വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യെ വധിക്കാനായി ഇസ്രയേൽ തയാറാക്കിയ പദ്ധതി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീറ്റോ ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
യുഎസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രേലികൾ തയാറാക്കിയ പദ്ധതി മുഴുവൻ കേട്ടതിനുശേഷം, വൈറ്റ് ഹൗസ് അതിനോട് എതിർപ്പ് പ്രകടിപ്പിച്ചുവെന്നാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ അവകാശപ്പെട്ടത്.
നിലവിൽ ഇറാനും ഇസ്രയേലും തമ്മിൽ ഉടലെടുത്തിരിക്കുന്ന സംഘർഷം വഷളാകാതിരിക്കാൻ ട്രംപ് ഭരണകൂടത്തിന് അതീവ താത്പര്യമുണ്ട്. ഇസ്രയേലിന്റെ പദ്ധതിയെക്കുറിച്ച് ഫോക്സ് ന്യൂസിലെ പരിപാടിയിൽ ചോദ്യമുയർന്നപ്പോൾ ബെഞ്ചമിൻ നെതന്യാഹു കൃത്യമായ ഉത്തരം നൽകിയില്ല.
ചെയ്യേണ്ട കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നും ഇപ്പോഴത്തെ ദുർബലമായ ഇറാൻ ഭരണകൂടം സംഘർഷത്തിന് കാരണമായിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വധശ്രമം സംബന്ധിച്ചുള്ള വാർത്തകൾ നെതന്യാഹുവിന്റെ വക്താവ് പിന്നീട് നിഷേധിക്കുകയും ചെയ്തു.