ടെൽ അവീവ്: ഇറാനും ഇസ്രയേലും ഇന്നലെ പരസ്പരം വ്യോമാക്രമണം തുടർന്നു. ഇസ്രയേലിന്റെ വടക്ക്, തെക്ക് മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തു. ആഷ്ദോദ്, ജറൂസലെം നഗരങ്ങളിൽ സ്ഫോടനശബ്ദം കേട്ടു.
ആഷ്ദോദിൽ സബ് സ്റ്റേഷൻ തകർന്ന് പരിസര പ്രദേശങ്ങളിൽ താത്കാലികമായി വൈദ്യുതി നിലച്ചു. 40 മിനിറ്റിനിടെ ഏഴു മിസൈലുകളാണ് ഇറാൻ തൊടുത്തതെന്ന് ഇസ്രേലി സൈനികവൃത്തങ്ങൾ പറഞ്ഞു.
നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആർക്കും പരിക്കേറ്റില്ല. ഇസ്രേലി യുദ്ധവിമാനങ്ങൾ ഇന്നലെ ഇറാനിൽ വ്യോമാക്രമണം നടത്തി. ടെഹ്റാനിൽ ഉഗ്രസ്ഫോടനമുണ്ടായി. ഇറേനിയൻ സൈനിക ആസ്ഥാനങ്ങളാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രേലി സേന അറിയിച്ചു. ആറ് വ്യോമതാവളങ്ങളിൽ നടത്തിയ ആക്രമണത്തിൽ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നശിച്ചു.