കോയമ്പത്തൂർ: ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കടത്തുകയായിരുന്ന ഒരു കോടി രൂപയുടെ സ്വർണം കോയമ്പത്തൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി.
ഷാർജ – കോയമ്പത്തൂർ എയർ അറേബ്യ വിമാനത്തിൽ സ്വർണക്കടത്ത് നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ ആദ്യം യാത്രക്കാരുടെ സാധനങ്ങൾ പരിശോധിച്ചെങ്കിലും സ്വർണം കണ്ടെത്താനായില്ല. തുടർന്ന് വിമാനത്തിന്റെ ഉൾഭാഗം പരിശോധിച്ചപ്പോൾ തറയിൽ സംശയാസ്പദമായ പൊതികൾ കണ്ടെത്തി.
വിശദമായി പരിശോധിച്ചപ്പോൾ, ടേപ്പിൽ പൊതിഞ്ഞ സ്വർണബിസ്കറ്റുകൾ വിമാനത്തിന്റെ ഉള്ളിൽ ടേപ്പ് ഉപയോഗിച്ച് ഭദ്രമായി ഉറപ്പിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.24 കാരറ്റ് സ്വർണക്കട്ടികളാണു പിടിച്ചെടുത്തത്.
ഏകദേശം 1.02 കോടി രൂപ വിലമതിക്കുന്ന 1399 ഗ്രാം സ്വർണക്കട്ടികളാണ് പിടികൂടിയത്. സ്വർണത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ആരും മുന്നോട്ടുവന്നിട്ടില്ല. പ്രതികളെ കണ്ടെത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം തുടരുകയാണ്.