നിലമ്പൂരിൽ എൽ.ഡി.എഫ് ജയിക്കും: ബിനോയ് വിശ്വം

തിരുവനന്തപുരം: നിലമ്പൂരിൽ എൽ.ഡി.എഫ് ഉജ്ജ്വല ജയം നേടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മികച്ച ഭൂരിപക്ഷത്തിൽ എം. സ്വരാജ് ജയിക്കും. ഇടതുപക്ഷ വിരുദ്ധത മുഖമുദ്ര‌യാക്കിയ യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും രാഷ്ട്രീയ അടിത്തറ തകരുകയാണ്.
വടകരയിലും ബേപ്പൂരിലും യു.ഡി.എഫ് – ബി.ജെ.പിയുമായി സഖ്യത്തിലായി. ഇപ്പോൾ ന്യൂനപക്ഷ വർഗീയതയുടെ പ്രതീകമായ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യത്തിലായി. രാജ്ഭവനുമായുള്ള വിവാദം പാർട്ടി ആഗ്രഹിച്ചതല്ല. രാജ്ഭവനിലെ അന്തേവാസിക്ക് ഭരണഘടനാമൂല്യങ്ങളെയും രാജ്യതാത്പര്യങ്ങളെയുമെല്ലാം ഉയർത്തിപ്പിടിക്കാനുള്ള കടമയുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിഷേധം ഗവർണറുടെ കണ്ണ് തുറപ്പിച്ചെങ്കിൽ നല്ല കാര്യമാണ്. ഭാരതാംബയ്ക്ക് ആർ.എസ്.എസിന്റെ മുഖച്ഛായ അടിച്ചേൽപ്പിക്കാൻ ആര് വന്നാലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സി.പി.ഐയുടെയും സി.പി.എമ്മിന്റെയും നിലപാട്.
ആറന്മുളയിൽ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള ഭൂമിയിൽ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ വരുന്നതിനെ കുറിച്ച് അറിയില്ല. നെൽവയലുകളും തണ്ണീർത്തടങ്ങളും ഇല്ലാതാക്കുന്ന പദ്ധതിയെ കുറിച്ച് രണ്ടുവട്ടം ആലോചിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറ‌ഞ്ഞു.