കൊച്ചി: വിഭാഗീയ ലക്ഷ്യത്തോടെ ഒരുപറ്റം വിദ്യാര്‍ഥികള്‍ മൂവാറ്റുപുഴ നിര്‍മല കോളജില്‍ നിസ്കരിക്കാന്‍ മുറി വിട്ടുതരാന്‍ ആവശ്യപ്പെട്ട് കോളജിന്റെ സമാധാനാന്തരീക്ഷത്തിന് തടസം വരുത്താന്‍ ശ്രമിച്ചതു പ്രതിഷേധാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി നേട്ടമുണ്ടാക്കാന്‍ വിദ്യാര്‍ഥി രാഷ്ട്രീയ സംഘടനകളും ഇതിന് കൂട്ടുനിന്നു എന്നത് അപലപനീയമാണ്.
രാഷ്ട്രീയ വര്‍ഗീയ സംഘടനകള്‍ വിദ്യാര്‍ഥികളെ കരുവാക്കി വിഭാഗീയത വളര്‍ത്തുന്നത് വേരോടെ പിഴുതെറിയണം. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിസ്കരിക്കാനുള്ള മുറി അനുവദിക്കാനാകില്ല. എന്നാല്‍ അടുത്തുള്ള മോസ്കില്‍ വെള്ളിയാഴ്ചകളില്‍ നിസ്കരിക്കേണ്ട വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള അനുവാദം കൊടുക്കുന്നതില്‍ തെറ്റില്ല. ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനം ഭരണഘടനപ്രകാരം ക്രൈസ്തവ സംസ്കാരം സംരക്ഷിക്കാന്‍ കൂടിയുള്ള ഇടമാണ് .
അത് അലങ്കോലപ്പെടുത്താന്‍ സമ്മതിക്കില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.
യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ.ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.