പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഒരു യൂട്യൂബർ കൂടി അറസ്റ്റിൽ. പഞ്ചാബിലെ രൂപ്നഗർ സ്വദേശി ജസ്ബീർ സിംഗാണ് അറസ്റ്റിലായത്.
മൂന്ന് തവണ പാകിസ്ഥാൻ സന്ദർശിച്ച ഇയാൾ, പാക് ദേശീയദിനത്തിൽ ഡൽഹിയിൽ നടന്ന പരിപാടിയിലും പങ്കെടുത്തായി കണ്ടെത്തിയിട്ടുണ്ട്.
ജാൻ മഹൽ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന ഇയാൾ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷുമായും, സമാന കേസിൽ നേരത്തെ പിടിയിലായ യൂടൂബർ ജ്യോതി മൽഹോത്രയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയെന്നും അന്വേഷണ സംഘം അറിയിച്ചു.
ജ്യോതി മൽഹോത്ര അറസ്റ്റിലായ ശേഷം ഇവരുമായി നടത്തിയ ചാറ്റുകൾ അടക്കമുള്ള തെളിവുകൾ ഇയാൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തി. ഇയാളുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു.