മുനന്പത്തെ 600ലേറെ കുടുംബങ്ങളെ അവരുടെ വീടുകളിൽനിന്ന് ആട്ടിപ്പായിക്കാൻ നിൽക്കുന്നവർ തങ്ങളെ പേടിക്കേണ്ടെന്നു പറയുന്നതിനോളം നുണ മറ്റെന്തുണ്ട്? നിസഹായരുടെ വീടുകൾ ഇടിച്ചുനിരത്താൻ ശ്രമിക്കുന്ന ബുൾഡോസറുകൾ വഖഫിന്റേതാണെങ്കിലും അനങ്ങരുതെന്നു പറയണം.
കേന്ദ്രസർക്കാർ വഖഫ് നിയമത്തിൽ വരുത്താനിരിക്കുന്ന ഭേദഗതി രാജ്യം ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ രഹസ്യ താത്പര്യങ്ങളെക്കുറിച്ച് മുസ്ലിം സമുദായത്തിലെ പണ്ഡിതർ ഉൾപ്പെടെ വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്. അത് അവരുടെ അവകാശമാണ്. അതേസമയം, വഖഫ് നിയമത്തിലെ ചില വകുപ്പുകളോട് എതിർപ്പുള്ളവരുമുണ്ട്. അതിൽ പ്രധാനം, വിചിത്രമെന്നു തോന്നുന്ന വകുപ്പുകൾ ഉപയോഗിച്ച് മറ്റു പൗരന്മാരുടെ ഭൂമി വഖഫ് ഏറ്റെടുക്കുന്നതാണ്.
മറ്റുള്ളവർ അധ്വാനിച്ചുണ്ടാക്കിയ വസ്തുവകകൾ തട്ടിയെടുത്ത് അവരെ വഴിയാധാരമാക്കുന്ന വകുപ്പുകൾ വഖഫിലുണ്ടെങ്കിൽ, അതനുസരിച്ച് ഭൂമി പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ, അതിനെതിരേയുള്ള നിയമപോരാട്ടം പോലും സങ്കീർണമാണെങ്കിൽ അത് അനീതിയാണെന്ന് മുസ്ലിം സമുദായം പോലും സമ്മതിക്കുമല്ലോ. രാജ്യത്ത് പലയിടത്തും ഉന്നയിക്കപ്പെട്ടിട്ടുള്ള അത്തരം അനീതിയുടെ കേരളത്തിലെ ഉദാഹരണമാണ് മുനന്പം വേളാങ്കണ്ണി കടപ്പുറത്തേത്.
കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 404 ഏക്കർ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ടതോടെയാണ് ഇവിടെ ജീവിക്കുന്ന വിവിധ മതസ്ഥരായ 650 മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിതം അക്ഷരാർഥത്തിൽ ദുരന്തമായി മാറിയത്. കുട്ടികളുടെ പഠനം, വിവാഹം, വായ്പ, വീടുനിർമാണം, അറ്റകുറ്റപ്പണികൾ, വിൽപ്പന എന്നിവയെല്ലാം മുടങ്ങി.
1902ൽ തിരുവിതാംകൂർ രാജാവ് അബ്ദുൾ സത്താർ സേഠ് എന്നയാൾക്കു നൽകുകയും അദ്ദേഹത്തിൽനിന്നു ഭൂമി ലഭിച്ച കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്മെന്റ് പിന്നീട് ഇവിടെ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികൾക്ക് വിൽക്കുകയുമായിരുന്നു. ആധാരം കിട്ടിയ ഭൂമിയിൽ കരമടച്ച് താമസിച്ചുവരുന്നതിനിടയിലാണ് 2019ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഈ ഭൂമി ഉൾപ്പെടുത്തിയത്.
കേസായപ്പോൾ, ഇവിടെയുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാൻ കഴിയില്ലെന്ന സർക്കാർ നിലപാട് അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച്, കുടുംബങ്ങൾക്കു പോക്കുവരവ് നടത്തിക്കൊടുക്കാൻ അനുവദിച്ചു. പക്ഷേ, ഇതിനെതിരേ കേരള വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിക്കുകയായിരുന്നു. സ്ഥലത്തിന്റെ അവകാശം തങ്ങൾക്കാണെന്നു കാണിച്ച് വഖഫ് ബോർഡ് 2022 ജനുവരി 13ന് റവന്യുവകുപ്പിനു നോട്ടീസ് കൊടുക്കുകയും ചെയ്തു.
ഇപ്പോൾ കരം അടയ്ക്കാനോ വിൽക്കാനോ ഒന്നും സാധിക്കില്ല. കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും വൈദിക മന്ദിരവും മഠവും സെമിത്തേരിയുമൊക്കെ ഇപ്പോൾ വഖഫ് വകയായി. ഈ കൊള്ളയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ “ഇസ്ലാമോഫോബിയ’ പരത്തുകയാണെന്നു പറഞ്ഞുകളയും. എന്തൊരു ദുരവസ്ഥയാണിത്!
തമിഴ്നാട് തിരിച്ചിറപ്പള്ളി ജില്ലയിലെ തിരുച്ചെന്തുറയിലും സംഭവിച്ചത് സമാനമായ കാര്യമാണ്. മകളുടെ കല്യാണത്തിനുവേണ്ടി വായ്പയെടുത്ത എൻ. രാജഗോപാൽ എന്ന കർഷകൻ കടം വീട്ടാൻ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട് സബ്-രജിസ്ട്രാർ ഓഫീസിൽ എത്തിയപ്പോഴാണ് തന്റെ പേരിൽ ഭൂമിയില്ലെന്നറിഞ്ഞത്. അദ്ദേഹത്തിന്റെ സ്ഥലം വഖഫ് വകയാണെന്നും ബോർഡിൽനിന്നു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ വിൽക്കാൻ പറ്റില്ലെന്നും ജീവനക്കാർ പറഞ്ഞു.
പിന്നീട് അറിഞ്ഞത് രാജഗോപാലിന്റെ മാത്രമല്ല, തിരുച്ചെന്തുറ ഗ്രാമം മുഴുവൻ വഖഫ് വകയാണെന്നാണ്. 1672-1749 കാലത്ത് ആർക്കോട്ട് നവാബായിരുന്ന അൻവറുദ്ദീൻ ഖാൻ വഖഫിനു സംഭാവന ചെയ്തതാണത്രേ ഗ്രാമം മുഴുവൻ. 1956 ഡിസംബർ 28ന് തമിഴ്നാട് വഖഫ് ബോർഡിന്റെ രജിസ്റ്ററിൽ ഇതു രേഖപ്പെടുത്തി. 1500 വർഷം പഴക്കമുണ്ടെന്നു കരുതുന്ന ക്ഷേത്രവും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇത്തരം വിചിത്ര വകുപ്പുകൾ ഉൾക്കൊള്ളുന്നതാണ് വഖഫ് ആക്ട് 1995. ഇതിന്റെ 40-ാം അനുച്ഛേദം അനുസരിച്ച്, ആരെങ്കിലും നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം. ഇടപെടാൻ ഹൈക്കോടതിക്കുപോലും പരിമിതമായ അധികാരമേയുള്ളൂ.
പരാതിക്കാർ വഖഫ് ട്രിബ്യൂണലുകളെയാണ് സമീപിക്കേണ്ടത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലുള്ള വഖഫ് ബോർഡിന്റേതായി നിലവിൽ 8.7 ലക്ഷം വസ്തുവകകളിലായി ഏകദേശം 1.2 ലക്ഷം കോടി രൂപ വിലവരുന്ന 9.4 ലക്ഷം ഏക്കർ ഭൂമിയുണ്ട്. ആ ഭൂമിയുടെയെല്ലാം ചരിത്രത്തെക്കുറിച്ചല്ല, തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ ഭൂമി നഷ്ടപ്പെട്ട മനുഷ്യരുടെ വർത്തമാനത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ആരാണ് യഥാർഥ ഇരകൾ? അവരെ രക്ഷിക്കാൻ സർക്കാരിനുള്ള പദ്ധതി എന്താണ്? എന്തുകൊണ്ടാണ് ഇവിടത്തെ രാഷ്ട്രീയ പാർട്ടികൾ നിശബ്ദത പാലിക്കുന്നത്? മുസ്ലിം സമൂഹവും ഈ അനീതിയെക്കുറിച്ചു ബോധവാന്മാരാകേണ്ടതല്ലേ?
മുനന്പത്തെ 650ഓളം കുടുംബങ്ങളെ അവരുടെ വീടുകളിൽനിന്ന് ആട്ടിപ്പായിക്കാൻ നിൽക്കുന്നവർ തങ്ങളെ പേടിക്കേണ്ടെന്നു പറയുന്നതിനോളം നുണ മറ്റെന്തുണ്ട്? നിസഹായരുടെ വീടുകൾ ഇടിച്ചുനിരത്താൻ ശ്രമിക്കുന്ന ബുൾഡോസറുകൾ വഖഫിന്റേതാണെങ്കിലും അനങ്ങരുതെന്നു പറയണം.