം ചെറുപ്ലോട്ടുകളുടെ ഉടമസ്ഥർക്ക് പെർമിറ്റ് കിട്ടാത്ത സാഹചര്യം ഒഴിവാക്കി, നിയമലംഘനം നടത്തിയവർക്കെതിരേ നടപടി ഉറപ്പാക്കുന്ന തരത്തിലുമാണു ചട്ടങ്ങൾ ഭേദഗതി ചെയ്യുക.
ഗാലറി ഇല്ലാത്ത ടർഫുകളുടെയും പാർക്കിംഗ് വ്യവസ്ഥയിൽ ഇളവ് നൽകും. അതായത്, ഒരു ഓഡിറ്റോറിയത്തിനു തുല്യമായ പാർക്കിംഗ് സംവിധാനം വേണം. ഗാലറി ഇല്ലാത്ത ടർഫുകൾക്ക് ഇത്രയും പാർക്കിംഗ് ആവശ്യമില്ല.
അതിനാൽ ഇത്തരം ടർഫുകൾക്കു പാർക്കിംഗിന്റെ കാര്യത്തിൽ ഇളവ് നൽകും. പെർമിറ്റ് അപേക്ഷകൾ നിരസിക്കപ്പെട്ടാൽ അപ്പീൽ നൽകേണ്ടത് തദ്ദേശ സ്ഥാപന ട്രൈബ്യൂണലിലാണ്. ഇത് തിരുവനന്തപുരത്തു മാത്രമാണുള്ളത്. പൊതുജനങ്ങൾക്ക് സഹായകരമായ നിലയിൽ ജില്ലാതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഒന്നാം അപ്പലേറ്റ് അഥോറിറ്റി ഏർപ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഓണ്‍ലൈനായി അപേക്ഷ നൽകുന്നവരെ നേരിട്ടു വിളിച്ചാൽ നടപടി
വിവിധ ആവശ്യങ്ങളുമായി തദ്ദേശ വകുപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ എത്തുന്ന ജനങ്ങളെ ഓഫീസുകളിൽ അനാവശ്യമായി കയറ്റിയിറക്കിയാൽ കർശന നടപടിയുണ്ടാകുമെന്നു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
അപേക്ഷ പ്രകാരം ആവശ്യമായ രേഖകളുടെ ചെക്ക്ലിസ്റ്റ് ആദ്യമേ അപേക്ഷകനു നൽകുന്നതിനു സംവിധാനമുണ്ടാകും. ഓണ്‍ലൈൻ അപേക്ഷ കൊടുത്താലും ചില ഉദ്യോഗസ്ഥർ ആളുകളെ നേരിട്ട് വിളിച്ചുവരുത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഓണ്‍ലൈൻ അപേക്ഷയ്ക്ക് ഓണ്‍ലൈൻ പരിഹാരംതന്നെ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
പുതിയ രേഖകൾ ആവശ്യമെങ്കിൾ അധിക രേഖയ്ക്കുള്ള കാരണം ഉദ്യോഗസ്ഥൻ രേഖാമൂലംതന്നെ അപേക്ഷകനെ അറിയിക്കണം. വാക്കാൽ ആവശ്യപ്പെടാൻ പാടില്ല. പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പൊതുജനങ്ങൾക്ക് തത്സമയം പരാതി അറിയിക്കാൻ കോൾ സെന്ററും വാട്സ് ആപ്പ് നന്പരും ഏർപ്പെടുത്തും.
കിട്ടുന്ന പരാതികളിൽ ഉടനടി തീരുമാനമെടുക്കും. ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർക്കു ചുമതല വിഭജിച്ചു നൽകുമെന്നും മന്ത്രി പറഞ്ഞു. സേവനത്തിനുള്ള സമയപരിധി, എത്രദിവസംകൊണ്ടു ഫയൽ തീർപ്പാക്കണം എന്നിവ പരാതി പരിഹാര നന്പർ സഹിതം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഈ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി തദ്ദേശ സ്ഥാപനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കും. സ്ഥിരം അദാലത്ത് സമിതികൾ കൂടുതൽ ജനകീയമാക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യാപാര ലൈസൻസ് ഫീസ് പരിഷ്കരിക്കും
തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസ് ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്കരിക്കും. കൂടുതൽ സ്ലാബുകൾ കൊണ്ടുവരാനാണു തീരുമാനിച്ചിരിക്കുന്നത്. വ്യാപാരി വ്യവസായി മേഖലയിൽനിന്നുള്ള സംഘടനകളുടെ ദീർഘകാലത്തെ ആവശ്യത്തിനാണു പരിഹാരം കാണുന്നത്.
നഗരസഭകളിൽനിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിൽ കുറവുവരുത്തും. നിലവിൽ യഥാർഥ ലൈസൻസ് ഫീസിന്റെ മൂന്നും നാലും ഇരട്ടിവരെ പിഴ വരുന്ന സാഹചര്യമുണ്ട്.
നിയമലംഘനമില്ലാത്ത കേസുകളിൽ പരമാവധി ഇത്ര ശതമാനം എന്ന് നിശ്ചയിച്ച് ഇതു ലഘൂകരിക്കും. വീടുകളോടു ചേർന്ന് ഒട്ടേറെ ചെറുകിട വ്യവസായ ഉത്പാദക വാണിജ്യസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എങ്കിലും ഇവക്ക് ലൈസൻസ് നൽകാൻ ചട്ടങ്ങളിൽ നിലവിൽ വ്യവസ്ഥയില്ല. വീടുകളോടു ചേർന്ന് പ്രവർത്തിക്കുന്ന ഇത്തരം ചെറുകിട സ്ഥാപനങ്ങൾക്കു ലൈസൻസ് ലഭിക്കുന്ന തരത്തിൽ ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും.
തദ്ദേശസ്ഥാപനങ്ങളിൽ പ്രത്യേക ഡിസൈൻ വിംഗ്
തദ്ദേശ സ്ഥാപനങ്ങളുടെ വൻകിട പ്രവൃത്തികളുടെ ഡിസൈൻ നിലവിൽ തയാറാക്കുന്നത് എൻജിനിയറിംഗ് കോളജുകൾ മുഖേനയാണ്. ഇതിനായി വലിയ ഫീസ് നൽകേണ്ടിവരുന്നു. ഇതു പരിഗണിച്ച് തദ്ദേശ വകുപ്പിൽ നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള എൻജിനിയർമാരെ ഉപയോഗപ്പെടുത്തി പ്രത്യേക ഡിസൈൻ വിംഗ് രൂപവത്കരിക്കും.
പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ക്വാളിറ്റി മോണിറ്ററിംഗ് ലാബുകൾ സ്ഥാപിക്കും.
എൻജിനിയർമാരുടെ കുറവ് പരിഹരിക്കാൻ വിരമിച്ചവരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. എൻജിനിയർമാരുടെ കുറവ് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണിത്.