മലപ്പുറം: പി.വി. അൻവറിന്റെ സമർദതന്ത്രം പാളി. അൻവറിനെ മുന്നണിയുടെ ഭാഗമാക്കേണ്ടെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുന്നതായി സൂചന. കോണ്‍ഗ്രസ് നേതാക്കളുമായി അൻവർ നടത്തിയ ചർച്ച ഫലപ്രാപ്തിയിലെത്തിയില്ല.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാർ, കെപിസിസി ജനറൽ സെക്രട്ടറി ജയന്ത്, സിഎംപി നേതാവ് വിജയകൃഷ്ണൻ ഉൾപ്പെടെയുള്ളവരുടെ സംഘം ഇന്നലെ അൻവറുമായി നിലന്പൂരിൽ കൂടിക്കാഴ്ച നടത്തി. അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോണ്‍ഗ്രസിനെ അസോസിയേറ്റ് ഘടകകക്ഷിയാക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കൾ അറിയിച്ചെങ്കിലും അത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് അൻവർ.
പൂർണമായി ഘടകകക്ഷിയാക്കി ഔദ്യോഗിക പ്രഖ്യാപനം നടത്തണമെന്ന ആവശ്യമാണ് അൻവർ മുന്നോട്ടുവച്ചത്. ഇതേക്കുറിച്ചുള്ള തീരുമാനം രണ്ട് ദിവസത്തിനകം ആയില്ലെങ്കിൽ മത്സരവുമായി മുന്നോട്ടു പോകുമെന്ന് അൻവർ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചതായാണ് വിവരം. ആർഎംപിയെ പോലെ യുഡിഎഫുമായി സഹകരിക്കുന്ന കക്ഷിയാക്കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
വഴങ്ങേണ്ടെന്ന് പ്രവർത്തകർ
അൻവറിന്റെ സമർദതന്ത്രത്തിന് വഴങ്ങേണ്ടെന്ന നിലപാടിലേക്ക് ഭൂരിപക്ഷം പ്രവർത്തകരും എത്തിയതോടെയാണ് അൻവറിനെ അവഗണിക്കാൻ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
യുഡിഎഫിനോട് സഹകരിക്കണോ വേണ്ടയോ എന്ന് അൻവറിന് സ്വയം തീരുമാനിക്കാമെന്ന് നിലന്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കിയതോടെ അൻവറിന്റെ സമർദതന്ത്രം ഫലം കാണാത്ത അവസ്ഥയിലേക്കു മാറി. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കുശേഷം ഇന്നലെ വൈകുന്നേരം പി.കെ. കുഞ്ഞാലിക്കുട്ടി നിലന്പൂരിലെ പി.വി.അബ്ദുൾ വഹാബിന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി അൻവറുമായി ചർച്ച നടത്തി.
യുഡിഎഫിൽ പി.വി. അൻവറിന്റെ തൃണമൂൽ കോണ്‍ഗ്രസിനെ നിലവിൽ ചേർക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് കോണ്‍ഗ്രസ്. ആർഎംപിയെ പ്പോലെ പ്രവർത്തിക്കാൻ അൻവർ തയാറാണെങ്കിൽ നോക്കാമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
മധ്യസ്ഥതയ്ക്കില്ലെന്ന് മുസ്ലിം ലീഗ്
ഇന്നലെ നേരത്തേ പി.കെ. കുഞ്ഞാലിക്കുട്ടിയെ പി.വി. അൻവർ സന്ദർശിച്ചിരുന്നു. എന്നാൽ, മധ്യസ്ഥതയ്ക്ക് മുസ്ലിം ലീഗ് ഇല്ലെന്നാണ് കുഞ്ഞാലിക്കുട്ടി അൻവറിനെ അറിയിച്ചത്. അൻവർ വിഷയത്തിൽ ലീഗ് മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നില്ല.
യുഡിഎഫിന് പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ തങ്ങളുടെതായ രീതിയിൽ കാര്യങ്ങളിൽ ഇടപെടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൻവർ മുസ്ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിൽക്കുന്നത് സ്വന്തം കാലിൽ: അൻവർ
കോണ്‍ഗ്രസിൽനിന്ന് ഉത്തരവാദപ്പെട്ടവരാരും ഇതുവരെ കാര്യങ്ങൾ അന്വേഷിച്ച് വിളിച്ചില്ലെന്നും താൻ ഇപ്പോഴും സ്വന്തം കാലിലാണ് നിൽക്കുന്നതെന്നും ഇനിയും അങ്ങനെ തന്നെ നിൽക്കുമെന്നും അൻവർ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിലന്പൂരിൽ മത്സരിക്കുന്നതും പിന്തുണയുടെ കാര്യവുമെല്ലാം പിന്നീട് പറയാമെന്നാണ് അൻവർ പ്രതികരിച്ചത്.
അതേസമയം, നിലന്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരേ അൻവർ പരസ്യ പ്രതികരണം നടത്തിയതിൽ കോണ്‍ഗ്രസിനു കടുത്ത അതൃപ്തിയുണ്ട്.
സ്ഥാനാർഥിയുടെ കാര്യത്തിൽ ഒരു കാരണവശാലും അൻവറിന്റെ ആവശ്യത്തിനു വഴങ്ങേണ്ടതില്ലെന്നു കോണ്‍ഗ്രസ് നേരത്തേ തീരുമാനിച്ചിരുന്നു. ആരെ സ്ഥാനാർഥിയാക്കിയാലും പിന്തുണയ്ക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരിച്ച അൻവർ, നിലപാട് കടുപ്പിച്ചത് കോണ്‍ഗ്രസിൽ ചർച്ചാവിഷയമായിട്ടുണ്ട്.
സ്ഥാനാർഥിനിർണയം കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനമാണെന്നും പുറത്തുനിന്നുള്ള ഇടപെടൽ അനുവദിക്കില്ലെന്നും നേരത്തേ നടന്ന ചർച്ചകളിൽ അൻവറിനെ പാർട്ടി നേതൃത്വം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുന്‍പ് അൻവറുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തേണ്ടതില്ലെന്നും കോണ്‍ഗ്രസ് തീരുമാനിച്ചു. എന്നാൽ, സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അൻവറിനെ കൂടെ നിർത്തുമെന്ന് വ്യക്തമാക്കിയ അതേ സന്ദർഭത്തിലാണ് ആര്യാടൻ ഷൗക്കത്തിനെതിരേ അൻവർ അതിരൂക്ഷ വിമർശനം നടത്തിയത്.