കീവ്: യുദ്ധത്തടവുകാരെ പരസ്പരം കൈമാറി യുക്രെയ്നും റഷ്യയും. കഴിഞ്ഞ ആറിന് റഷ്യയിലെ കുർസ്ക് മേഖലയിൽ യുക്രെയ്ൻ സേന കടന്നുകയറി കനത്ത ആക്രമണം നടത്തുന്നതിനിടെയാണു തടവുകാരെ കൈമാറാനുള്ള തീരുമാനം. 230 തടവുകാരെയാണ് ഇരു രാജ്യങ്ങളും ഇന്നലെ കൈമാറിയത്.
കുർസ്ക് മേഖലയിൽനിന്നു യുക്രെയ്ൻ സേന പിടികൂടിയ 115 സൈനികരെയും വിവിധ മേഖലകളിൽനിന്നു റഷ്യ പിടികൂടിയ 115 യുക്രേനിയൻ സൈനികരെയുമാണ് ഇന്നലെ മോചിപ്പിച്ചത്.
യുഎഇയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയെത്തുടർന്നാണു യുദ്ധത്തടവുകാരെ കൈമാറാനുള്ള തീരുമാനമുണ്ടായത്. കുർസ്ക് മേഖലയിലെ ആക്രമണത്തിലൂടെ വലിയൊരു ലക്ഷ്യം നേടിയെന്ന് തടവുകാരുടെ കൈമാറ്റം സ്ഥിരീകരിച്ചു നൽകിയ പ്രസ്താവനയിൽ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു.
കുർസ്ക് മേഖലയിൽ റഷ്യയുടെ 1000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം കീഴടക്കിയതായാണു യുക്രെയ്ൻ സേന അവകാശപ്പെടുന്നത്. അതിനിടെ, യുക്രെയ്ന് കൂടുതൽ സൈനികസഹായം നൽകുമെന്ന് ഇന്നലെ അമേരിക്ക പ്രഖ്യാപിച്ചു.