ജറുസലം: മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നതിനാൽ ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിച്ച് ഇസ്രയേൽ. റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാതെ വന്നത്.
എന്നാൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ഹമാസ് പ്രതികരിച്ചു. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നതെങ്കിലും നാലു ബന്ദികളുടെ മൃതദേഹങ്ങൾ മാത്രമേ ഹമാസ് വിട്ടുനൽകിയിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ. ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
അതിർത്തി തുറക്കാത്തതിനാൽ പരിക്കേറ്റ പലസ്തീൻകാരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു കൊണ്ടുപോകാനും സാധിക്കുന്നില്ല. അതേസമയം, ഇസ്രയേൽ സൈന്യം ഭാഗികമായി പിൻവാങ്ങിയതോടെ ഗാസയിലെ തെരുവുകളുടെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തു. വിമതരെ തെരഞ്ഞുപിടിച്ച് ഹമാസ് കൊലപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്.