പലസ്തീനിൽ ദ്വിരാഷ്ട്ര യാഥാർഥ്യമല്ലാതെ മറ്റൊന്നും പരിഹാരമല്ലെന്നിരിക്കെ അതിന്റെ
പ്രായോഗിക വശങ്ങളാണ് ലോകം ഉൾക്കൊള്ളേണ്ടത്. യഹൂദരെയും ക്രിസ്ത്യാനികളെയും സഹിക്കാനാവാത്ത ഹമാസിനെ ഇരുത്തേണ്ടിടത്ത് ഇരുത്തുകയും വേണം.
ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഇസ്രയേൽ നടത്തുന്ന യുദ്ധം മറ്റേതൊരു യുദ്ധവുംപോലെ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഐക്യരാഷ്ട്രസഭയും മാർപാപ്പയും ലോകരാഷ്ട്രങ്ങളും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്നത്.
ബന്ദികളെ വിട്ടയയ്ക്കണമെന്ന് ഹമാസിനോടും താത്കാലിക വെടിനിർത്തലെങ്കിലും പ്രഖ്യാപിക്കണമെന്ന് ഇസ്രയേലിനോടും ഐക്യരാഷ്ട്രസഭ ഉൾപ്പെടെ നടത്തിയ ആഹ്വാനങ്ങളെല്ലാം ഇരുകൂട്ടരും കാറ്റിൽപ്പറത്തി. ലബനനിലേക്കും യെമനിലേക്കും വ്യാപിച്ച യുദ്ധം മരണസംഖ്യകൊണ്ടും ക്രൂരതകൾകൊണ്ടും മനുഷ്യത്വത്തെ വെല്ലുവിളിക്കുകയാണ്.
മൂന്നാമതൊരു ലോകയുദ്ധത്തിന്റെ നരകവാതിൽ തുറക്കാനുള്ള ശ്രമങ്ങളിൽനിന്ന് തീവ്രവാദ പ്രസ്ഥാനങ്ങളെയും പ്രതികാരത്തിന്റെ കൈയൂക്കിനെയും തടയാൻ ഒട്ടും വൈകിക്കൂടാ. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ 1,200 ഇസ്രേലികളെ വധിക്കുകയും 251 പേരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തതോടെയാണ് ഇപ്പോഴത്തെ യുദ്ധം തുടങ്ങിയത്.
ബന്ദികളാക്കിയ ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കാൻ വിസമ്മതിക്കുകയും പലരെയും കൊല്ലുകയും സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്ത ഹമാസിന്റെ കിരാത നിലപാട്, യുദ്ധമര്യാദകൾ കാറ്റിൽപ്പറത്തി ആഞ്ഞടിക്കാൻ ഇസ്രയേൽ കാരണമാക്കി.
ഹമാസുമായി തീവ്രവാദ സാഹോദര്യം പങ്കുവയ്ക്കുന്ന ഹിസ്ബുള്ള ലബനനിൽനിന്നും ഹൂതികൾ യെമനിൽനിന്നും ഇസ്രയേലിനെ ആക്രമിക്കുകയും ഇറാൻ പിന്തുണ നൽകുകയും ചെയ്തതോടെ യുദ്ധം വ്യാപിച്ചു. സെപ്റ്റംബർ 23 വരെയുള്ള കണക്കനുസരിച്ച്, ഇത്തവണത്തെ യുദ്ധത്തിൽ 41,431 പലസ്തീനികളും 1,706 ഇസ്രേലികളും 116 മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടു.
ലക്ഷക്കണക്കിനു പലസ്തീനികൾ കിടപ്പാടം നഷ്ടപ്പെട്ടു പലായനത്തിലാണ്. ഭക്ഷണവും വെള്ളവും മരുന്നും നിഷേധിക്കപ്പെട്ടു. ഹമാസിനെ ദുർബലമാക്കിയെന്ന് അവകാശപ്പെട്ട ഇസ്രയേൽ, ഇതിനിടെ ചെറിയ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്ന ഹിസ്ബുള്ളയെ ലക്ഷ്യമാക്കി ലബനനിൽ യുദ്ധമുഖം തുറന്നു.
അവിടെ നൂറുകണക്കിനാളുകൾ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തോളം ആളുകൾ അഭയാർഥികളാകുകയും 50,000 പേർ സിറിയയിലേക്കു പലായനം ചെയ്യുകയും ചെയ്തു. യുദ്ധചരിത്രത്തിൽ അപരിചിതവും മനുഷ്യവംശത്തിന്റെ ഭാവിയെ അത്യന്തം അപകടത്തിലാക്കുന്നതുമായ ആക്രമണോപാധിയായി ഇസ്രയേൽ വിവരസാങ്കേതികവിദ്യയെ മാറ്റിയെടുത്തു.
ലബനനിലും സിറിയയുടെ ചില ഭാഗങ്ങളിലും നടത്തിയ പേജർ സ്ഫോടനത്തിൽ 37 പേർ കൊല്ലപ്പെട്ടു. 2,900 പേർക്കു പരിക്കേറ്റു. 300 പേരെങ്കിലും ഗുരുതരാവസ്ഥയിലായി.
ആശയവിനിമയത്തിന്റെ കാലഹരണപ്പെട്ട പതിപ്പായ പേജറിൽ സ്ഫോടനം നടത്താനാകുമെങ്കിൽ ലോകത്ത് ഭൂരിപക്ഷം മനുഷ്യരുടെയും കൈകളിൽ എത്തിക്കഴിഞ്ഞിട്ടുള്ള മൊബൈൽ ഫോണുകൾ ഇത്തരം ആക്രമണത്തിന് ഉപയോഗിച്ചാൽ എന്താകും സ്ഥിതിയെന്ന ചോദ്യം നിസാരമായി തള്ളിക്കളയാനാകില്ല.
അത്തരം സാങ്കേതിക അട്ടിമറി ഇസ്രയേലിനു മാത്രമായിരിക്കില്ല സാധ്യമാകുന്നത്. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയയെയും ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെയും വധിച്ച ഇസ്രയേൽ തങ്ങളുടെ നിശ്ചിത ലക്ഷ്യങ്ങൾ നേടാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കാനാവാതെപോയ ആഗോള രാഷ്ട്രീയത്തിനും നിഷ്ക്രിയതയ്ക്കും ഇപ്പോഴത്തെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. രാഷ്ട്രീയ-സാന്പത്തിക താത്പര്യങ്ങളും മണ്ടത്തരങ്ങളും സ്ഥിതി വഷളാക്കി.
താരതമ്യേന മതേതരമായിരുന്ന ഇറാക്കിന്റെ ഭരണാധികാരി സദ്ദാം ഹുസൈനെ ഇല്ലാത്ത ആയുധങ്ങളുടെ കണക്കു പറഞ്ഞ് 2006ൽ വധിച്ച അമേരിക്ക, ആ മേഖലയിൽ ഇസ്ലാമിക സ്റ്റേറ്റ് പോലെയുള്ള ഭീകരപ്രസ്ഥാനങ്ങൾക്കു വളരാൻ അവസരമൊരുക്കുകയും ചെയ്തു.
അമേരിക്ക തുറന്നുവിട്ട ഭൂതങ്ങളെയൊന്നും ഇനി കുടത്തിൽ കയറ്റാനാകില്ല. പതിറ്റാണ്ടുകളായി ഒത്തുതീർപ്പു ശ്രമങ്ങളെയൊക്കെ തള്ളിക്കളഞ്ഞുകൊണ്ടിരുന്ന ഹമാസ് പ്രത്യക്ഷമായോ പരോക്ഷമായോ പലസ്തീൻ പ്രശ്നത്തെ ആഗോള തീവ്രവാദത്തിന്റെ വൈകാരിക സ്രോതസായി നിലനിർത്തുകയും ചെയ്തു.
യഹൂദർക്ക് ഇസ്രയേലല്ലാതെ മറ്റൊരു പ്രദേശവും ആവശ്യമില്ല. പക്ഷേ, ഹമാസിനും ഹിസ്ബുള്ളയ്ക്കും മറ്റു ഭീകരപ്രസ്ഥാനങ്ങൾക്കും വേണ്ടത്, യഹൂദരും ക്രിസ്ത്യാനികളുമില്ലാത്ത ലോകമാണ്. ഹമാസ് കമാൻഡർ മഹ്മൂദ് അൽ സഹർ ഉൾപ്പെടെ അതു പരസ്യമായി പറഞ്ഞിട്ടുണ്ട്.
ലക്ഷ്യങ്ങളിലെ ആപത്കരമായ ആ വ്യത്യാസം തിരിച്ചറിയാതെ പലസ്തീൻ പ്രശ്നത്തെ അടിസ്ഥാനപരമായി പരിഹരിക്കാനാവില്ല. ഹമാസിനു മതേതരത്വവുമായി യാതൊരു ബന്ധവുമില്ല.
ഹമാസും ഹിസ്ബുള്ളയും യെമനിലെ ഹൂതികളും ഇസ്രയേലും അവസാനിപ്പിക്കാൻ താത്പര്യപ്പെടാത്ത യുദ്ധത്തിനു വിരാമമിടേണ്ടതു ലോകത്തിന്റെ ബാധ്യതയായി മാറിക്കഴിഞ്ഞു. ഇപ്പോഴാവശ്യം അടിയന്തര വെടിനിർത്തലാണ്.
യുദ്ധവിരാമത്തിനും ശാശ്വത പരിഹാരത്തിനും സാഹചര്യമൊരുക്കാൻ വെടിയൊച്ച നിലയ്ക്കണം. പലസ്തീനിൽ ദ്വിരാഷ്ട്ര യാഥാർഥ്യമല്ലാതെ മറ്റൊന്നും പരിഹാരമല്ലെന്നിരിക്കെ അതിന്റെ പ്രായോഗിക വശങ്ങളാണ് ലോകം ഉൾക്കൊള്ളേണ്ടത്.
യഹൂദരെയും ക്രിസ്ത്യാനികളെയും സഹിക്കാനാവാത്ത ഹമാസിനെ ഇരുത്തേണ്ടിടത്ത് ഇരുത്തുകയും വേണം.