ബാഗ്ദാദ്: ഇറാക്കിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള വ്യക്തിനിയമം ഭേദഗതി ചെയ്യാനുള്ള നീക്കം മുസ്ലിം പെൺകുട്ടികളുടെ വിവാഹപ്രായം ഒന്പതു വയസു വരെ താഴാൻ ഇടയാക്കുമെന്ന് ആശങ്ക. ശൈശവ വിവാഹം വർധിക്കാൻ ഇടയാക്കുന്ന ഭേദഗതിക്കെതിരേ തലസ്ഥാനമായ ബാഗ്ദാദിൽ പ്രതിഷേധങ്ങൾ നടന്നു.
1959ൽ പ്രാബല്യത്തിൽ വന്ന വ്യക്തിനിയമം (188-ാം നന്പർ നിയമം) അനുസരിച്ച് 18 വയസാണ് വിവാഹപ്രായം. പ്രത്യേക സാഹചര്യങ്ങളിൽ ജഡ്ജിക്ക് 15-ാം വയസിൽ വിവാഹത്തിന് അനുമതി നല്കാമെന്ന ഒഴികഴിവുണ്ട്.
പുതിയ ഭേദഗതിയോടെ, വിവാഹിതരാകുന്ന മുസ്ലിം ദന്പതികൾക്ക് തങ്ങളുടെ കുടുംബകാര്യങ്ങൾ തീരുമാനിക്കുന്നതിനു വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള സിവിൽ ജുഡീഷറി സംവിധാനമോ മതനിയമമായ ശരിയത്തോ തെരഞ്ഞെടുക്കേണ്ടിവരും. വിവാഹപ്രായം, ബന്ധം പേർപിരിയൽ, കുട്ടികളുടെ കസ്റ്റഡി തുടങ്ങിയ കാര്യങ്ങളെല്ലാം ഇതിൽ ഉൾപ്പെടും.
പ്രായം കണക്കിലെടുക്കാതെ, ഋതുമതിയായ പെൺകുട്ടികളുടെ വിവാഹം നടത്താനുള്ള സാധ്യതയാണ് ഇതോടെ ഉടലെടുക്കുന്നത്. ഇപ്പോൾത്തന്നെ ഇറാക്കിലെ പെൺകുട്ടികളിൽ 28 ശതമാനവും 18നു മുന്പ് വിവാഹിതരാകുന്നുവെന്നാണ് കുട്ടികളുടെ യുഎൻ ഏജൻസിയായ യുണിസെഫിന്റെ കണക്ക്.
ഇറാക്കി പാർലമെന്റിലെ യാഥാസ്ഥിതിക ഷിയാകളാണ് നിയമ ഭേദഗതിക്കു പിന്നിൽ. ജൂലൈയിൽ ബിൽ അവതരിപ്പിക്കാനുള്ള നീക്കം വൻ പ്രതിഷേധത്തെത്തുടർന്ന് ഉപേക്ഷിച്ചതാണ്. എന്നാൽ, ഷിയാ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കി ഈ മാസമാദ്യം വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കുകയായിരുന്നു.
ഭേദഗതിയുമായി ബന്ധപ്പെട്ട് വെവ്വേറെ ചട്ടങ്ങളുണ്ടാക്കുന്നതിന് സുന്നി, ഷിയാ വിഭാഗങ്ങൾ ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.