മലപ്പുറം : പി.വി.അൻവറിനെ അനുനയിപ്പിച്ച് ഒപ്പംകൂട്ടാൻ നീക്കവുമായി കോൺഗ്രസ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പി.വി.അൻവറുമായി ശനിയാഴ്ച രാത്രി കൂടിക്കാഴ്ച നടത്തി.
അൻവറിന്റെ ഒതായിലെ വീട്ടിൽവച്ചായിരുന്നു കൂടിക്കാഴ്ച. പിണറായിസത്തെ തോൽപ്പിക്കാൻ ഒന്നിച്ചു നിൽക്കണമെന്ന് രാഹുൽ അൻവറിനോട് ആവശ്യപ്പെട്ടു. യുഡിഎഫിലേക്കില്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്.
വി.ഡി.സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നുമായിരുന്നു ഇന്നലെ അൻവർ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ വൈകുന്നേരത്തോടെ നിലമ്പൂരിൽ മത്സരിക്കുന്ന കാര്യത്തിൽ അൻവർ മലക്കം മറിഞ്ഞു.
ഇതോടെയാണ് കോൺഗ്രസ് നേതൃത്വം അനുനയ നീക്കം ശക്തമാക്കിയത്. പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ വി.ഡി. സതീശന് വീഴ്ച പറ്റിയെന്ന അഭിപ്രായം ലീഗിനുണ്ട്.