അഹമ്മദാബാദ്: വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് രാജ്യത്തെ സഹായിക്കാൻ ഇന്ത്യയിലേക്ക് വിദഗ്ധ സംഘത്തെ അയക്കുമെന്ന് ബ്രിട്ടൻ.
വിമാനാപകടങ്ങളെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ബ്രിട്ടണിലെ എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (എഎഐബി) ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിലെ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് സഹായം വാഗ്ദാനം ചെയ്തതായി എഎഐബി അറിയിച്ചു. വിമാനത്തിൽ നിരവധി യുകെ പൗരന്മാരും ഉണ്ടായിരുന്ന സാഹചര്യത്തിലാണ് നടപടി.
ജീവനക്കാർ ഉൾപ്പടെ 242 ആളുകളുമായി പറന്നുയർന്ന് സെക്കന്റുകൾക്കുള്ളിലാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്. 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഒരു കനേഡിയൻ പൗരനും ഏഴ് പോർച്ചുഗീസ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൂടാതെ 12 ജീവനക്കാരും ഉണ്ടായിരുന്നു.