സമാധാനത്തേക്കാൾ മതഭ്രാന്തിനു സ്ഥാനം കൊടുക്കുന്ന പാക്കിസ്ഥാന് ഒരു മതേതരരാജ്യത്തിന്റെ പരിഷ്കൃതഭാഷ മനസിലാകണമെന്നില്ല. കാഷ്മീരിൽ തെരഞ്ഞെടുപ്പ് അടുക്കുന്തോറും തീവ്രവാദ ആക്രമണങ്ങൾ വർധിക്കുകയാണ്. സർക്കാർ സർവകക്ഷിയോഗം വിളിച്ച് വിഷയം അതീവഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്.
ഭീകരപ്രവര്‍ത്തനങ്ങളെ ഇപ്പോഴും പിന്തുണയ്ക്കുന്ന പാക്കിസ്ഥാന് ചരിത്രത്തില്‍നിന്ന് ഒന്നും പഠിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് അതിനെ സ്ഥിരീകരിക്കുന്നവിധം തീവ്രവാദികൾ വീണ്ടും ആക്രമണം അഴിച്ചുവിട്ടത്.
ജമ്മു കാഷ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റസംഘത്തിലെ പാക്കിസ്ഥാൻ പൗരനെ സൈന്യം വധിച്ചെങ്കിലും ഇന്ത്യൻ സൈനികന്റെ ജീവനും നഷ്ടമായി. പാക്കിസ്ഥാൻ മാത്രമല്ല, തീവ്രവാദത്തെ രാഷ്ട്രീയവും രാഷ്ട്രീയത്തെ തീവ്രവാദവുമാക്കിയ ഒരു രാജ്യവും ചരിത്രത്തിൽനിന്ന് ഒന്നും പഠിക്കില്ല.
നിരവധി ജനാധിപത്യ-മതേതര രാജ്യങ്ങൾ അതിന്റെ തിക്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യക്ക് അയൽക്കാരായി കിട്ടിയത് അത്തരമൊരു രാജ്യമായ പാക്കിസ്ഥാൻ ആയതുകൊണ്ട് നമുക്കു തീരാശല്യമായി മാറിയെന്നേയുള്ളൂ.
ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റശ്രമം നടത്തിയത് പാക്കിസ്ഥാൻ സൈനികവിഭാഗമായ ബോർഡർ ആക്ഷൻ ടീമിന്റെ (ബാറ്റ്) സഹായത്തോടെയാണ്. അവിടെ സർക്കാരും സൈന്യവും തീവ്രവാദ സംഘടനകളുമൊക്കെ ഒരു സംവിധാനത്തിന്റെ ഭാഗമാണ്; മറ്റുള്ളവരെ നശിപ്പിക്കാൻ ശ്രമിക്കുന്നതിലൂടെ സ്വയം നശിക്കുന്ന സംവിധാനം.
ഈ മാസം മാത്രം 10 സൈനികർക്കാണ് കാഷ്മീരിൽ ജീവൻ നഷ്ടമായത്. കഠുവയിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചിരുന്നു. ദിവസങ്ങൾക്കകം, ദോഡ ജില്ലയിൽ ക്യാപ്റ്റനടക്കം നാലു സൈനികർക്കാണു ജീവൻ നഷ്ടമായത്. കുപ്വാരയിലെ ആക്രമണം ശനിയാഴ്ചയായിരുന്നു.
ജൂണ്‍ ഒന്‍പതിനാണ് കാഷ്മീരിലെ റിയാസി ജില്ലയിൽ തീര്‍ഥാടകരുമായി ശിവ് ഖോരി ക്ഷേത്രത്തില്‍നിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിനു നേരേ ഭീകരര്‍ വെടിയുതിര്‍ത്തത്. നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിഞ്ഞ ബസിലെ ഒമ്പതു തീര്‍ഥാടകര്‍ മരിക്കുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അതായത്, കുറച്ചെങ്കിലും ശാന്തമായെന്നു കരുതിയിരുന്ന കാഷ്മീരിൽ വീണ്ടും ചോര വീഴുകയാണ്. സൈനികരും പൗരന്മാരും പാക്കിസ്ഥാന്റെ മതമൗലികവാദത്തിനു വില കൊടുക്കേണ്ടിവരുന്നത് ദൗർഭാഗ്യകരമാണ്.
കാര്‍ഗില്‍ 25-ാം വാർഷികത്തോടനുബന്ധിച്ച് ലഡാക്കിലെ ദ്രാസില്‍ പ്രധാനമന്ത്രി പറഞ്ഞു: “അനുഭവങ്ങളിൽനിന്നു പാക്കിസ്ഥാൻ ഒന്നും പഠിക്കുന്നില്ല. ഭീകരവാദവും നിഴൽയുദ്ധവും തുടരുകയാണ്. ഭീകരതയുടെ യജമാനന്മാർക്കു നേരിട്ടു കേൾക്കാവുന്ന അകലത്തിൽനിന്നാണു ഞാൻ പറയുന്നത്.
ഇന്ത്യയുടെ ധീരരായ പട്ടാളക്കാർക്കു മുന്നിൽ നിങ്ങളുടെ നീചപ്രവൃത്തികൾ നടക്കില്ല. പാക്കിസ്ഥാനുമായി നല്ല ബന്ധത്തിനും സമാധാനത്തിനുമായി നാം ശ്രമിച്ചെങ്കിലും അവർ തനിനിറം കാണിച്ചു.” പ്രസംഗത്തിന്റെ പിറ്റേന്നാണ് പാക്കിസ്ഥാൻ കുപ്വാരയിൽ ആക്രമണം നടത്തിയത്.
സ്വന്തം രാജ്യത്തിന്റെ മുടിയുന്ന സാന്പത്തിക സ്ഥിതിയും ജനങ്ങളുടെ നിലംപരിശാകുന്ന ജീവിതനിലവാരവുമൊന്നും തീവ്രവാദ രാഷ്ട്രങ്ങൾക്കു പ്രശ്നമല്ല. 2000 മുതൽ 2021 വരെ ആറു ലക്ഷം കോടി രൂപയോളമാണ് ചൈന മാത്രം പാക്കിസ്ഥാനു വായ്പ നൽകിയിരിക്കുന്നത്. പണപ്പെരുപ്പം 26 ശതമാനമാണ്.
മതേതര രാജ്യമല്ലാത്തതിനാൽ അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ മതം വിഴുങ്ങുന്നതിൽ ആർക്കും പരാതിയുമില്ല. മറ്റു മതസ്ഥരൊക്കെ തീവ്രവാദികളുടെ തിട്ടൂരത്തിനു വഴങ്ങി ജീവിക്കണം. പോലീസിനെയും കോടതിയെയുമൊന്നും സമീപിച്ചിട്ടു കാര്യമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും തീവ്രവാദികളെ പ്രീണിപ്പിക്കാനുള്ള മത്സരത്തിലായതിനാൽ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. അത് ഇന്ത്യയുടെ വിഷയമല്ല.
പക്ഷേ, ആ വിഷം ഇന്ത്യയിലേക്കു നുഴഞ്ഞുകയറുന്പോൾ നമുക്ക് നോക്കിനിൽക്കാനാവില്ല. കാഷ്മീരിലെ തെരഞ്ഞെടുപ്പ് അടുക്കുന്തോറും അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അവർ നടത്തും. കുറച്ചു സൈനികരെക്കൂടി അതിർത്തിയിൽ വിന്യസിച്ചാൽ തീരുന്നതാണ് പ്രശ്നമെന്നു കരുതാനാവില്ല.
അവനവന്റെയും മറ്റുള്ളവരുടെയും സമാധാനത്തേക്കാൾ മതഭ്രാന്തിനു സ്ഥാനം കൊടുക്കുന്നവർക്ക് മതേതരരാജ്യത്തിന്റെ പരിഷ്കൃതഭാഷ മനസിലാകണമെന്നില്ല. സർക്കാർ സർവകക്ഷിയോഗം വിളിച്ച് വിഷയം അതീവഗൗരവത്തിൽ പരിഗണിക്കേണ്ടതുണ്ട്. കാഷ്മീർ നമ്മുടേതാണ്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സ്വർഗത്തിൽ മതഭ്രാന്തിനു മുറി കൊടുക്കരുത്.