കൊച്ചി: പട്ടയം അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ മുന്‍ വില്ലേജ് അസിസ്റ്റന്റും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും വിജിലന്‍സ് പിടിയിലായി. ചൊവ്വര വില്ലേജ് മുന്‍ അസിസ്റ്റന്റ് തമ്പി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നവാസ് എന്നിവരെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടിയത്.
കാക്കനാട് സ്വദേശിയായ പരാതിക്കാരന് ചൊവ്വര വില്ലേജ് ഓഫീസ് പരിധിയിലുള്ള തന്റെ 1.24 ഏക്കര്‍ സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ചൊവ്വര വില്ലേജ് ഓഫീസില്‍നിന്ന് വില്ലേജ് അസിസ്റ്റന്റ് തമ്പിയും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നവാസും കൂടി കഴിഞ്ഞ ഏപ്രിലില്‍ സ്ഥല പരിശോധനയ്ക്കെത്തി. സ്ഥലം അളന്നു തിട്ടപ്പെടുത്തിയശേഷം ഉദ്യോഗസ്ഥര്‍ 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. അത്രയും പണം ഇപ്പോള്‍ കൈവശമില്ലെന്നു പരാതിക്കാരന് അറിയിച്ചതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തിരികെ പോയി.
പട്ടയം ലഭിക്കുന്നതിന് കാലതാമസം വന്നതിനെത്തുടര്‍ന്ന് പരാതിക്കാരന് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ പട്ടയം ശരിയാക്കി നല്‍കുന്നതിന് 10000 രൂപ കൈക്കൂലി നല്‍കണമെന്ന് രണ്ട് ഉദ്യോഗസ്ഥരും വീണ്ടും ആവശ്യപ്പെട്ടു.
ഇതിനിടെ ഏപ്രില്‍ 30ന് തമ്പി സര്‍വീസില്‍നിന്നു വിരമിച്ചു. എന്നാല്‍ ഈ വിവരം പരാതിക്കാരനോടു പറഞ്ഞിരുന്നില്ല. കൈക്കൂലി നല്കി കാര്യം സാധിക്കുന്നതിന് താത്പര്യമില്ലാതിരുന്ന പരാതിക്കാരന് ഈ വിവരം എറണാകുളം വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.
വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം തിങ്കളാഴ്ച വൈകുന്നേരം നാലിന് ചൊവ്വര വില്ലേജ് ഓഫീസിനു സമീപം പരാതിക്കാരനില്‍നിന്ന് 10000 രൂപ കൈക്കൂലി വാങ്ങവെ ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. പ്രതികളെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.