തിരുവനന്തപുരം: കേരളത്തിലെ മൂന്നാമത്തെ അന്താരാഷ്ട്ര തുറമുഖം കണ്ണൂർ അഴീക്കലിനു സമീപം സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക നടപടികൾക്കു തുടക്കമായി. കേരളത്തിലെ ആദ്യ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര തുറമുഖമായ അഴീക്കൽ തുറമുഖ നിർമാണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച കന്പനിയായ മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
പദ്ധതിയുടെ തുടർന്നുള്ള ഘട്ടങ്ങളിലെ വികസനത്തിന് സർക്കാരിന് അധിക സാന്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാൻ നിർമാണ കന്പനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം പദ്ധതിയുടെ തുടക്കം മുതൽതന്നെ സർക്കാരിന് ഷെയർ ചെയ്യേണ്ടതാണെന്ന വ്യവസ്ഥ ഇഒഐയിൽ ഉൾപ്പെടുത്തും. കേന്ദ്രസർക്കാരിൽനിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാക്കുന്നതിനും തത്വത്തിൽ അംഗീകാരം നൽകി.
അഴീക്കൽ മത്സ്യബന്ധന തുറമുഖത്തുനിന്ന് 2.5 കിലോമീറ്ററോളം മാറി അഴിമുഖം ഭാഗത്തായാണ് നിർദിഷ്ട തുറമുഖം വിഭാവനം ചെയ്യുന്നത്. സംസ്ഥാന തുറമുഖ വകുപ്പിനു കീഴിൽ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂർ അഴീക്കൽ അന്താരാഷ്ട്ര ഗ്രീൻഫീൽഡ് പോർട്ടും അതോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ പാർക്ക്, പ്രത്യേക സാന്പത്തിക മേഖലകൾ എന്നിവയുടെ വികസനവും. ഇതിനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആൻഡ് സെസ് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക കന്പനി മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ചിട്ടുണ്ട്.
14.1 മീറ്റർ ആഴമുള്ളതും 5000 ടിഇയു വരെ ശേഷിയുള്ള പനാമാക്സ് വലിപ്പമുള്ള കണ്ടയ്നർ കപ്പലുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലുമുള്ള തുറമുഖ വികസനവും വ്യവസായ പാർക്കുകൾ, പ്രത്യേക സന്പത്തിക മേഖലകൾ വഴി മലബാറിന്റെ വ്യവസായ വാണിജ്യ വികസനവുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.
പദ്ധതിപ്രദേശത്തെ വിശദമായ മണ്ണുപരിശോധന (ജിയോ ടെക്നിക്കൽ ഇൻവസ്റ്റിഗേഷൻ) പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് 2022 ജനുവരിയിൽ ലഭിച്ചിട്ടുണ്ട്. തുടർന്ന് സാങ്കേതിക കണ്‍സൾട്ടന്റ് സമർപ്പിച്ച ഡിസൈൻ റിപ്പോർട്ട് പ്രകാരം പുലിമുട്ട് ഡിസൈൻ മാറ്റങ്ങൾ വരുത്തേണ്ടതാണെന്ന് കണ്ടു.
ഐഐടി മദ്രാസ് പരിശോധിച്ച് ബ്രേക്ക് വാട്ടർ ഫൗണ്ടേഷൻ മാറ്റിക്കൊണ്ടുള്ള ശിപാർശകളോടെ ഡിസൈൻ റിപ്പോർട്ട് സാങ്കേതിക കണ്‍സൾട്ടന്റ് തയാറാക്കി. വിശദമായ പരിസ്ഥിതി പഠനങ്ങളും മറ്റു നടപടിക്രമങ്ങളും പുരോഗമിച്ചുവരുന്നു.