ചിറ്റാരിക്കാൽ: സംഘടിത ശക്തിയായി നിന്നാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂവെന്നും അല്ലാത്തപക്ഷം നാം തമസ്കരിക്കപ്പെടുമെന്നും താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. കത്തോലിക്ക കോൺഗ്രസ് അവകാശ സംരക്ഷണയാത്രയ്ക്ക് ചിറ്റാരിക്കാലിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ഈ കാലഘട്ടത്തിന്റെ വെല്ലുവിളികളെ ഒരുമിച്ച് നിന്ന് നേരിടണം. അങ്ങനെ അവകാശങ്ങൾ നേടിയെടുക്കണം. അവകാശങ്ങൾ നേടിയെടുക്കാൻ എന്നും കത്തോലിക്ക കോൺഗ്രസ് സമരമുഖത്തുണ്ടാകും. പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിട്ട ഒരു തലമുറയാണ് നമുക്ക് മുൻപുണ്ടായിരുന്നത്. മലബാറിൽ വള്ളോപ്പള്ളി പിതാവിന്റെ ശക്തമായ നേതൃത്വമായിരുന്നു കുടിയേറ്റ ജനതയുടെ ശക്തി. കൂട്ടായ ആ പോരാട്ടങ്ങൾ വിജയം കണ്ടു.
ആ പാത പിൻതുടർന്ന് സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുവാൻ എപ്പോഴും ഒന്നായി നിന്ന് പ്രവർത്തിക്കണം. വന്യമൃഗശല്യം, റബറിന്റെ വിലയിടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധികൾ, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്നിവയിലെല്ലാം ശാശ്വത പരിഹാരമാണ് വേണ്ടതെന്നും അതിനായാണ് യാത്ര നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ആമുഖ പ്രഭാഷണം നടത്തി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ യാത്രാവിശകലനം നടത്തി. തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി റവ.ഡോ. മാണിമേൽവെട്ടം മുഖ്യപ്രഭാഷണം നടത്തി.
ജാഥാ ക്യാപ്റ്റൻ പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഫാ. മാത്യു വളവനാൽ, ജിമ്മി ആയിത്തമറ്റം, സംഘാടക സമിതി ജനറൽ കൺവീനർ സാജു പടിഞ്ഞാറേട്ട്, അതിരൂപത സെക്രട്ടറി സെബാസ്റ്റ്യൻ ജാതികുളത്തിൽ എന്നിവർ പ്രസംഗിച്ചു. ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട്, മാലോം ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുതത്, വെള്ളരിക്കുണ്ട് ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ഫാ. തോമസ് പൂവൻപുഴ, സാജു പുത്തൻപുര, ബെന്നി തുളുമ്പുംമാക്കൽ, ജിജി കുന്നപ്പള്ളി എന്നിവർ പങ്കെടുത്തു.
അവകാശ സംരക്ഷണ ജാഥയ്ക്ക് കന്നുംകൈ ജംഗ്ഷനിൽ ഉജ്വല സ്വീകരണം നൽകി. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകടനമായി ചിറ്റാരിക്കാൽ കുരിശുപള്ളിക്കു സമീപം പ്രത്യേകം സജ്ജമാക്കിയ സമ്മേളന വേദിയിലെത്തി.
വിവിധ ഫൊറോന കളിൽ നിന്നെത്തിയ ഇടവക യൂണിറ്റ് പ്രതിനിധികൾ ജാഥാ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. തോമാപുരം, വെള്ളരിക്കുണ്ട്, മാലോം, ചെറുപുഴ ഫൊറോനകളിൽ നിന്ന് വൈദികർ, കന്യാസ്ത്രീകൾ എന്നിവർ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ സ്വീകരണ യോഗത്തിൽ പങ്കെടുത്തു.