പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ കഞ്ചാവുവേട്ട.
ദിബ്രുഗഡ് – കന്യാകുമാരി വിവേക് എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്മെന്റുകളുടെ ഇടനാഴിയിൽ ഉടമസ്ഥനില്ലാത്ത രീതിയിൽ രണ്ടു ചാക്കുകളിലായി വച്ചിരുന്ന ഫലവൃക്ഷത്തൈകളുടെ ചുവട് ഇളക്കി പരിശോധിച്ചപ്പോഴാണു മണ്ണിനു പകരം കഞ്ചാവ് നിറച്ചുവച്ചതായി കണ്ടെത്തിയത്.
നാരകം, മാതളം, പേര, മൈലാഞ്ചി തുടങ്ങിയവയുടെ തൈകൾ നട്ട കവറിൽ മണ്ണിനുപകരം കഞ്ചാവാണെന്നു കണ്ടെത്തുകയായിരുന്നു. കടത്താൻ ശ്രമിച്ച 19.5 കിലോ കഞ്ചാവ് എക്സൈസ് കണ്ടുകെട്ടി.
ഇതിന് ഒൻപതര ലക്ഷത്തോളം രൂപ വിലവരും. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ. കേശവദാസ് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.
കഞ്ചാവ് കടത്തിയവരെ തേടി അന്വേഷണം ഊർജിതമാക്കിയതായി ആർപിഎഫ് എക്സൈസ് അധികൃതർ അറിയിച്ചു.