എവിടെയെങ്കിലും എന്തെങ്കിലും പ്രകൃതിദുരന്തം ഉണ്ടാവുമ്പോഴൊക്കെ കുടിയേറ്റ കർഷകരെയും തോട്ടം ഉടമകളെയും പഴിചാരി യഥാർഥ കാരണത്തിലേക്ക് നോക്കാതിരിക്കുകയെന്നത് ഒരു സ്ഥിരം ക്ളീഷേ ആയിമാറിയിട്ടുണ്ട്. പഴയകാലത്തെ പോലീസുകാരെപ്പറ്റി, ‘കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുക’ എന്നു പറയുന്നതിന് തുല്യരാണ് ഈ നാണംകെട്ട വിശദീകരണങ്ങൾ എഴുന്നളിച്ച് തങ്ങളുടെ ബൗദ്ധിക പാപ്പരത്തം വെളിപ്പെടുത്തുന്ന പരിസ്ഥിതി ‘വിദ്വാന്മാർ.’
എന്താണ് ഇപ്പോൾ ഭീകരമായ തോതിലും വ്യാപകമായും ഉണ്ടാവുന്ന ഉരുൾപൊട്ടലിന് കാരണം? ആരാണ് അതിന്റെ ശരിയായ ഉത്തരവാദികൾ?
സാമാന്യം സ്ഥിരമായ തോതിൽ പെയ്തിരുന്ന കാലവർഷത്തിനു പകരം, ക്ഷണനേരത്തേക്ക് ഭീകരമായ അളവിൽ പെയ്യുന്ന സമീപകാലത്തെ മഴയാണ് ഒരു കാരണം. അതിനെ മേഘസ്ഫോടനം എന്നോ മറ്റെന്തിലുമൊക്കെയോ പേരിട്ടതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ആഗോള താപനം കാരണം അതിവേഗം ഉയരുന്ന അറബിക്കടലിന്റെ താപനിലയാണ് പ്രധാന കാരണവും ഉത്തരവാദിയും.
പണ്ട് അല്ലെങ്കിൽ ഒന്നോ, രണ്ടോ ദശകങ്ങൾക്കു മുൻപ് ഉണ്ടായിരുന്നതിനേക്കാൾ വളരെ ഉയർന്ന അന്തരീക്ഷ ആർദ്രത ഉണ്ടാവാനുള്ള കാരണം അതാണ്. അതുമൂലം ഉണ്ടാവുന്ന മേഘങ്ങളെ, കേരളത്തിൽനിന്ന് പുറത്തേക്ക് ‘പറക്കാൻ’അനുവദിക്കാതെ തടയിടുന്ന സഹ്യപർവതം കാരണം അവ വളരെ ദീർഘനാളുകൾ കേരളത്തിന്റെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കാൻ ഇടവരുന്നു.
കുറച്ചു വർഷങ്ങളായി സ്ഥിരമായി വർധിച്ചുവരുന്ന, ഇപ്പോൾ മനുഷ്യാരോഗ്യത്തിന് ഒട്ടും യോഗ്യമല്ല എന്ന് പറയാവുന്ന അന്തരീക്ഷ ആർദ്രത (relative humidity)യുടെ ഏക കാരണം ആഗോള താപനം കാരണം കൂടിക്കൊണ്ടിരിക്കുന്ന അറബിക്കടലിന്റെ താപനിലയും അതിന് ആനുപാതികമായി കൂടുന്ന സമുദ്രജലത്തിന്റെ ബാഷ്പീകരണവുമാണ്.
അപ്പോൾ സംശയമുണ്ടാവാം, എന്തുകൊണ്ടാണ് അവ പണ്ടുകാലത്തെപ്പോലെ മഴയായി പെയ്തൊഴിയാത്തതെന്ന്. അമിതമായി ഉയർന്ന അന്തരീക്ഷ താപമാണ് മേഘങ്ങളെ തണുപ്പിച്ച് സാന്ദ്രീഭവിപ്പിച്ച് മഴയാക്കി വീഴ്ത്താതിരിക്കാനുള്ള കാരണം. കേരളത്തിലെ ചൂട് (ഇവിടെ ചൂട് എന്നത് ടെമ്പറേച്ചർ അല്ല, മറിച്ച് real feel temperature ആണ്. അതാണ് ജീവിതം അസഹ്യമാക്കുന്നതും ആരോഗ്യത്തിന് അപകടകരമാകുന്നതും) ഓരോ വർഷവും വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണെന്ന് മനസിലാക്കാൻ ഒരാൾ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ആവേണ്ട കാര്യമില്ല. കേരളത്തിൽ ഒരുവർഷം വിറ്റഴിക്കുന്ന എയർ കണ്ടീഷനറുകളുടെ കണക്കു നോക്കിയാൽ മാത്രം മതി.
പൂർണഗർഭിണികളായി, കേരളത്തിന്റെ ആകാശത്തിൽ കുടുങ്ങിക്കിടക്കുന്ന മേഘങ്ങൾ എപ്പോഴെങ്കിലും സാഹചര്യങ്ങൾ ഒത്തുവന്നാൽ അതിവിനാശകരമായ അളവിൽ ഒരു ചെറിയ ഇടത്ത് പെയ്തൊഴിയും. അതു താങ്ങാൻ ഒരു കന്യാവനത്തിനും ആവില്ലെന്നെരിക്കെ എങ്ങനെയാണ് ഒരു കൃഷിത്തോട്ടത്തിനാവുക? അപ്പോൾ അതിഭീകരമായ മഴതന്നെയാണ് കാരണം. അല്ലാതെ കുടിയേറ്റ കർഷകരുടെ കാപ്പികൃഷിയോ ഏലക്കൃഷിയോ അല്ല. എന്നാൽ മനുഷ്യ ഇടപാടുകൾ എന്തെങ്കിലും രീതിയിൽ ഇതിന് സഹായകമായ പ്രവൃത്തികൾ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്. മലയിടിച്ചുനിരത്തി റിസോർട്ടുകൾ, ഹോട്ടലുകൾ, വിനോദകേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെയുണ്ടാക്കുന്നവർ, പാറഖനനം നടത്തുന്നവർ ഒക്കെയാണ് ഇക്കൂട്ടർ. പക്ഷേ ശ്രദ്ധ അവരിലേക്ക് തിരിയാതിരിക്കാൻ സകല ‘മാന്യന്മാരും’ ‘ബുദ്ധിജീവികളും’ അതിവിദഗ്ധമായി ചെയ്യുന്ന നാണംകെട്ട കളിയാണ് കുടിയേറ്റക്കാരിൽ കുറ്റമാരോപിക്കുന്നത്.
13 വർഷം മുന്പുള്ള റിപ്പോർട്ട്
മാധവ് ഗാഡ്ഗിൽ പശ്ചിമഘട്ടത്തെ പഠിച്ചശേഷം തന്റെ റിപ്പോർട്ട് സമർപ്പിച്ചത് 2011 ഓഗസ്റ്റിലാണ്. അതിനുശേഷമുള്ള 13 കൊല്ലങ്ങൾകൊണ്ട് അദ്ദേഹം ഒരിക്കലും ചിന്തിച്ചിരിക്കാൻ ഇടയില്ലാത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടായെന്നത് സത്യമാണ്. അതുകൊണ്ട് ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്നത്തെ ഉരുൾപൊട്ടലുകളെ വിശദീകരിക്കാൻ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. സഹ്യപർവതം, അതിലെ കൂടിയ ചെരിവുള്ള ഇടങ്ങൾ ഒക്കെ പരിസ്ഥിതി ദുർബല പ്രദേശമാണ് എന്ന അദ്ദേഹത്തിന്റെ കണ്ടെത്തൽ കൃത്യവും സത്യവുമാണ്. പക്ഷേ ആ ദുർബലതകൾക്ക് കാരണം ദശകങ്ങൾക്കു മുൻപ് അവിടെ കുടിയേറി കൃഷിചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന കുടിയേറ്റ കൃഷിക്കാരല്ല. ദശകങ്ങൾക്കു മുൻപ് വനങ്ങൾ വെട്ടിത്തെളിച്ച് അവർ ചെയ്ത കൃഷിയല്ല ഇപ്പോഴുള്ള ഉരുൾപൊട്ടലുകൾക്കും അതിന്റെ തീവ്രത കൂടാനുമുള്ള കാരണം.
ഒരു പർവതത്തിന്റെ പരിസ്ഥിതിയെ അതീവ ദുർബലമാക്കുന്നതും ശക്തമായ മഴയിൽ അവിടെ ഉരുൾപൊട്ടലുകൾക്ക് സഹായകമാക്കുന്നതും, topographic alterations അതായത്, മലയിടിച്ചു നിരത്തുന്നതും അതിന്മേൽ വലിയ കെട്ടിടങ്ങൾ, അത് റിസോർട്ടുകൾ ആയാലും, വിദ്യാലയങ്ങൾ, ആശുപത്രികൾ ആയാൽപ്പോലും പണിതുയർത്തുന്നതുമാണ്. പൊതുവെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് മണ്ണാഴം തീരെക്കുറവായ സഹ്യപർവതത്തിൽ ഇത്തരം ഇടിക്കലുകളും നിരത്തലുകളും നിർമിതികളും കനത്ത മഴയിൽ അവയെല്ലാം നിരങ്ങിനീങ്ങി താഴേക്ക് പതിക്കാൻ ഇടയാക്കും. അതുപോലെതന്നെ അതീവ അപകടകരമായ പ്രവൃത്തിയാണ് കുത്തനെ ചരിഞ്ഞ മലയോരങ്ങളിലെ പാറഖനനം.
ഇപ്പോഴത്തെ, പണ്ടൊരിക്കലും ഇല്ലാത്തവിധത്തിലുള്ള (കുറഞ്ഞ സമയത്തിനുള്ളിൽ 100-400 മില്ലിമീറ്റർ വരെ) ഒരു ചെറിയ പ്രദേശത്ത് പെയ്യുന്ന അതിശക്തമായ മഴ താങ്ങാനുള്ള കഴിവ് ഒരു കന്യാവനത്തിനു പോലും ഇല്ലെന്നോർക്കുക.
കുപ്രചാരണങ്ങൾക്കു പിന്നിൽ
കാര്യങ്ങളുടെ സത്യാവസ്ഥ ഇങ്ങനെയായിരിക്കേ, ശക്തമായ ഉരുൾ പൊട്ടലുകൾ, മലയിടിച്ചിലുകൾ എന്നിവയുടെ ഉത്തരവാദിത്വം മുഴുവൻ കുറെ കൃഷിക്കാരുടെ തലയിൽ വച്ചുകെട്ടുന്നത് ബുദ്ധിയില്ലായ്മയോ അറിവില്ലായ്മയോ കൊണ്ടാണെന്ന് കരുതുന്നില്ല. അതിനു പിന്നിൽ സത്യത്തെ മറച്ചുവയ്ക്കാനുള്ള ഗൂഢലക്ഷ്യം മനസിലാക്കുന്നുണ്ട്. ഇക്കാലത്തുണ്ടാവുന്ന സകല പ്രകൃതിക്ഷോഭങ്ങൾക്കും ഇടയാക്കുന്നത് പ്രധാന വില്ലനായ ആഗോളതാപനമാണെന്നതുകൊണ്ട്, ഫോസിൽ ഇന്ധനങ്ങൾ (പെട്രോൾ, ഡീസൽ തുടങ്ങിയവ) ഉപയോഗിക്കുന്ന എല്ലാവരും ഇതിൽ ഒന്നാം പ്രതികളാണ്. ഈ കെണിയിൽ വീണത് പക്ഷേ ഏതോ മലയോരങ്ങളിൽ ജീവിക്കുന്ന കുറെ പാവം മനുഷ്യരാണെന്ന് മാത്രം.
അൽപമെങ്കിലും കുറ്റബോധം തോന്നുണ്ടെങ്കിൽ ഇപ്പോൾത്തന്നെ നമ്മുടെ വാഹനങ്ങൾ അത്രമേൽ അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കൂ എന്ന തീരുമാനമെടുക്കണം. ആവുന്നവർ ലാഭനഷ്ടക്കണക്ക് നോക്കാതെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങണം. ചെറിയ ഓട്ടങ്ങൾക്കായി ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുമെന്ന പ്രതിജ്ഞയെടുക്കണം.
നാമോരോരുത്തരും കൂടി ഉണ്ടാക്കുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്വം ആരാന്റെ നെഞ്ചത്തേക്കു കയറ്റിവയ്ക്കരുത്. കുടിയേറ്റ കർഷകരെ വെറുതെ വിടുക. നട്ടെല്ലിന് ബലമുണ്ടെങ്കിൽ ക്വാറി, റിസോർട്ടുകാരെ നിയന്ത്രിക്കാൻ ശ്രമിക്കുക. ഒരോരുത്തരും സ്വന്തം കാർബൺ നിർഗമനം കുറയ്ക്കുക.
പ്രഫ. ടി. പ്രസാദ് പോൾ
(പരിസ്ഥിതി ഗവേഷകനും റിട്ട. കെമിസ്ട്രി പ്രഫസറുമാണ് ലേഖകൻ)