ഇസ്ലാമാബാദ്/പെഷവാർ: പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ ഇരു ഭാഗത്തും വലിയ ആൾനാശമെന്നു റിപ്പോർട്ട്.
ഇരുനൂറിലേറെ താലിബാൻ സൈനികർ കൊല്ലപ്പെട്ടുവെന്നും 19 അഫ്ഗാൻ സൈനിക പോസ്റ്റുകളും ഭീകരതാവളങ്ങളും പിടിച്ചെടുത്തെന്നും പാക്കിസ്ഥാനിലെ ഇന്റർ-സർവീസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.
അതേസമയം, 58 പാക് സൈനികർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ സർക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. തങ്ങളുടെ 23 സൈനികർ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാൻ സമ്മതിച്ചു. അഫ്ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിക്കുന്നതിനിടെയാണ് പാക്-അഫ്ഗാൻ സംഘർഷം.
ഇന്നലെ വെളുപ്പിനായിരുന്നു പാക് ആക്രമണം ആരംഭിച്ചതെന്നും പാക്കിസ്ഥാന് ചുട്ട മറുപടി നല്കിയെന്നും താലിബാൻ സർക്കാരിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ശനിയാഴ്ച രാത്രി പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലെ അംഗൂർ അഡ്ഡ, ബജാവൂർ, കുറം, ദിർ, ചിത്രാൾ എന്നിവിടങ്ങളിലും ബലൂചിസ്ഥാനിലെ ബരാംചയിലും അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് സഹിഹുള്ള മുജാഹിദ് പറഞ്ഞു.
“”20 പാക് സൈനികപോസ്റ്റുകൾ നശിപ്പിച്ചു. എണ്ണമറ്റ ആയുധങ്ങളും സൈനികോപകരണങ്ങളും പിടിച്ചെടുത്തു. ഞങ്ങളുടെ ഒന്പത് സൈനികർ കൊല്ലപ്പെട്ടു. ഖത്തറിന്റെയും സൗദി അറേബ്യയുടെയും അഭ്യർഥനപ്രകാരം അർധരാത്രി സൈനികനടപടി നിർത്തിവച്ചു.”- മുജാഹിദ് കൂട്ടിച്ചേർത്തു.
പ്രകോപനമില്ലാതെയാണ് അതിർത്തി പോസ്റ്റുകൾക്കു നേർക്ക് താലിബാൻ ആക്രമണം നടത്തിയ തെന്ന് പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ആരോപിച്ചു. സാധാരണക്കാർക്കു നേർക്ക് അഫ്ഗാൻ സൈന്യം ആക്രമണം നടത്തിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അഫ്ഗാൻ താവളമാക്കി തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ഭീകരർ പാക്കിസ്ഥാനിൽ നിരന്തരം ആക്രമണം നടത്തുന്നതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം. ഖൈബർ പഖ്തുൺഖ്വ പ്രവിശ്യയിലാണ് ടിടിപി ആക്രമണം രൂക്ഷമായിട്ടുള്ളത്.
പാക്കിസ്ഥാന്റെ ഇതര പ്രദേശങ്ങളിലും ടിടിപി ആക്രമണം ഉണ്ടാകാറുണ്ട്. കഴിഞ്ഞയാഴ്ച ഒറാക്സായി ജില്ലയിൽ ടിടിപി ആക്രമണത്തിൽ ലഫ്. കേണലും മേജറും അടക്കം 11 സൈനികർ കൊല്ലപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ സ്ഫോടനങ്ങളുണ്ടായി. ഇതിനു പിന്നിൽ പാക്കിസ്ഥാനാണെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. ഉത്തരവാദിത്വം ഏറ്റെടുക്കാനോ നിരാകരിക്കാനോ പാക് സൈന്യം തയാറായില്ല.
കാബൂൾ ആക്രമണത്തിനു പിന്നാലെ ശനിയാഴ്ച രാത്രി അഫ്ഗാനിസ്ഥാൻ ആക്രമണം ആരംഭിച്ചു. ഇന്നലെ വെളുപ്പിനു പാക്കിസ്ഥാൻ പ്രത്യാക്രമണം തുടങ്ങുകയായിരുന്നു. പീരങ്കികളും ടാങ്കുകളും ഉൾപ്പെടെയുള്ള സന്നാഹത്തോടെയായിരുന്നു പാക് ആക്രമണം. ഇതിനു പുറമേ, വ്യോമാക്രമണവും നടത്തി. അഫ്ഗാനിസ്ഥാനിലെ അനവധി താലിബാൻ കേന്ദ്രങ്ങൾ നശിപ്പിച്ചെന്ന് പാക് സൈന്യം അറിയിച്ചു.
അനുബന്ധ വാർത്തകൾ
ടെഹ്റൻ: ഫോണുകളിൽ നിന്ന് വാട്സ്ആപ്പ് ഒഴിവാക്കാൻ നിർദേശം നൽകി ഇറാൻ. ഇതുസംബന്ധിച്ച് ഇന്നലെ ദേശീയ ടെലിവിഷനിലൂടെ അറിയിപ്പ് നൽകി. വാട്സ്ആപ്പ് ഒഴിവാക്കാനുള്ള നിർദേശത്തിന് പിന്നിൽ പ്രത്യേകിച്ച് കാരണമൊന്നും അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇസ്രായേലിന് വിവരങ്ങൾ കൈമാറുന്നുവെന്ന […]
കയ്റോ: ഇസ്രേലി സേന വ്യാഴാഴ്ച രാത്രി ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 30 പലസ്തീനികൾ കൊല്ലപ്പെട്ടു. 19 മരണങ്ങൾ മധ്യഗാസയിലെ നുസെയ്റത്ത് അഭയാർഥി ക്യാന്പിലാണ്. നുസെയ്റത്തിലെ റെയ്ഡിൽ പങ്കെടുത്ത ഏതാനും ഇസ്രേലി ടാങ്കുകൾ പിന്മാറാൻ തുടങ്ങി. […]
ഡമാസ്കസ്: സിറിയൻ തലസ്ഥാനമായ ഡമാസ്കസിനടുത്ത് അൽദുവൈലയിലെ സെന്റ് ഏലിയാസ് ഗ്രീക്ക് ഓർത്തഡോക്സ പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തതായി സർക്കാർ അറിയിച്ചു. ഡമാസ്കസിനടുത്ത് സുരക്ഷാസേന നടത്തിയ റെയ്ഡിലാണു പ്രതികൾ […]