തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖപ്രവർത്തനത്തിന്റെ ഭാഗമായി തുറമുഖത്ത് കപ്പലുകളും ചരക്കും എത്തിക്കുന്നതിനുള്ള നിരക്കുകൾ പ്രഖ്യാപിച്ചു. കൊച്ചിയെക്കാൾ കുറഞ്ഞനിരക്കാണ് വിഴിഞ്ഞത്ത് ഈടാക്കുന്നത്.
തുറമുഖത്ത് അടയ്ക്കേണ്ട നിശ്ചിതചാർജുകളുൾപ്പെടുന്ന പോർട്ട് ഡ്യൂസ്, കപ്പലുകൾ പുറങ്കടലിൽനിന്ന് തുറമുഖത്തേക്ക് എത്തിക്കാനുള്ള പൈലറ്റേജ് ചാർജ്, കപ്പൽ നിർത്തിയിടാനും ചരക്ക് കയറ്റിറക്കുമതി ചെയ്യാനുള്ള ബെർത്ത് ഹയർ എന്നിവയാണ് തുറമുഖങ്ങളിൽ പ്രധാനമായി നൽകേണ്ടത്.
ഇതെല്ലാംചേർത്ത് നിലവിൽ വലിയ കപ്പലുകൾക്ക് ഒരുദിവസം കൊളംബോയിൽ ട്രാൻസ്ഷിപ്മെന്റിന് 20,000 മുതൽ 25,000 ഡോളർവരെ ചെലവുവരും. വിഴിഞ്ഞത്ത് 10,000-ത്തിൽ താഴെമാത്രമാണ് ചെലവുവരിക.