തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത തൊഴിലായിരിക്കുന്നു മത്സ്യബന്ധനം. എന്നിട്ടുമവർ അധികാരികളൊരുക്കിയ മരണപ്പൊഴിക്കു മുകളിൽ വള്ളമിറക്കുന്നു.
കഴിഞ്ഞ 13 വര്‍ഷത്തിനകം കടലിൽ മത്സ്യബന്ധനത്തിനിടെ 775 മത്സ്യത്തൊഴിലാളികൾക്കു ജീവൻ നഷ്ടമായെന്ന സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ സർക്കാരുകൾക്കെതിരേയുള്ള കുറ്റപത്രമാണ്. തൊഴിലിനിടെ ഇത്രമാത്രം മനുഷ്യർ മറ്റെവിടെയാണ് മരിക്കുന്നത്? മത്സ്യബന്ധനത്തെ തിരിച്ചെത്തുമെന്ന് ഉറപ്പില്ലാത്ത തൊഴിലാക്കി മാറ്റിയതാരാണ്? തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം മത്സ്യത്തൊഴിലാളികൾ മരിച്ചത്; 392 പേർ.
ആകെ മരണത്തിന്റെ പകുതിയിലേറെ. അവിടെയാണ് അദാനിക്കുവേണ്ടി മന്ത്രിമാർ ഊണും ഉറക്കവുമുപേക്ഷിച്ച് ഓടിനടന്നത്. അവിടെയാണ് വിഴിഞ്ഞം തുറമുഖനിർമാണം മരണപ്പൊഴിയാക്കി മാറ്റിയ മുതലപ്പൊഴി. അവിടെയാണ് കുടിയൊഴിപ്പിക്കപ്പെട്ട മത്സ്യത്തൊഴിലാളികൾ സ്വന്തം നാട്ടിൽ അഭയാർഥികളായത്. അവിടെയാണ് നമ്മുടെ ഭരണസിരാകേന്ദ്രം. വിശപ്പ്, വീട്, മണ്ണ്, സുരക്ഷിതമായ കടൽ… അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ രാജ്യവിരുദ്ധരായവർ ഭരണകൂടങ്ങൾക്കു വെല്ലുവിളിയേ ആയിരിക്കില്ല.
പക്ഷേ, അത്തരം മനുഷ്യരെയും ചേർത്തുപിടിക്കുന്നതാണ് ജനക്ഷേമ ഭരണം. മാനിഫെസ്റ്റോയിലല്ലാതെ മറ്റെന്തു ബന്ധമാണ് നിങ്ങൾക്കു തൊഴിലാളിവർഗവുമായുള്ളത്? 2011 ഏപ്രില്‍ മുതൽ 2024 ജൂലൈ വരെയുള്ള മത്സ്യത്തൊഴിലാളികളുടെ മരണവും നഷ്ടവും സംബന്ധിച്ച കണക്കുകളാണ് പുറത്തുവന്നത്. തിരുവനന്തപുരം കഴിഞ്ഞാൽ, 155 പേര് മരിച്ച കോഴിക്കോടും 77 പേരെ നഷ്ടമായ എറണാകുളവും മരണസംഖ്യയില്‍ രണ്ടും മൂന്നും സ്ഥാനത്താണ്.
ആലപ്പുഴയില്‍ 68 പേരും കണ്ണൂരില്‍ 64 പേരും മരിച്ചു. മലപ്പുറത്ത് 19 പേര്. മരണത്തേക്കാൾ ഭയാനകമാണ് കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളിലെ സ്ഥിതി. തിരിച്ചെത്തുമെന്ന് ഉറപ്പില്ലെങ്കിലും ആ കുടുംബങ്ങളുടെ കണ്ണുകൾ കടപ്പുറത്ത് അലയുകയാണ്. 13 വര്‍ഷത്തിനിടെ 113 മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായി. ഏതാണ്ട് എല്ലാവരും, അതായത്, 102 പേരും തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവരാണ്.
ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നാലുവീതവും എറണാകുളം, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍നിന്ന് ഓരോരുത്തരെയും കാണാതായിട്ടുണ്ട്. അങ്ങനെ മരിച്ചവരും കാണാതായവരും ഉൾപ്പെടെ 888 പേർ. അതൊരു സംഖ്യ മാത്രമല്ല, അനാഥമായ കുടുംബങ്ങളുടെ എണ്ണംകൂടിയാണ്. എന്നിട്ടും അവരാണ് പ്രളയത്തിൽ എവിടെ മുങ്ങിത്താഴുന്നവരെയും കൈപിടിച്ചുയർത്താൻ ആദ്യമെത്തുന്നത്. വെറുതെ ഒരു തൊപ്പി വച്ചുകൊടുത്തു; കേരളത്തിന്റെ രക്ഷാസൈന്യം! നന്ദികേടിന്റെ കീറത്തൊപ്പി!
കടലിലുണ്ടായ അപകടങ്ങളില്‍ 3,082 യാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണു ഫിഷറീസ് വകുപ്പിന്റെ കണക്ക്. ഇതില്‍ 978ഉം തിരുവനന്തപുരം ജില്ലയിലാണ്. എറണാകുളത്തെ 832 യാനങ്ങള്‍ കടലില്‍ നശിക്കുകയോ മുങ്ങിപ്പോകുകയോ ചെയ്തു. കൊല്ലം 407, കോഴിക്കോട് 324, തൃശൂർ 118 എന്നിങ്ങനെയാണു നഷ്ടമായ യാനങ്ങളുടെ എണ്ണമെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എല്ലാറ്റിനും കണക്കുണ്ട്, കാര്യമില്ല.
കടലില്‍ മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽനിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്ഡിൽനിന്നുമായി 39.34 കോടി രൂപ ആശ്വാസധനമായി വിതരണം ചെയ്തിട്ടുണ്ട്. ആ വീടുകളിൽ ആശ്വാസമെത്തിയിട്ടുണ്ടോയെന്നുകൂടി അറിയണം. ഏറ്റവുമധികം മരണവും നഷ്ടവുമുണ്ടായിട്ടുള്ള മുതലപ്പൊഴിയിലെ ആപത്തുകൾ സർക്കാരിന്റെ നിഷ്ക്രിയതകൊണ്ടു സംഭവിച്ചതാണ്.
തുറമുഖത്ത് അടിഞ്ഞുകൂടിയ മണ്ണും കല്ലും യഥാസമയം നീക്കാത്ത അദാനി ഗ്രൂപ്പിനെതിരേ നടപടിയൊന്നുമില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാണിച്ചത് ഇക്കഴിഞ്ഞ ജൂണിലാണ്. മറ്റൊരു തൊഴിലുമറിയാത്തവരാണ് മുതലപ്പൊഴിയിലെ മൺതിട്ടകളും അപായച്ചുഴികളും അവഗണിച്ചു വള്ളവും വലയുമായി കടലിലേക്കു പോകുന്നത്. നമ്മുടെ വികസന പ്രദർശനങ്ങളുടെ പുറന്പോക്കിലെ മനുഷ്യരുടെ ജീവിതം എങ്ങനെയാണെന്ന് അറിയാൻ മത്സ്യത്തൊഴിലാളികളുടെ വീടുകളും കടലോര ഗ്രാമങ്ങളും താത്കാലിക പുനരധിവാസ കേന്ദ്രങ്ങളും സന്ദർശിച്ചാൽ മതി.
ഏതെങ്കിലും ഒരു മന്ത്രി പറയണം, നിങ്ങളുടെ ജീവിതവുമായി അവരുടേതിന് എന്തെങ്കിലും ബന്ധമുണ്ടോയെന്ന്? മുതലപ്പൊഴി ഹാര്‍ബര്‍ വികസനത്തിന് 177 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ഫിഷറീസ് മന്ത്രാലയം അംഗീകാരം നല്കിയതു കഴിഞ്ഞ മാസമാണ്. പദ്ധതിച്ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. തുകയും പദ്ധതിയും പ്രഖ്യാപിക്കുകയല്ല, ഇതൊക്കെ എന്നു നടക്കുമെന്നാണ് പ്രഖ്യാപിക്കേണ്ടത്.
സംസ്ഥാനത്തൊട്ടാകെ മത്സ്യത്തൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കണം. അവർ ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷയും നേടിത്തരുന്ന വിദേശനാണ്യവുമെങ്കിലും മറക്കരുത്. മുതലപ്പൊഴിയുടെ വികസനവും വലിയതുറ ഗോഡൗണിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവും വിഴിഞ്ഞം തുറമുഖ സമരത്തിലെ ആവശ്യങ്ങളായിരുന്നു. രണ്ടും പൂർത്തിയായിട്ടില്ല.
പാവങ്ങളുടെ ജീവിതം കാത്തിരിപ്പിന്റേതാണ് എന്നു വരുത്തിത്തീർത്തത് ഈ രാജ്യം ഭരിച്ചവരാണ്; ഭരിച്ചുകൊണ്ടിരിക്കുന്നവരാണ്. അന്നന്നത്തെ അപ്പത്തിനുവേണ്ടി മരണപ്പൊഴികളിൽ വള്ളമിറക്കേണ്ടി വരുന്നതു നിവൃത്തികേടുകൊണ്ടാണ്. അവർ തിരിച്ചുവരുന്നതും കാത്ത് ആ കുടുംബങ്ങളെ ഇനിയും കടപ്പുറത്തു നിർത്തരുത്. നിങ്ങളുടെ തീൻമേശയിലെത്തുന്ന ഓരോ മത്സ്യത്തിന്റെ കണ്ണുകളിലും കടലെടുത്ത മനുഷ്യരുടെ ആ യാചനയുണ്ട്.