ന്യൂഡൽഹി: ബാങ്കുകളിലെ നിക്ഷേപങ്ങൾക്കും ലോക്കറുകൾക്കും ഒരേസമയം നാല് അവകാശികളെ (നോമിനികളെ) വരെ തുടർച്ചയായി നാമനിർദേശം ചെയ്യാൻ വ്യവസ്ഥയുള്ള ബാങ്കിംഗ് നിയമ (ഭേദഗതി) ബിൽ 2024, പാർലമെന്റിൽ അവതരിപ്പിച്ചു.
ബാങ്കിലുള്ള തുക അവകാശപ്പെടാൻ (ക്ലെയിം ചെയ്യാൻ) ആദ്യത്തെ നോമിനി ലഭ്യമല്ലെങ്കിൽ രണ്ടാമത്തെ നോമിനിയെയും തുടർന്ന് മൂന്നാമനെയും മറ്റും വിളിക്കുന്നതിനായി ഒന്നിലധികം നോമിനികളെ നിക്ഷേപകൻ പട്ടികപ്പെടുത്തുന്ന പ്രക്രിയയാണു തുടർച്ചയായ നാമനിർദേശം.
സഹകരണ ബാങ്കുകളിലെ ചെയർമാനും മുഴുവൻസമയ ഡയറക്ടർമാരും ഒഴികെയുള്ള ഡയറക്ടർമാരുടെ കാലാവധി എട്ടു വർഷത്തിൽനിന്ന് പത്തു വർഷമായി നീട്ടുന്നതിനും ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ച ഭേദഗതിയിൽ വ്യവസ്ഥയുണ്ട്.
കേരളത്തിൽ ഒരു തവണ അഞ്ചു വർഷം കാലാവധിയുണ്ടെന്നതുകൂടി കണക്കിലെടുത്താണ് അർബൻ, കേരള ബാങ്കുകളിലടക്കം സഹകരണ ബാങ്ക് ഡയറക്ടർമാർക്ക് പത്തു വർഷം തികച്ചു നൽകാൻ വ്യവസ്ഥ ചെയ്യുന്നത്.
അവകാശികളില്ലാത്ത ഡിവിഡന്റുകളും ഓഹരികളും ബോണ്ടുകളുടെ വീണ്ടെടുക്കലും പലിശയും ബാങ്കിന്റെ വിദ്യാഭ്യാസ സംരക്ഷണ ഫണ്ടിലേക്കു (ഐഇപിഎഫ്) കൈമാറാൻ ബിൽ നിർദേശിക്കുന്നു. നിക്ഷേപക താത്പര്യം ഉറപ്പാക്കിക്കൊണ്ട് വ്യക്തികൾക്ക് ഫണ്ടിൽനിന്ന് ഈ പണം കൈമാറ്റം ചെയ്യാനോ അവകാശപ്പെടാനോ കഴിയും.