പാരീസ്: പാരീസ് ഒളിന്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം. സ്പെയിനിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സ്വർണ തിളക്കമുള്ള വെങ്കലം സ്വന്തമാക്കിയത്. തുടക്കത്തിൽ ഒരു ഗോളിനു പിന്നിൽനിന്നശേഷമായിരുന്നു ഇന്ത്യ തിരിച്ചടിച്ചത്.
ഇതോടെ അവസാന മത്സരത്തിനിറങ്ങിയ മലയാളി താരം ശ്രീജേഷിന് പാരീസിൽനിന്നും തലയെടുപ്പോടെ മടങ്ങാം. ശ്രീജേഷിന്റെ തകർപ്പൻ സേവുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
ടോക്കിയോ ഒളിന്പിക്സിൽ നേടിയ വെങ്കല മെഡൽ പാരീസിലും ഇന്ത്യൻ ഹോക്കി ടീമിനു നിലനിർത്താനായി. ഇതോടെ പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് നാല് മെഡലുകൾ ആയി.
ആദ്യ ക്വാർട്ടറിൽ 18-ാം മിനിറ്റിൽ മാർക്ക് മിറാലസിലൂടെയാണ് സ്പെയിൻ ഗോൾ നേടിയത്. ഒരു പെനാൽറ്റി സ്ട്രോക്കിലൂടെ ആയിരുന്നു ഈ ഗോൾ. രണ്ടാം ക്വാർട്ടറിന്റെ അവസാന മിനിറ്റിൽ ഒരു പെനാൽറ്റി കോർണറിൽ നിന്ന് ഇന്ത്യ സമനില ഗോൾ കണ്ടെത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിന്റെ മികവിലാണ് ഇന്ത്യ കളിയിലേക്ക് മടങ്ങിയെത്തിയത്.
മൂന്നാം പാദത്തിൽ മറ്റൊരു മികച്ച പെനാൽറ്റി കോർണറിൽ നിന്ന് ഹർമൻപ്രീത് ഇന്ത്യക്ക് ലീഡും നൽകി. താരത്തിന്റെ ഈ ഒളിന്പിക്സിലെ ഒമ്പതാം ഗോളായിരുന്നു ഇത്.
സെമി ഫൈനലിൽ ജർമനിയോട് 3-2ന് തോറ്റാണ് വെങ്കല മെഡൽ മത്സരത്തിന് ഇന്ത്യയെത്തിയത്.